Loading ...

Home Kerala

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയില്‍ ന്യായീകരിച്ചു. കോസ്മെറ്റിക് ചികിത്സയ്ക്ക് പോകുന്നത് തെറ്റല്ലെന്ന് വി.ഡി സതീശന്‍ സഭയില്‍ പറഞ്ഞു. സിനിമാ താരങ്ങളും സ്ത്രീകളും മാത്രമല്ല പുരുഷന്‍മാരും പോകും. വ്യാജ ഡോക്ടര്‍ ആണെന്ന് അറിഞ്ഞ് ആരെങ്കിലും മുഖം കൊണ്ട് കൊടുക്കുമോ എന്ന് വി.ഡി സതീശന്‍ ചോദിക്കുന്നു.

ജനപ്രതിനിധികളും മറ്റും ഫോട്ടോ എടുക്കാന്‍ നിന്ന് കൊടുക്കും. പിന്നീടവര്‍ കേസുകളില്‍ പെട്ടാല്‍ ജനപ്രതിനിധികള്‍ക്കും ആ കച്ചവടത്തില്‍ പങ്കുണ്ടെന്ന് പറയാന്‍ കഴിയുമോ ? മോന്‍സന്റെ കൂടെയുള്ള മുന്‍ മന്ത്രിമാരുടെ ഫോട്ടോകളും വന്നിട്ടുണ്ട്. പക്ഷേ പ്രതിപക്ഷം അത് ആയുധമാക്കിയിട്ടില്ലെന്നും വി.ഡി സതീശന്‍ പറയുന്നു. ഫോട്ടോ വന്നതിന്റെ പേരില്‍ പൊതു പ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും രാഷ്ട്രീയമായി ഉപയോഗിക്കുകയാണെങ്കില്‍ അങ്ങനെ തന്നെ നേരിടുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

മാത്രമല്ല, 2020 ജനുവരിയില്‍ ഇന്റലിജന്‍സ് മുഴുവന്‍ തട്ടിപ്പിന്റെയും വിവരങ്ങള്‍ റിപ്പോര്‍ട്ടായി നല്‍കിയിരുന്നു. രണ്ടേ കാല്‍ വര്‍ഷക്കാലം പൊലീസ് എന്ത് ചെയ്യുകയായിരുന്നുവെന്ന് വി.ഡി സതീശന്‍ ചോദിക്കുന്നു. പരാതിക്കാര്‍ പറയുന്ന കാലത്ത് സുധാകരന്‍ എം.പിയല്ല. മോന്‍സണ്‍ ചെയ്യുന്നതെല്ലാം തെറ്റാണ് എന്ന് മനസ്സിലാക്കിയിട്ടും അറിഞ്ഞു കൊണ്ട് പോയവരുണ്ട്. പൊലീസുദ്യോഗസ്ഥര്‍ അങ്ങനെ പോയവരാണ്. അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും കെ.സുധാകരനുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും പ്രശ്നമില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

നേരത്തെ, മോന്‍സണ്‍ മാവുങ്കല്‍ വിഷയത്തില്‍ പ്രതിപക്ഷത്തെ മുഖ്യമന്ത്രി നിയമസഭയില്‍ പരോക്ഷമായി പരിഹസിച്ചിരുന്നു. മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പോയത് സുഖചികിത്സയ്ക്കല്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മോന്‍സണുമായി ബന്ധപ്പെട്ട പല വിവരങ്ങളും പൊതുജനത്തിന് അറിയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മോന്‍സണിന്റെ വീട്ടില്‍ ആരൊക്കെ എന്തിനൊക്കെയാണ് പോയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ഡിജിപി സന്ദര്‍ശിച്ച ശേഷം മോന്‍സണിനെപ്പറ്റി അന്വേഷിക്കാന്‍ ഇന്റലിജന്‍സിന് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യത്തിനായുള്ള മോന്‍സണിന്റെ നീക്കം പൊലീസ് പ്രതിരോധിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Related News