Loading ...

Home National

തമിഴ്‌നാട്ടില്‍ നവംബര്‍ ഒന്ന് മുതല്‍ സ്കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കും

ചെന്നൈ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കുന്നു. നവംബര്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സ്‌കൂളുകളില്‍ ഒമ്ബതാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് വിദ്യാര്‍ഥികള്‍ക്കും ഒക്ടോബര്‍ ഒന്ന് മുതല്‍ ക്ലാസ് തുടങ്ങിയിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിലാണ് നിലവില്‍ ക്ലാസുകള്‍.

അതേ സമയം ഒക്ടോബര്‍ നാലിന് സ്‌കൂളുകള്‍ തുറക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ വിശ്വാസികള്‍ക്ക് പ്രവേശിക്കാന്‍ കഴിയും. നഗരങ്ങളില്‍ എട്ട് മുതല്‍ 12 വരെയും ഗ്രാമങ്ങളില്‍ അഞ്ച് മുതല്‍ 12 -ാം തരം വരെയും ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.

കേരളത്തിലും സ്‌കൂളുകള്‍ തുറക്കാന്‍ മാര്‍ഗരേഖ പുറത്തിറങ്ങിയിരുന്നു. ഒക്ടോബര്‍ നാല് മുതല്‍ തന്നെയാണ് സംസ്ഥാനത്തും ക്ലാസുകള്‍ ആരംഭിക്കുന്നത്. ഒക്ടോബര്‍ പതിനഞ്ചോടെ എല്ലാ ക്ലാസുകളും ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

സ്കൂള്‍ തുറക്കുന്നതിന് വിവിധ തലങ്ങളിലെ ചര്‍ച്ചകളിലൂടെ വിശദമായ മാര്‍ഗരേഖ തയ്യാറാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ആരോഗ്യ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിരുന്നു. അന്തിമ മാര്‍ഗരേഖയുടെ കാര്യത്തില്‍ ധാരണയായിട്ടുണ്ടെന്നു മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ഷിഫ്റ്റ് സംവിധാനം അടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ അധ്യാപക വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തിയശേഷം അടുത്ത മാസം അഞ്ചിനുള്ളില്‍ മാര്‍ഗരേഖ പ്രസിദ്ധീകരിക്കും.

സ്കൂള്‍ തുറക്കലില്‍ വിദ്യാഭ്യാസ വകുപ്പ് ഗതാഗത വകുപ്പുമായി ചൊവ്വാഴ്ച വൈകിട്ട് ചര്‍ച്ച നടത്തും. എല്ലാ മേഖലകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. സ്കൂളുകളിലേക്ക് മാത്രമുള്ള കെഎസ്‌ആര്‍ടിസി സ്പെഷ്യല്‍ സര്‍വീസിലും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തിലും യോഗത്തില്‍ തീരുമാനമുണ്ടാകും. ഒന്നരവര്‍ഷമായി ഉപയോഗിക്കാതെ കിടക്കുന്ന സ്കൂള്‍ ബസ്സുകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കുന്നതി
നുള്ള നടപടികളും യോഗത്തില്‍ ഉണ്ടാകും.

അതേസമയം ക്ലാസുകള്‍ രാവിലെ 10 മുതല്‍ മൂന്നു മണിക്കൂര്‍ ആയിരിക്കുമെന്നാണ് സൂചന. ഒന്നിടവിട്ട ദിവസങ്ങളില്‍ 50 ശതമാനം കുട്ടികളെ ഉള്‍ക്കൊള്ളിച്ച്‌ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്തുന്നതാണ് സജീവ പരിഗണനയിലുള്ളത്.
എന്നാല്‍ സ്കൂളിലെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ മാറ്റം ഉണ്ടാകും. കൂടുതല്‍ കുട്ടികളുള്ള സ്കൂളുകളില്‍ ഒരു ഷിഫ്റ്റിലെ കുട്ടികളുടെ എണ്ണം 50 ശതമാനത്തിനു താഴെ ആക്കുന്നതും പരിഗണനയിലുണ്ട്. പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇടയില്‍ സമ്ബര്‍ക്ക സാധ്യത കൂടുതലായതിനാല്‍ ഇവിടങ്ങളിലും ഒരു ഷിഫ്റ്റിലെ കുട്ടികളുടെ എണ്ണം പരമാവധി കുറയ്ക്കാന്‍ ആകുമോ എന്നും പരിശോധിക്കും.

ഒന്നര വര്‍ഷമായി അടഞ്ഞുകിടക്കുന്ന സ്കൂളുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും ആണ് വിദ്യാഭ്യാസ വകുപ്പ് നേരിടുന്ന മറ്റൊരു വെല്ലുവിളി. അതിനാല്‍ സ്കൂളുകളിലെ നവീകരണ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ പൂര്‍ണ സഹകരണത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ക്ക് ഉടന്‍ അന്തിമരൂപം നല്‍കും.

Related News