Loading ...

Home Education

ചുഴലിക്കാറ്റിന്റെ നാമകരണം

അന്തരീക്ഷത്തിന്റെ ഒരു ഭാഗത്ത് കുറഞ്ഞമര്‍ദ്ദവും ചുറ്റുമുള്ള പ്രദേശങ്ങളില്‍ കൂടിയ മര്‍ദ്ദവും അനുഭവപ്പെടുമ്പോള്‍, കുറഞ്ഞ മര്‍ദ്ദ കേന്ദ്രത്തിലേയ്ക്ക് ചുഴറ്റിയടിക്കുന്ന അതിശക്തമായ കാറ്റിനെയാണ് ചക്രവാതം (സൈക്ലോണ്‍) എന്ന് വിശേഷിപ്പിക്കുന്നത്. കോറിയോളിസ് ഇഫക്ട് (ഫെറല്‍സ് ലോ) പ്രകാരം ഭൂമിയുടെ ഭ്രമണഫലമായി ഉത്തരാര്‍ധ ഗോളത്തില്‍ ചക്രവാതങ്ങള്‍ സഞ്ചാരദിശയുടെ വലത്തേയ്ക്കും ദക്ഷിണാര്‍ധ ഗോളത്തില്‍ ഇടത്തേയ്ക്കും വ്യതിചലിക്കുന്നു.
രൂപംകൊള്ളുന്ന പ്രദേശത്തിന്റെ അടിസ്ഥാനത്തില്‍ ചക്രവാതങ്ങളെ ഉഷ്ണചക്രവാതങ്ങള്‍, മിതോഷ്ണ ചക്രവാതങ്ങള്‍ എന്ന് തരംതിരിച്ചിരിക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ചക്രവാതങ്ങളെ ഉഷ്ണമേഖല ചക്രവാതങ്ങള്‍ (സൈക്ലോണ്‍) എന്നാണ് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. ദക്ഷിണ ചൈനാക്കടലില്‍ ഉണ്ടാകുന്ന ചക്രവാതമാണ് ടൈഫൂണ്‍ (ഠ്യുവീീി). മെക്‌സിക്കോയിലും വെസ്റ്റിന്‍ഡീസിലും ഉണ്ടാകുന്ന ഉഷ്ണമേഖല ചക്രവാതത്തെ ‘ഹരിക്കെയിന്‍’ എന്ന് വിളിച്ചുവരുന്നു. ദക്ഷിണ പസഫിക്ക് സമുദ്രത്തില്‍, ഓസ്‌ട്രേലിയക്ക് വടക്കുപടിഞ്ഞാറായി ഉണ്ടാകുന്നതിനെ ‘വില്ലി – വില്ലീസ്’ എന്ന് വിളിക്കുന്നു.
ഏറ്റവും വിനാശകരവും ഏതാണ്ട് 400 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞടിക്കുന്നതുമായ കൊടുങ്കാറ്റിനെ ടൊര്‍ണാഡോ എന്ന് വിശേഷിപ്പിക്കുന്നു. 300 മുതല്‍ 400 മീറ്റര്‍ വരെ വ്യാസം വരുന്ന ടൊര്‍ണാഡോ ചോര്‍പ്പിന്റെ ആകൃതിയില്‍ മേഘങ്ങളുടെ അടിഭാഗത്ത് രൂപം കൊള്ളുന്നു. അമേരിക്കയിലാണ് ഇത് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്.
രണ്ടായിരത്തിലാണ് ണങഛ (വേള്‍ഡ് മീറ്റിയിറോളജിക്കല്‍ ഓര്‍ഗനൈസേഷന്‍) യും ഋടഇഅജ (യുണൈറ്റഡ് നേഷന്‍ ഇക്കണോമിക് ആന്റ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യ ആന്റ് പസഫിക്) ഉം ചേര്‍ന്ന് ഉഷ്ണമേഖലാപ്രദേശത്തെ ചുഴലിക്കാറ്റിന് പേരിട്ടു തുടങ്ങിയത്. മുന്നറിയിപ്പും പ്രവചനവും ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ ഓരോ ചുഴലിക്കാറ്റിനും പേര് നല്കുന്നത് സൗകര്യപ്രദമായിരിക്കും എന്ന് മനസ്സിലാക്കിയാണ് ഈ രീതി തുടരുന്നത്.
ആഗോളതലത്തില്‍ സൈക്ലോണിനു പേരു നല്കുന്നതിനായി 9 പ്രദേശങ്ങളായിട്ടാണ് തരം തിരിച്ചിട്ടുള്ളത്. നോര്‍ത്ത് അത്‌ലാന്റിക്, ഈസ്റ്റേണ്‍ നോര്‍ത്ത് പസഫിക്, സെന്‍ട്രല്‍ നോര്‍ത്ത് പസഫിക്, വെസ്റ്റേണ്‍ നോര്‍ത്ത് പസഫിക്, നോര്‍ത്ത് ഇന്‍ഡ്യന്‍ ഓഷ്യന്‍, സൗത്ത് വെസ്റ്റ് ഇന്‍ഡ്യന്‍ ഓഷ്യന്‍, ആസ്‌ട്രേലിയ, സതേണ്‍ പസഫിക്, സൗത്ത് അറ്റ്‌ലാന്റിക്ക് എന്നിവയാണ് മേഖലകള്‍.
നോര്‍ത്ത് ഇന്‍ഡ്യന്‍ ഓഷ്യന്‍ മേഖലയിലെ പേര് നിര്‍ദ്ദേശിക്കുന്നത് 8 രാജ്യങ്ങളാണ്. ഇന്‍ഡ്യ, ബംഗ്ലാദേശ്, മാലദ്വീപ്, മ്യാന്‍മാര്‍, ഒമാന്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, തായ്‌ലാന്റ്. ഓരോ രാജ്യത്തിനും 8 പേരുകളടങ്ങിയ പട്ടിക സമിതിക്കു മുന്‍പില്‍ സമര്‍പ്പിക്കാം. ഓരോ രാജ്യവും നല്‍കിയ പട്ടികയില്‍ നിന്ന് തിരഞ്ഞെടുത്ത ഒരു പേരാണ് ആവര്‍ഷത്തെ സൈക്ലോണിന് നല്‍കുന്നത്. ഓരോ രാജ്യവും ശുപാര്‍ശ ചെയ്ത പേര് ക്രമമനുസരിച്ച് ചുഴലിക്കാറ്റിന് നല്കി വരുന്നു.
കഴിഞ്ഞകാലത്ത് വടക്ക് കിഴക്ക് ഇന്‍ഡ്യന്‍ സമുദ്രത്തിലുണ്ടായ കൊടുങ്കാറ്റ് ‘മോറ’ തീരദേശത്ത് വെള്ളപ്പൊക്കവും കനത്ത നാശനഷ്ടവുമുണ്ടാക്കിയിരുന്നു. തായ്‌ലാന്റ് ശുപാര്‍ശ ചെയ്ത പട്ടികയിലെ പേരാണിത്. കഴിഞ്ഞദിവസമുണ്ടായ വിനാശകരമായ ചുഴലിക്കാറ്റിന് ബംഗ്ലാദേശ് നിര്‍ദ്ദേശിച്ച ‘ഓഖി’ എന്ന നാമമാണ് നല്കിയിട്ടുള്ളത്. അടുത്ത സൈക്ലോണിന് ഇന്ത്യ നിര്‍ദ്ദേശിച്ച ‘സാഗര്‍’ എന്ന പേരാണ് നല്കുവാന്‍ പോകുന്നത്. അതിനടുത്തതിനെ ‘ഡെയ്’ എന്നാണ് വിളിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. മ്യാന്‍മാര്‍ മുന്നോട്ടുവച്ച പേരാണിത്. ഒരു ചുഴലിക്കാറ്റ് വിനാശകരമായിത്തീര്‍ന്നാല്‍ പിന്നീട് ആ പേര് ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയാണ് ചെയ്യുന്നത്. ആ പേര് ആവര്‍ത്തിക്കുകയില്ല. പക്ഷെ വിനാശകരമല്ലാത്ത ചുഴലിക്കാറ്റിന്റെ നാമം പിന്നീടൊരവസരത്തില്‍ ആവര്‍ത്തിക്കാം.

ഡോ. എസ് ശ്രീകുമാര്‍
അസോസിയേറ്റ് പ്രൊഫസര്‍ റിട്ടയേര്‍ഡ്
ജിയോളജി വകുപ്പ്
ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട

Related News