Loading ...

Home Kerala

ചെങ്ങറ ഭൂസമര നേതാവ് ളാഹ ഗോപാലന്‍ അന്തരിച്ചു

പത്തനംതിട്ട: ചെങ്ങറ ഭൂസമര നേതാവ് ളാഹ ഗോപാലന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. കോവിഡ് ബാധിതനായി പത്തനംതിട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് രാവിലെ 10 മണിയോടെ അന്ത്യം.

ചെങ്ങറ ഭൂ സമരത്തിലൂടെയാണ് അദ്ദേഹം ഭൂ സമരത്തിലേക്ക് ഇറങ്ങിയത്. ഒട്ടേറെ ഭൂസമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുള്ള ഗോപാലന്‍ കുറച്ചുകാലമായി ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. സമരസമിതിയിലെ വിഭാഗീയതയെ തുടര്‍ന്ന് അഞ്ചു വര്‍ഷം മുന്‍പ് ചെങ്ങറ സമരത്തില്‍ നിന്ന് പിന്മാറിയിരുന്നു.

പത്തനംതിട്ട ജില്ലയിലെ ചെങ്ങറ എന്ന സ്ഥലത്തിനടുത്തുള്ള ഹാരിസണ്‍സ് മലയാളം എസ്റ്റേറ്റില്‍ സാധുജന വിമോചന സംയുക്ത വേദിയുടെയും, ളാഹ ഗോപാലന്റെയും സലീന പ്രാക്കാനത്തിന്റെയും നേതൃത്വത്തില്‍ അയ്യായിരത്തോളം ആളുകളാണ് 2007 ഓഗസ്റ്റ് 4-നായിരുന്നു ചെങ്ങറ ഭൂസമരം നടത്തിയത്. എസ്റ്റേറ്റിന്റെ കുറുമ്ബറ്റി ഡിവിഷനില്‍ 143 ഹെക്ടറോളം ഭൂമിയാണ് സമരക്കാര്‍ കയ്യേറി കുടില്‍ കെട്ടിയത്. രാത്രി 11 മണിയോടെയായിരുന്നു കുടില്‍ കെട്ടി സമരം തുടങ്ങിയത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒന്നും നേരിട്ടുള്ള സഹകരണമില്ലാതെ നടന്ന ഈ സമരം പിന്നീട് വലിയ മാധ്യമശ്രദ്ധ നേടുകയും രാഷ്ട്രീയ-സാമൂഹിക വേദികളില്‍ ചര്‍ച്ചാ വിഷയമാവുകയും ചെയ്തിരുന്നു 2009 ഒക്ടോബര്‍ 5-ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘവുമായി സാധുജന വിമോചനമുന്നണി പ്രതിനിധികള്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.

Related News