Loading ...

Home Kerala

കോട്ടൂളിയിലെ തണ്ണീര്‍ത്തടങ്ങള്‍ക്ക് മരണമണി; ചതുപ്പുകള്‍ വ്യാപകമായി നികത്തുന്നു

കോഴിക്കോട്: കോട്ടൂളി പറയഞ്ചേരിയില്‍ തണ്ണീര്‍ത്തടം മണ്ണിട്ട് നികത്താന്‍ നീക്കം. ചതുപ്പില്‍ ലോഡ് കണക്കിന് ക്വാറി അവശിഷ്ടങ്ങള്‍ തള്ളിയ നിലയിലാണ്. എസ്കവേറ്ററും ലോറിയും റവന്യൂ വകുപ്പ് കസ്റ്റഡിയിലെടുത്തു. കോട്ടൂളി വില്ലേജില്‍ മൂന്നേക്കറോളം വരുന്ന തണ്ണീര്‍ത്തടം മണ്ണിട്ട് നികത്താനാണ് നീക്കം നടക്കുന്നത്.

ഇന്നലെ രാത്രിയില്‍ ലോഡ് കണക്കിന് ക്വാറി അവശിഷ്ടങ്ങള്‍ അരയിടത്തുപാലം പറയഞ്ചേരി ചതുപ്പില്‍ തള്ളിയിരുന്നു. കുന്നുകളും മലകളും ഇടിച്ചു നിരത്തി മണ്ണിവിടെ കൊണ്ടുവന്ന് തള്ളുന്നു. നികത്താന്‍ ഉപയോഗിച്ച എസ്കവേറ്ററും ലോറിയും റവന്യൂ വകുപ്പ് കസ്റ്ററ്റഡിയിലെടുത്തു. ഡാറ്റാ ബാങ്കിലുള്‍പ്പെട്ട തണ്ണീര്‍ത്തടമായതിനാല്‍ തരം മാറ്റാന്‍ അനുമതി നിഷേധിച്ച സ്ഥലമാണ്. കണ്ടല്‍ക്കാടുകള്‍ വ്യാപകമായി നശിപ്പിച്ച ശേഷമാണ് മണ്ണിട്ട് നികത്തല്‍. കോഴിക്കോട് നഗരത്തിലെ പ്രധാന ജലസംഭരണ പ്രദേശമാണ് കോട്ടൂളി തണ്ണീര്‍ത്തടം.

വയലുകളെല്ലാം നികത്തി ആകാശംമുട്ടെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടേയിരിക്കുകയാണ്. എന്നാല്‍ ഓരോ ദിവസം ചെല്ലുംതോറും കുടിക്കാന്‍ വെള്ളമില്ലാതെ ജലക്ഷാമം ഏറെ രൂക്ഷമായിതീര്‍ന്നിട്ടും തണ്ണീര്‍ത്തടങ്ങളൊക്കയും ദിനംതോറും ഇല്ലാതാക്കി കൊണ്ടിരിക്കുന്നു.

കോട്ടൂളി തണ്ണീര്‍ത്തടം നാശത്തിന്‍റെ വക്കിലെത്തിയിരിക്കുകയാണ്. മണ്ണിട്ടു നികത്തുന്നതിനു പുറമെ കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സരോവരം ബയോപാര്‍ക്കിനു സമീപമുള്ള കണ്ടല്‍ക്കാടുകളാണ് നശിപ്പിക്കുന്നത്. നിലവില്‍ തണ്ണീര്‍ത്തടത്തിനു സമീപം നിര്‍മ്മാണ പ്രവൃത്തി നടക്കുന്നുണ്ട്. അതിനായുള്ള മണ്ണാണ് നികത്താന്‍ ഉപയോഗിക്കുന്നത്. തണ്ണീര്‍ത്തടം നികത്തുന്നതില്‍ നേരത്തെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല.

നിലവില്‍ വ്യാപകമായ പരാതിയെ തുടര്‍ന്ന് തണ്ണീര്‍ത്തടം നികത്തുന്നത് നിര്‍ത്തിവെക്കാനും തള്ളിയ മണ്ണ് നീക്കം ചെയ്യാനും നടപടിയെടുക്കണെമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പാരിസ്ഥിതിക സംരക്ഷണത്തില്‍ തണ്ണീര്‍ത്തടങ്ങള്‍ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല. ജലശുചീകരണം, വെള്ളപ്പൊക്ക നിയന്ത്രണം, തീരസംരക്ഷണം തുടങ്ങി നിരവധിയാണ് തണ്ണീര്‍ത്തടങ്ങളുടെ ധര്‍മ്മം. ജൈവവൈവിധ്യം കൊണ്ടും അപൂര്‍വ്വമായ സമ്ബന്നമായ തണ്ണീര്‍ത്തടം നശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.

Related News