Loading ...

Home Kerala

പട്ടിക വര്‍ഗ വകുപ്പിന്‍റെ അനാസ്ഥ: പ്രവേശന ഫീസ് അടക്കാനില്ലാതെ ഡിഗ്രി പഠനം മുടങ്ങി ആദിവാസി വിദ്യാര്‍ഥികള്‍

കൊച്ചി: പ്രവേശന ഫീസ് അടക്കാന്‍ പണമില്ലാതെ ഡിഗ്രി പഠനം മുടങ്ങി നൂറുകണക്കിന് ആദിവാസി വിദ്യാര്‍ഥികള്‍. പ്രവേശനം ലഭിക്കണമെങ്കില്‍ ഓണ്‍ലൈനായി ആദ്യം അപേക്ഷ നല്‍കണം. പിന്നീട് സീറ്റ് ഉറപ്പിക്കാന്‍ സര്‍വകാശാല നിര്‍ദേശിക്കുന്ന ഫീസും അടക്കണം.

താല്‍ക്കാലിക (ടെമ്പററി) അഡ്മിഷന്‍ എടുക്കണമെങ്കില്‍ കോളജില്‍ എത്തണം. ഉദാഹരണമായി വയനാട്ടിലെ വിദ്യാര്‍ഥി കൊല്ലത്ത് കോളജില്‍ വരണമെങ്കില്‍ യാത്രക്കൂലി വേണം. പിന്നീട് സ്ഥിരം അഡ്മിഷന് മറ്റൊരു കോളജില്‍ പോകണം. അതിനെല്ലാമുള്ള യാത്രക്കോ ഭക്ഷണത്തിനോ താമസിക്കാനുള്ള സൗകര്യത്തിനോ പണമില്ലാതെ വലയുകയാണ് ആദിവാസി വിഭാഗങ്ങള്‍.

വയനാട്ടിലെ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍ വലിയൊരു ശതമാനം വിദ്യാര്‍ഥികള്‍ അപേക്ഷ പോലും നല്‍കാനാവതെ പുറത്താണെന്ന് ആദിശക്തി കോഓഡിനേറ്റര്‍ ലിന്‍ഡ മാധ്യമത്തോട് പറഞ്ഞു. കുടുംബത്തിലെ അംഗങ്ങള്‍ക്ക് നാട്ടില്‍ ജോലിയില്ല. നഗരത്തിലെ കോളജിലെത്താന്‍ വണ്ടിക്കൂലിക്ക് പോലും കൈയില്‍ പണമില്ല.

സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ കിറ്റില്‍ ജീവിതം നിലനിര്‍ത്തുന്നവരുടെ മുന്നില്‍ ഡിഗ്രി പഠനം ബാലികേറാമലയായി. യൂനിവേഴ്സിറ്റി ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളെ കൈയൊഴിഞ്ഞു. ഓട്ടോണമസ് കോളജില്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ നല്‍കാന്‍ ഒരുവിഷയത്തിന് 250 രൂപവേണം. അഞ്ച് വിഷയത്തിന് അപേക്ഷ നല്‍കുന്ന വിദ്യാര്‍ഥിക്ക് 1250 വേണം. വണ്ടിക്കൂലി അടക്കമുള്ള മറ്റ് ചെലവുകള്‍ക്ക് 2000 രൂപയെങ്കിലും ചെലവാകും. 250 രൂപ പോലും കൈയിലില്ലാത്തതിനാല്‍ എങ്ങനെ അപേക്ഷ നല്‍കുമെന്ന്​ ഇവര്‍ ചോദിക്കുന്നു.

സെല്‍ഫ് ഫിനാന്‍സിങ് കോഴ്സുകളില്‍ ചേര്‍ന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാനാവുന്നില്ല. ന്യൂ ജനറേഷന്‍ കോഴ്സുകള്‍ക്ക് പട്ടികവര്‍ഗ വകുപ്പ് നല്‍കുന്ന ഫീസ് അപര്യാതമാണ്. അതിനാല്‍, പുതിയ കാലത്തെ പുതിയ കോഴ്സുകളില്‍ ചേരാന്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് കഴിയുന്നില്ല. മികച്ച പല കോഴ്സുകളിലും പഠിക്കാന്‍ വിദ്യാര്‍ഥികള്‍ മുഴുവന്‍ ഫീസും സര്‍ക്കാര്‍ നല്‍കുന്നില്ല.

ഉദാഹരണമായി എം.എസ്.ഡബ്ല്യു കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ഥി ആദ്യ സെമസ്റ്ററിനുള്ള 44,000 രൂപ ആദ്യം തന്നെ കൊടുക്കണം. ആകെ പഠിക്കുമ്ബോള്‍ സര്‍ക്കാര്‍ നല്‍കുന്ന പണം ഇതിന്​ പോര. 22,000 രൂപ അധികമായി കണ്ടെത്തേണ്ടിവരുന്നു. സ്വന്തം വീട്ടില്‍നിന്ന് ഇത്​ കണ്ടെത്താനാവില്ല. പട്ടിക വര്‍ഗ വകുപ്പിന്‍റെ ലാപ്ടോപ്പ് വിതരണത്തിലും അനാസ്ഥയാണ്. പഠനം തുടങ്ങുമ്ബോഴാണ് വിദ്യാര്‍ഥികള്‍ക്ക് ആവശ്യം. പലപ്പോഴും അത് വൈകുന്നു.

പി.ജി കോഴ്സുകള്‍ക്ക് എന്‍ട്രന്‍സ് എഴുതാന്‍ പോകുമ്പോള്‍ നല്‍കേണ്ട യാത്രാച്ചെലവ് ഒരുവര്‍ഷം കഴിഞ്ഞാണ് പട്ടികവര്‍ഗ്ഗ വകുപ്പ് നല്‍കുന്നത്. ജില്ല വിട്ടുപോകേണ്ടിവരുന്ന വിദ്യാര്‍ഥികള്‍ക്ക് ചെലവിന് മിനിമം തുക പട്ടികവര്‍ഗ വകുപ്പ് മുന്‍കൂറായി അനുവദിക്കേണ്ടതാണ്. കഴിഞ്ഞവര്‍ഷം 12 വിദ്യാര്‍ഥികള്‍ തുക ആവശ്യപ്പെട്ട് അപേക്ഷ ബത്തേരി ട്രൈബല്‍ ഓഫിസര്‍ക്ക് നല്‍കിയിരുന്നു.

വളരെ പെട്ടെന്ന് ജില്ലാ പ്ലാനിങ് ഓഫിസറെ കണ്ട് യോഗം വിളിച്ച്‌ ആ ഉദ്യോഗസ്ഥന്‍ തുക കൊടുക്കേണ്ടതില്ലെന്നാണ് തീരുമാനമെടുത്തത്. തുക എങ്ങനെ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് നല്‍കാതിരിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ ആലോചന. ഉദ്യോഗസ്ഥരുടെ ഫ്യൂഡല്‍ മനോഭാവമാണ് അവിടെ തടസ്സമായതെന്നും ഇവര്‍ ആരോപിക്കുന്നു.

പ്രമോട്ടര്‍മാര്‍ക്ക് പലപ്പോഴും ഇക്കാര്യം പറയാനാവില്ല. ആദിവാസി വിദ്യാര്‍ഥികളുടെ പഠനം തടയാനുള്ള ഗൂഢാലോചനയാണ് പട്ടികവര്‍ഗ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ നടത്തുന്നത്.

ഓട്ടണമസ് കോളജുകളില്‍ പല വിഷയത്തിലും അധികൃതര്‍ 2000 - 5000 രൂപയാണ് വിദ്യാര്‍ഥികളോട് പല രശീത് നല്‍കി ആവശ്യപ്പെടുന്നത്. സര്‍ട്ടിഫിക്കറ്റ് പരിശോധന കഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ ഫീസ് അടക്കുന്ന സംവിധാനത്തിന്​ മുന്നിലെത്തുമ്ബോള്‍ പലതരം രസീതുകളാണ് അവരെ കാത്തിരിക്കുന്നത്.

അടക്കാന്‍ ആദിവാസികളുടെ കൈയില്‍ പണമുണ്ടാവില്ല. സാധാരണ സര്‍ക്കാര്‍ കോളജുകളില്‍ പഠനം സൗജന്യമായതിനാല്‍ ഓട്ടണമസ് കോളജിലും അത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികളെത്തുന്നത്. ഇരു സ്ഥാപനങ്ങളും തമ്മിലെ അന്തരം ആദിവാസികള്‍ക്കറിയില്ല.

ആദിവാസി വികസന ഫണ്ട് എങ്ങനെയും തട്ടിയെടുക്കാന്‍ പട്ടികവര്‍ഗ വകുപ്പിലെ സ്ഥിരം ലാവണം കണ്ടെത്തിയിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ട്. പട്ടിക വര്‍ഗ ഫണ്ട് ചെലവഴിക്കുന്നതില്‍ പകല്‍ക്കൊള്ളയാണ് ഇവര്‍ പലയിടത്തും നടത്തുന്നത്. എ.ജിയും ധനകാര്യ പരിശോധനാ വിഭാഗവും വകുപ്പിന്‍റെ ഓഡിറ്റ് വിഭാഗവും നടത്തിയ പരിശോധനകളില്‍ അഴിമിതിയുടെയും കെടുകാര്യസ്ഥയുടെയും ചിത്രമാണ് ചൂണ്ടിക്കാണിച്ചത്. ആദിവാസി വിദ്യാര്‍ഥികള്‍ പഠനത്തില്‍ മുന്നോട്ടുപോകുന്നത് ബോധപൂര്‍വം തടയാനാണ് ഈ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്​.

പട്ടികവര്‍ഗ ഡയറക്ടറേറ്റ് കോളജുകളുമായി നേരിട്ട് ഇടപെട്ട് ആദിവാസി വിദ്യാര്‍ഥികളുടെ അപേക്ഷാ ഫീസ് സര്‍ക്കാര്‍ നല്‍കണമെന്നാണ് ഗോത്ര മഹാസഭാ നോതാവ് എം. ഗീതാനന്ദന്‍ ആവശ്യപ്പെടുന്നത്. വകുപ്പ് മന്ത്രിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ ഈ പ്രശ്നം പട്ടികവര്‍ഗവകുപ്പിന് പരിഹരിക്കാവുന്നതാണ്. എന്നാല്‍, അത്തരമൊരു ഇടപെടല്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായില്ല.

ഇതിലൂടെ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ രംഗത്ത് കടന്നുവരാനുള്ള എല്ലാ വഴികളും ഭരണസംവിധാനം അടക്കുകയാണ്. ഫീസടക്കാനും മറ്റും പണമില്ലാതെ എത്ര ആദിവാസിക വിദ്യാര്‍ഥികളുടെ ഡിഗ്രി പ്രവേശനം മുടങ്ങിയെന്ന വിവരമെങ്കിലും പട്ടികവര്‍ഗ വകുപ്പും വകുപ്പ് മന്ത്രിയും അന്വേഷിക്കേണ്ടതുണ്ട്​.


Related News