Loading ...

Home National

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക്​ ഗോവയില്‍ അഞ്ചുദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീന്‍

പനാജി: കോവിഡ്​ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക്​ അഞ്ചുദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീന്‍ ഏര്‍പ്പെടുത്തി ഗോവ. വിദ്യാര്‍ഥികള്‍ക്കും ജോലി ആവശ്യങ്ങള്‍ക്ക്​ എത്തുന്നവര്‍ക്കും​ നിരീക്ഷണം ബാധകമാകും.

ഞായറാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ സംസ്​ഥാനത്ത്​ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സെപ്​റ്റംബര്‍ 20 വരെ നീട്ടി. തീരപ്രദേശത്ത്​ കാസിനോകളുടെ ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം നീട്ടി.

'കേരളത്തില്‍നിന്ന്​ വരുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അഞ്ച്​ ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധം' -വിജ്ഞാപനത്തില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക്​ ക്വാറന്‍റീന്‍ സൗകര്യങ്ങള്‍ വിദ്യഭ്യാസ സ്​ഥാപനങ്ങളിലെ അഡ്​മിനിസ്​ട്രേറ്റര്‍മാരോ പ്രിന്‍സിപ്പല്‍മാരോ ഏര്‍പ്പെടു​ത്തണമെന്നും പറയുന്നു.

ജീവനക്കാര്‍ക്ക്​ ബന്ധപ്പെട്ട ഓഫിസ്​ അധികൃതരോ കമ്ബനികളോ സ്​ഥാപനങ്ങളോ ക്വാറന്‍റീന്‍ സൗകര്യം ഏര്‍പ്പെടുത്തണം. അഞ്ചുദിവസത്തെ ക്വാറന്‍റീന്​ ശേഷം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

വിദ്യാര്‍ഥികളും ജീവനക്കാരും അല്ലാ​െത കേരളത്തില്‍ നിന്നെത്തുന്നവര്‍ ആര്‍.ടി.പി.സി.ആര്‍ ഹാജരാക്കണം. കൂടാതെ അഞ്ചുദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയുകയും വേണം. അതേസമയം, അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെട്ട്​ ഗോവയിലെത്തുന്നവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്​ഥര്‍ക്കും ക്വാറന്‍റീനില്‍ ഇളവ്​ ലഭിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

മേയ്​ ഒമ്ബതിനാണ്​ ഗോവയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏ​ര്‍പ്പെടുത്തിയത്​. പിന്നീട്​ അവ പലപ്പോഴായി നീട്ടുകയായിരുന്നു. സംസ്​ഥാനത്തെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക്​ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കാസിനോകള്‍ക്ക്​ ഉള്‍പ്പെടെ പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നില്ല.





Related News