Loading ...

Home National

ലോകത്ത് ഏറ്റവും തീവ്രമായ വായു മലിനീകരണം ഇന്ത്യയിൽ​;ആയുര്‍ദൈര്‍ഘ്യത്തെ ബാധിക്കുന്നതായി ഗവേഷകര്‍

വാഷിംഗ്ടണ്‍ : ലോകത്ത് ഏറ്റവും തീവ്രമായ വായുമലിനീകരണം അനുഭവിക്കുന്നത് ഇന്ത്യയിലെന്ന് പഠനം. വായുമലിനീകരണം കാരണം ഒരു വര്‍ഷത്തിനിടെ ലോകത്ത് പത്ത് ലക്ഷത്തിലധികം ആളുകളാണ് മരണപ്പെടുന്നത്. രാജ്യത്തെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും വായുമലിനീകരണം വര്‍ഷംതോറും വര്‍ദ്ധിച്ചുവരികയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഷിക്കാഗോ സര്‍വ്വകലാശാലയിലെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള ഗവേഷക സംഘമാണ് ഇത് സംബന്ധിച്ച്‌ പഠനം നടത്തിയത്.

ലോകാരോഗ്യ സംഘടന പുറത്തുവിട്ട വാര്‍ഷിക ശരാശരി മലിനീകരണ അളവില്‍ അധികമാണ് രാജ്യത്തെ മലിനീകരണത്തിന്റെ അളവ്. ഇന്ത്യയിലെ 1.3 ബില്യണ്‍ ജനങ്ങള്‍ ഇത് നേരിടുന്നുണ്ടെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 480 മില്യണോളം ഉത്തരേന്ത്യക്കാരാണ് മലിനീകരണത്തിന്റെ ഏറ്റവും മോശമായ അവസ്ഥ നേരിടുന്നത്. ഡല്‍ഹി, മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ സാധാരണക്കാരെ ഇത് തീവ്രമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം രാജ്യത്ത് വായുമലിനീകരണം നിയന്ത്രിക്കാന്‍ സാധിച്ചാല്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് പത്ത് വര്‍ഷത്തെ ആയുസ്സ് വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ മലിനീകരണത്തിന്റെ തോത് ഈ രീതിയില്‍ തന്നെ മുന്നോട്ട് പോയാല്‍ 40 ശതമാനം ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം വീണ്ടും കുറയാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.

ഏറ്റവുമധികം മലീനികരണമുള്ള രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിലായി ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളാണ് നില്‍ക്കുന്നത്. ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ 2019 ല്‍ ആരംഭിച്ച ക്ലീന്‍ എയര്‍ പ്രോഗ്രാമിലൂടെ രാജ്യത്തെ മലിനീകരണത്തിന്റെ തോത് കുറയ്‌ക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Related News