Loading ...

Home National

ആകാശത്തിലെ അത്​ഭുതങ്ങള്‍ വ്യക്​തതയോടെ കാണാം; ആസ്​ട്രോ വില്ലേജാകാന്‍ ഒരുങ്ങി ഇന്ത്യന്‍ ഗ്രാമം

ആകാശത്തിലെ അത്​ഭുത കാഴ്​ചകള്‍​ സഞ്ചാരികള്‍ക്ക്​ മുന്നില്‍ വ്യക്​തതയോടെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്​ ഉത്തരാഖണ്ഡിലെ ഒരു ഗ്രാമം. ചമോലി ജില്ലയിലെ ബെനിറ്റാല്‍ ​ഗ്രാമമാണ്​ 'ആസ്​ട്രോ വില്ലേജായി' മാറ്റുന്നത്​. സമുദ്രനിരപ്പില്‍നിന്ന് 2600 മീറ്റര്‍ ഉയരത്തിലാണ്​ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്​.

സന്ദര്‍ശകര്‍ക്ക് ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, ജ്യോതിശാസ്ത്ര സംഭവങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വ്യക്​തമായ കാഴ്ചകള്‍ ഇവിടെനിന്ന്​ ലഭിക്കും. ഇതിനായി ദൂരദര്‍ശനികളും മറ്റു സംവിധാനങ്ങളും ഒരുക്കും.

സന്ദര്‍ശകര്‍ക്ക് യാത്ര സുഗമമാക്കാന്‍ റോഡുകള്‍, കോട്ടേജുകള്‍, റെസ്റ്റോറന്‍റുകള്‍, ടെന്‍റടിക്കാനുള്ള പ്ലാറ്റ്ഫോമുകള്‍, പാര്‍ക്കിങ്​ സ്ഥലങ്ങള്‍ എന്നിവ ടൂറിസം വകുപ്പ് നിര്‍മിക്കും. അഞ്ച്​ കോടി രൂപ ചെലവഴിച്ചാണ്​ പദ്ധതികള്‍ ഒരുക്കുന്നത്​.

ഇവിടെ ഒരുക്കേണ്ട സൗകര്യങ്ങള്‍, വരുത്തേണ്ട മാറ്റങ്ങള്‍ എന്നിവ മനസ്സിലാക്കാന്‍ ജില്ല മജിസ്​ട്രേറ്റ്​ ഹിമാന്‍ഷു ഖുറാനയുടെ നേതൃത്വത്തിലെ സംഘം പ്രദേശം സന്ദര്‍ശിച്ചു. പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്‍റെ ഭാഗമായി സിംലി മുതല്‍ ബെനിറ്റാല്‍ വരെയുള്ള റോഡ് ഉടന്‍ നന്നാക്കാന്‍ ഖുറാന നിര്‍ദേശിച്ചു. വിനോദ സഞ്ചാരികള്‍ക്ക്​ ഈ മേഖലയെക്കുറിച്ച്‌ അവബോധം നല്‍കാന്‍ പാതയോരങ്ങളില്‍ സൈന്‍ബോര്‍ഡുകള്‍ സ്​ഥാപിക്കാനും ആവശ്യപ്പെട്ടു.

തലസ്​ഥാനമായ ഡെറാഡൂണില്‍നിന്ന്​ 240 കിലോമീറ്റര്‍ അകലെയാണ്​ ഈ ഗ്രാമം. പ്രകാശ മലിനീകരണം കുറവായതിനാല്‍ ഉത്തരാഖണ്ഡിലെ നിരവധി ഗ്രാമങ്ങള്‍ വാനനിരീക്ഷണത്തിന്​ ഏറെ പ്രസിദ്ധമാണ്​.

Related News