Loading ...

Home Kerala

രാജിക്ക് കാരണം സിപിഐയും കോടതി പരാമർശങ്ങളുമെന്ന് തോമസ് ചാണ്ടി

ആലപ്പുഴ: ഭൂമി കൈയേറ്റ വിഷയങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഒരു ശതമാനം പോലും സത്യമില്ലെന്ന് മുൻമന്ത്രി തോമസ് ചാണ്ടി. കുട്ടനാട്ടിലെ സ്വന്തം വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.

വിഷയത്തിൽ സിപിഐ സ്വീകരിച്ച നിലപാട് മുന്നണി മര്യാദയുടെ നഗ്നമായ ലംഘനമാണ്. വാർത്ത കൊണ്ടുവന്ന ചാനലുകാരുമായി സിപിഐക്ക് ബന്ധമുണ്ടോയെന്ന് സംശയമുണ്ട്. കളക്ടറുടെ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് താൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടത്തിയ പരാമർശങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് ദിവസം മുൻപ് താൻ രാജിയെക്കുറിച്ച് ചിന്തിച്ചിരുന്ന് പോലുമില്ല. തനിക്കെതിരേ ഉണ്ടായ ആരോപണങ്ങൾ അന്വേഷിച്ച് സർക്കാരിന് കളക്ടർ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ ഗുരുതരമായ തെറ്റുകൾ കടന്നുകൂടിയിരുന്നു. ഇടക്കാല റിപ്പോർട്ട് എന്ന പേരിൽ തട്ടിക്കൂട്ടിയ റിപ്പോർട്ടാണ് സമർപ്പിക്കപ്പെട്ടത്. കൈയേറ്റ വിഷയത്തിൽ ഹൈക്കോടതി വിധി പ്രസ്താവം ലഭിച്ചാലുടൻ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ സർക്കാർ ഭൂമി കൈയേറി മണ്ണിട്ട് നികത്തിയെന്ന ആരോപണം തെറ്റാണ്. സർക്കാർ ഭൂമിക്ക് അപ്പുറവും ഇപ്പുറവുമായി കിടന്ന തന്‍റെ ഭൂമി മണ്ണിട്ട് ഉയർത്തിയപ്പോൾ നടുഭാഗം കുഴിയായി. സർക്കാർ ഉടമസ്ഥതയിലുള്ള ഈ ഭൂമി എല്ലാവരുടെയും സൗകര്യത്തിനായി മണ്ണിട്ട് ഉയർത്തുക മാത്രമാണ് ചെയ്തത്. തെറ്റ് ചെയ്തിട്ടില്ലെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ട്. കുറ്റവിമുക്തനായാൽ മന്ത്രിസ്ഥാനത്ത് തിരിച്ചുവരുമെന്നും ആരോപണം തെളിഞ്ഞാൽ എംഎൽഎ സ്ഥാനം കൂടി രാജിവച്ച് വീട്ടിൽപോകുമെന്ന നിലപാടിൽ മാറ്റമില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

Related News