Loading ...

Home Kerala

ഒടുവിൽ ചാണ്ടി രാജിവച്ചു

തിരുവനന്തപുരം: അഭ്യൂഹങ്ങൾക്കും നാടകങ്ങൾക്കും അവസാനമായി തോമസ് ചാണ്ടി ഒടുവിൽ രാജിവച്ചു. എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരനാണ് മന്ത്രിയുടെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. ഉച്ചയ്ക്ക് ശേഷം രണ്ടിന് വാർത്താ സമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിക്കാമെന്ന് പീതാംബരൻ മുഖ്യമന്ത്രിയുമായി നടകത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

നിരവധി രാഷ്ട്രീയ നീക്കങ്ങൾക്ക് ഒടുവിലാണ് തോമസ് ചാണ്ടി രാജിവച്ച് ഒഴിയുന്നത്. സ്ഥാനത്ത് തുടരാൻ ചാണ്ടി അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും മന്ത്രിസഭായോഗം ബഹിഷ്കരിച്ച് സിപിഐ സമ്മർദ്ദം ശക്തമാക്കിയതോടെ മറ്റ് വഴിയില്ലാതായി. ദേശീയ നേതൃത്വവുമായി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അനുവദിച്ച സമയത്തും രാജി ഒഴിവാക്കാനായിരുന്നു ചാണ്ടിയുടെ നീക്കം. എന്നാൽ രാജിയല്ലാതെ മറ്റ് വഴിയില്ലെന്ന് എൻസിപി സംസ്ഥാന നേതൃത്വും തീരുമാനിച്ചതോടെ തോമസ് ചാണ്ടി കീഴടങ്ങുകയായിരുന്നു.

രാവിലെ മന്ത്രിസഭായോഗത്തിന് ശേഷം തോമസ് ചാണ്ടിയുടെ ഒൗദ്യോഗിക വസതിയിൽ എൻസിപി സംസ്ഥാന നേതാക്കൾ യോഗം ചേർന്നു. ഈ യോഗത്തിന് ശേഷമാണ് ചാണ്ടി രാജിക്കത്ത് സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരന് കൈമാറിയത്. തുടർന്ന് കൊച്ചിക്ക് പോയ ചാണ്ടി തീരുമാനം സംസ്ഥാന നേതൃത്വം അറിയിക്കുമെന്ന് വ്യക്തമാക്കി. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി മന്ത്രിയുടെ രാജിക്കത്ത് കൈമാറായിത് പീതാംബരനാണ്.

പിണറായി വിജയൻ മന്ത്രിസഭയിൽ നിന്നും രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി. ഒന്നര വർഷത്തിനിടെ രണ്ടു എൻസിപി മന്ത്രിമാർ രാജിവച്ച് പുറത്തുപോയി എന്നതും ശ്രദ്ധേയമാണ്.

Related News