Loading ...

Home National

പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍ സ്വാതന്ത്ര്യസമര സേനാനികള്‍; പട്ടികയില്‍ നിന്ന് മാറ്റില്ല

കോഴിക്കോട്: സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് മലബാര്‍ സമരപോരാളികളെ ഒഴിവാക്കിയ വിവാദം കനക്കുന്നതിനിടെ, പുന്നപ്ര-വയലാര്‍ രക്തസാക്ഷികളെ പട്ടികയില്‍ നിന്ന് നീക്കില്ലെന്ന് ഐസിഎച്ച്‌ആര്‍. കയ്യൂര്‍, കരിവള്ളൂര്‍, കാവുമ്ബായി സമരങ്ങളിലെ രക്തസാക്ഷികളും പട്ടികയില്‍ തുടരും. ഐസിഎച്ച്‌ആര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദ ഹിന്ദുവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

'രക്തസാക്ഷികളുടെ നിഘണ്ടു: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം (1857-1947)' അഞ്ചാം വാള്യത്തിലെ പേരുകള്‍ പുനഃപരിശോധിക്കാനായി നിയമിച്ച പാനലാണ് മലബാര്‍ സമര നായകരുടെ പേര് വെട്ടാന്‍ ശിപാര്‍ശ ചെയ്തത്. ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലെ സമര രക്തസാക്ഷികളുടെ പേരാണ് അഞ്ചാം വോള്യത്തിലുള്ളത്. മലബാര്‍ സമരത്തില്‍ രക്തസാക്ഷികളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ തുടങ്ങി 387 പേരുടെ പേരുകളാണ് സമിതി വെട്ടാന്‍ ശിപാര്‍ശ നല്‍കിയിട്ടുള്ളത്.

പുന്നപ്ര-വയലാര്‍ സമരത്തിലെ 84 രക്തസാക്ഷികളുടെ പേരാണ് പുസ്തകത്തിലുള്ളത്. അമ്ബലപ്പുഴ-ചേര്‍ത്തല താലൂക്കുകളുടെ വിവിധ ഭാഗങ്ങളില്‍ ജന്മിമാര്‍ക്കെതിരെ കുടിയാന്മാരായ കര്‍ഷകരും കര്‍ഷകത്തൊഴിലാകളും നടത്തിയ സമരങ്ങളാണ് പുന്നപ്ര-വയലാര്‍ സമരങ്ങള്‍. തിരുവിതാംകൂറിനെ സ്വതന്ത്ര്യ ഇന്ത്യയില്‍ നിന്ന് വേറിട്ട് പ്രത്യേക രാജ്യമായി നിലനിര്‍ത്തുന്നതിനെതിരെ സമരക്കാര്‍ മുദ്രാവാക്യമുയര്‍ത്തിയിരുന്നു.

2020 മാര്‍ച്ചിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സാംസ്‌കാരിക മന്ത്രാലയം പുറത്തിറക്കിയ പുസ്തകം പ്രകാശനം ചെയ്തിരുന്നത്. പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും ഉടലെടുത്തു. ഇതിന് പിന്നാലെ മലബാര്‍ സമര രക്തസാക്ഷികളെയും പുന്നപ്ര-വയലാര്‍ രക്തസാക്ഷികളെയും പുനഃപരിശോധിക്കും എന്നാണ് ഐസിഎച്ച്‌ആര്‍ വ്യക്തമാക്കിയിരുന്നത്. പരിഷ്‌കരിച്ച പതിപ്പില്‍ നാനൂറിലേറെ പേരുകള്‍ ഉണ്ടാകില്ലെന്നും ചരിത്ര കൗണ്‍സില്‍ അറിയിച്ചിരുന്നു.

2009ല്‍ മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് രക്തസാക്ഷികളുടെ നിഘണ്ടു തയ്യാറാക്കാനുള്ള പദ്ധതിക്ക് ഐ.സി.എച്ച്‌.ആര്‍ രൂപംകൊടുത്തത്. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതല്‍ 1947 വരെ നടന്ന സ്വാതന്ത്ര്യസമരചരിത്രത്തിലെ രക്തസാക്ഷികളെ പരാമര്‍ശിക്കുന്നതായിരുന്നു നിഘണ്ടു. മലബാര്‍ കലാപവും ഇതിലുള്‍പ്പെടും.

Related News