Loading ...

Home National

എണ്ണക്കൊള്ള തുടരുന്നു; ക്രൂഡ്‌ ഓയില്‍ വില താഴ്‌ന്നിട്ടും ജനങ്ങളെ പിഴിയുന്നു

കൊച്ചി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ വില കുറയ്‌ക്കാതെ എണ്ണ കമ്ബനികള്‍. മൂന്നാഴ്‌ചക്കിടെ അസംസ്‌കൃത എണ്ണ വില ബാരലിന്‌ 75 ഡോളറില്‍ നിന്ന്‌ 69 ഡോളറായാണ്‌ കുറഞ്ഞത്‌. നാലു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്‌ അസംസ്‌കൃത എണ്ണ വിലയെങ്കിലും എണ്ണ കമ്ബനികളുടെ കടുംപിടുത്തം മൂലം ഉപയോക്‌താക്കള്‍ക്ക്‌ പ്രയോജനം ലഭിക്കുന്നില്ല. കഴിഞ്ഞ 24 ദിവസമായി വില താഴ്‌ന്നു നിന്നിട്ടും അതിന്റെ നേട്ടം ഉപയോക്‌താക്കള്‍ക്ക്‌ കൈമാറാന്‍ എണ്ണക്കമ്ബനികള്‍ തയാറായിട്ടില്ല.

കഴിഞ്ഞമാസം ജൂലൈ 17 നു ശേഷം ഇന്ധനവിലയില്‍ മാറ്റമുണ്ടായില്ല. 102.06 രൂപയാണ്‌ കൊച്ചിയില്‍ പെട്രോള്‍ വില. ഡീസലിന്‌ 94.82 രൂപ. ക്രൂഡ്‌ വില നാലു മാസം മുമ്ബ്‌ ബാരലിന്‌ 77 ഡോളര്‍ വരെ എത്തിയിരുന്നു. അതിന്റെ ചുവടുപിടിച്ച്‌ ഇന്ധനവില അനുദിനം വര്‍ധിപ്പിച്ചിരുന്നു. ക്രൂഡ്‌ ഓയില്‍ വില ഇടിയാന്‍ തുടങ്ങിയപ്പോഴാകട്ടെ പെട്രോള്‍, ഡീസല്‍ വില കുറച്ചതുമില്ല. കഴിഞ്ഞ ജൂലൈ 17 ന്‌ 74 ഡോളറായിരുന്നു ക്രൂഡ്‌ വില. പിന്നീട്‌ ഇതു കുറഞ്ഞുവന്ന്‌ 68 ഡോളറിലേക്ക്‌ എത്തുകയായിരുന്നു. ഒന്നര രൂപയോളം പെട്രോളിനും ഡീസലിനും കുറയേണ്ട സാഹചര്യമായിരുന്നു ഇതോടെ സംജാതമായത്‌. എന്നാല്‍, എണ്ണക്കമ്ബനികള്‍ വില കുറച്ചില്ല.ജനങ്ങളുടെ കീശപിഴിഞ്ഞ്‌ ഇന്ത്യന്‍ ഓയിലും ഹിന്ദുസ്‌ഥാന്‍ പെട്രോളിയവും ഭാരത്‌ പെട്രോളിയവും അടക്കമുള്ള എണ്ണക്കമ്ബനികള്‍ കൊള്ളലാഭമാണ്‌ 2020-21 കാലയളവില്‍ നേടിയത്‌. ലോക്ക്‌ഡൗണ്‍ മൂലം ഇന്ധനവില്‍പന കുറയുമ്ബോഴും ലാഭം കൂടുകയാണ്‌. അയല്‍രാജ്യങ്ങളായ പാകിസ്‌താനില്‍ പെട്രോള്‍ വില ലിറ്ററിന്‌ 52 രൂപയും ശ്രീലങ്കയില്‍ 69 രൂപയും ഭൂട്ടാനില്‍ 70 രൂപയും നേപ്പാളില്‍ 79 രൂപയുമാണ്‌.


പലരാജ്യങ്ങളിലും കോവിഡ്‌ ഡെല്‍റ്റ്‌ വകഭേദം പടരുകയും യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തതോടെയാണ്‌ ക്രൂഡ്‌ വില അന്താരാഷ്‌ട്ര വിപണിയില്‍ കുറഞ്ഞത്‌. അമേരിക്കയില്‍ കഴിഞ്ഞ ആറ്‌ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്‌ കോവിഡ്‌ കേസുകള്‍. ഡോളര്‍ ശക്‌തിയാര്‍ജിച്ചതും ക്രൂഡ്‌ വില കുറയാനിടയാക്കി.

Related News