Loading ...

Home Kerala

മുട്ടില്‍ മരംകൊള്ള; സര്‍ക്കാരിന്‍റെ നഷ്ട കണക്കില്‍ വൈരുധ്യം

മുട്ടില്‍ മരംകൊള്ളയിലെ നഷ്ടം സംബന്ധിച്ച സര്‍ക്കാരിന്‍റെ കണക്കില്‍ വൈരുധ്യം. പതിനഞ്ച് കോടിയുടെ നഷ്ടമെന്നായിരുന്നു വനംവകുപ്പിന്‍റെ റിപ്പോര്‍ട്ട്. എന്നാല്‍ പൊലീസ് കോടതിയില്‍ നല്‍കിയ കണക്കില്‍ എട്ടുകോടിയുടെ നഷ്ടമെന്നാണ് രേഖപ്പെടുത്തിയത്. കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി. മുട്ടില്‍ മരം മുറി കേസില്‍ ഇന്നലെ അറസ്റ്റിലായ റോജി അഗസ്റ്റില്‍, ആന്‍റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍, ഡ്രൈവര്‍ വിനീഷ് എന്നിവരെ രാവിലെ പത്ത് മണിയോടെയാണ് സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയത്. 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്ത പ്രതികള്‍ക്ക് അമ്മയുടെ ശവസംസ്കാര ചടങില്‍ പങ്കെടുക്കാന്‍ കോടതി അനുവാദം നല്‍കിയെങ്കിലും പൊലീസ് സാന്നിധ്യത്തില്‍ ഇതിന് തയ്യാറല്ലെന്ന പ്രതികളുടെ നിലപാട് സംഘര്‍ഷത്തിനിടയാക്കി. ഏറെ നേരത്തെ വാഗ്വാദത്തിന് ശേഷം പ്രതികളെ പൊലീസ്‌ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി. പ്രതികള്‍ പങ്കെടുക്കാത്തതിനാല്‍ ഇന്നലെ മരിച്ച അമ്മയുടെ സംസ്കാര ചടങ്ങ് ഉടന്‍ നടത്തില്ലെന്നും മേല്‍ കോടതിയില്‍ ഹരജി നല്‍കുമെന്നുമുള്ള നിലപാടിലാണ് ബന്ധുക്കള്‍. അതിനിടെ കോടതിയില്‍ സമര്‍പ്പിച്ച പൊലീസ് റിപ്പോര്‍ട്ടില്‍ പ്രതികളുടെ നടപടി മൂലം എട്ട് കോടി രൂപയുടെ നഷ്ടമുണ്ടായെന്ന പരാമര്‍ശം വിവാദമായി. 15 കോടിയുടെ നഷ്ടമുണ്ടായെന്ന വനം വകുപ്പിന്‍റെ കണക്ക് നിലനില്‍ക്കേയാണ് പൊലീസ് എട്ട് കോടി എന്ന കണക്ക് കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്.

Related News