Loading ...

Home National

നിയമസഭ കയ്യാങ്കളിക്കേസ്;സർക്കാരിന് തിരിച്ചടി, ആറ് പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: നിയമസഭയിലെ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ തിരിച്ചടിയും രൂക്ഷ വിമര്‍ശനവും. സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ കോടതി മന്ത്രി വി.ശിവന്‍കുട്ടിയും കെ.ടി ജലീല്‍ എം.എല്‍.എയും അടക്കമുള്ള ആറ് പേരും വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢിന്റെ ബെഞ്ചിന്റേതാണ് വിധി.

ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം അവരുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിനാണ്. നിയമത്തിന്റെ ചട്ടക്കൂടില്‍ നിന്ന് രക്ഷപ്പെടാനുള്ള പരിരക്ഷയല്ല അതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളുടെ പ്രത്യേക അവകാശവും പരിരക്ഷയും രാജ്യത്ത് നിലനില്‍ക്കുന്ന പൊതുനിയമത്തില്‍ നിന്ന് ഒഴിവാകാനുള്ള കവാടമല്ല. ജനപ്രതിനിധിയെന്ന നിലയില്‍ സഭയ്ക്കുള്ളില്‍ നടന്ന കയ്യാങ്കളിയെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിരക്ഷ നല്‍കി സംരക്ഷിക്കാന്‍ കഴിയില്ല.

കേസുകള്‍ പിന്‍വലിക്കാനുള്ള പ്രോസിക്യുട്ടറുടെ അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചനയാണെന്ന് സംസ്ഥാന സര്‍ക്കാരിനു നേര്‍ക്ക് രൂക്ഷമായ വിമര്‍ശനവും കോടതി നടത്തി. 194ാം അനുഛേദത്തിന്റെ തെറ്റായ വ്യാഖ്യാനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വന്നിരിക്കുന്നത്. കേസ് പിന്‍വലിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വഞ്ചനയാണ്.

സര്‍ക്കാരിന്റെ താല്‍പര്യത്തിന് അനുസരിച്ചല്ല, സ്വതന്ത്രമായാണ് പബ്ലിക് പ്രോസിക്യുട്ടര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന വിമര്‍ശനവും നടത്തി.

എം.എല്‍.എമാരുടെ പെരുമാറ്റം ജനപ്രതിനിധികള്‍ക്ക് നിരക്കാരത്തതായിരുന്നു. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ എം.എല്‍.എമാര്‍ ലംഘിച്ചു; കേസ് പിന്‍വലിക്കാനുള്ള നീക്കം നീതി നിര്‍വഹണത്തെ തടസ്സപ്പെടുത്തുന്നതായിരിക്കുമെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം കയ്യാങ്കളികളും അനുചിത നടപടികളും പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ക്ക് യോജിക്കുന്നതല്ല. അത് അംഗീകരിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും പറഞ്ഞു. രാജ്യത്തിന്റെ പാര്‍ലമെന്ററി ചരിത്രത്തില്‍ തന്നെ നിര്‍ണായകമാകുന്ന വിധിയാണ് ഇന്ന് വന്നിരിക്കുന്നത്. പാര്‍ലമെന്റിലും നിയമസഭകളിലും അംഗങ്ങള്‍ എങ്ങനെ പെരുമാറണമെന്ന ഒരു സൂചന കൂടിയാണ് വിധിയില്‍ പറയുന്നത്.

2015ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റവതരണത്തിനിടെയുണ്ടായ പ്രതിഷേധമാണ് കയ്യാങ്കളില്‍ കലാശിച്ചത്. രണ്ടരലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കൈയ്യാങ്കളിക്കേസിലെ പ്രധാന ആരോപണം. വി. ശിവന്‍കുട്ടി, കെ. അജിത്, സി. കെ. സദാശിവന്‍, കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍, ഇപി ജയരാജന്‍,കെടി ജലീല്‍ അടക്കമുള്ളവരും വിചാരണ നേരിടേണ്ടി വരുമെന്നിരിക്കെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Related News