Loading ...

Home Kerala

സാങ്കേതിക സര്‍വകലാശാല പരീക്ഷ റദ്ദാക്കിയ നടപടിക്ക് സ്റ്റേ

കൊച്ചി : സാങ്കേതിക സര്‍വകലാശാല പരീക്ഷ റദ്ദാക്കിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. പരീക്ഷകള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. സാങ്കേതിക സര്‍വകലാശാലയുടെ അപ്പീല്‍ കോടതി അനുവദിച്ചു.

ബി ടെകിന്റെ ഒന്നാം സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍ പരീക്ഷകളാണ് കഴിഞ്ഞദിവസം സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. എട്ടു വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ നടപടി. ഇതിനെതിരെയാണ് സാങ്കേതിക സര്‍വകലാശാല അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പരീക്ഷ നടത്തിയത്. ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഓഫ്‌ലൈനായി പരീക്ഷ നടത്താമെന്ന് യുജിസി മാര്‍ഗരേഖയില്‍ പറയുന്നതായി കെടിയു അപ്പീലില്‍ വ്യക്തമാക്കി. ഇതനുസരിച്ചാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചത്. ഇനി പെട്ടെന്ന് ഓണ്‍ലൈനായി പരീക്ഷ നടത്തുന്നതിന് സര്‍വകലാശാല സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡ് ചെയ്യേണ്ടി വരുമെന്നും, അതിന് ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നും സര്‍വകലാശാല ചൂണ്ടിക്കാട്ടി.

ഇക്കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്ത്, പരീക്ഷയുമായി മുന്നോട്ടുപോകാന്‍ സര്‍വകലാശാലയ്ക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെ തുടര്‍ന്ന് ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിവെച്ചിരുന്നു.

ഈ പരീക്ഷ മറ്റൊരു ദിവസം നടത്തും. അതിനുള്ള വിജ്ഞാപനം ഇന്നു തന്നെ പുറപ്പെടുവിക്കും. നാളെ മുതലുള്ള പരീക്ഷകള്‍ ടൈംടേബിള്‍ പ്രകാരം നടക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. ഓഗസ്റ്റ് 2, 3 തീയതികളിലെ പരീക്ഷകളും മുന്‍നിശ്ചയപ്രകാരം നടക്കും.

Related News