Loading ...

Home Kerala

മന്ത്രി എ കെ ശശീന്ദ്രനെതിരെ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്

തിരുവനന്തപുരം : പീഡനപരാതി ഒതുക്കിതീര്‍ക്കാന്‍ ഇടപെട്ടു എന്ന ആരോപണവിധേയനായ മന്ത്രി എ കെ ശശീന്ദ്രനെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്. സ്ത്രീപീഡനം ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ഇടപെട്ടത് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. കോണ്‍ഗ്രസിലെ പി സി വിഷ്ണുനാഥാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. പരാതിക്കാരിയുടെ പിതാവിനെ മന്ത്രി വിളിച്ചത് സത്യപ്രതിജ്ഞാ ലംഘനമാണ്. സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പരാതിയില്‍ അന്വേഷിക്കാതിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടിയെടുത്തു എന്ന് മുഖ്യമന്ത്രി വിശദമാക്കണം. നീതി നിഷേധത്തെ പരസ്യവാചകം കൊണ്ട് മറയ്ക്കാനാകില്ലെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. കേരളത്തില്‍ സ്ത്രീ സുരക്ഷയ്ക്കായി ഗവര്‍ണര്‍ സത്യാഗ്രഹം കിടക്കേണ്ട അവസ്ഥയാണ്. എന്നാല്‍ ഗവര്‍ണറുടെ സത്യാഗ്രഹത്തിന് ശേഷവും മാറ്റമൊന്നും വന്നിട്ടില്ലെന്നും പ്രതിപക്ഷം സഭയില്‍ പറഞ്ഞു. സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യേണ്ട വിഷയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയില്‍ വ്യക്തമാക്കി. പാര്‍ട്ടിക്കാര്‍ തമ്മിലുള്ള വിഷയത്തിലാണ് മന്ത്രി ഇടപെട്ടത്. യുവതിയുടെ പരാതിയില്‍ കേസെടുക്കാന്‍ വൈകിയോ എന്ന് അന്വേഷിക്കും. ഇക്കാര്യം ഡിജിപി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. മന്ത്രി തെറ്റൊന്നും ചെയ്തില്ല. കുണ്ടറയിലെ പരാതിക്കാരിക്ക് പൊലീസ് രസീത് നല്‍കി. പരാതിയില്‍ എഫ്‌ഐആര്‍ എടുക്കാന്‍ വൈകിയത് തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മൊഴിയെടുക്കാന്‍ വിളിച്ചപ്പോള്‍ പരാതിക്കാരി ആദ്യം ഹാജരായില്ല. വിശദമായ അന്വേഷണം വേണമെന്ന് പൊലീസ് അറിയിച്ചു. ഉചിതമായ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ ഉറപ്പു നല്‍കി. ഗവര്‍ണര്‍ സത്യഗ്രഹം നടത്തിയത് സമൂഹത്തെ ബോധവല്‍ക്കരിക്കാനാണ്. അതിനെ മറ്റൊരു തരത്തിലും വ്യാഖ്യാനിക്കേണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു.


Related News