Loading ...

Home youth

അസാധ്യം എന്ന് ആരും പറയരുത് Sunday Aug 27, 2017 സി വി രാജീവ്

ജീവിത നിഘണ്ടുവില്‍ 'അസാധ്യം' എന്ന് അടയാളപ്പെടുത്തിയതെല്ലാം അയാള്‍ പ്രകാശം പരത്തുന്ന ചിരിയാല്‍ 'സാധ്യ'മാക്കി. കൈയും കാലും മുളപൊട്ടാന്‍ വിസമ്മതിച്ച ശരീരത്തിന്റെ പരിമിതികളെ നിസ്സാരമായി ചിരിച്ചുതള്ളി ഉന്മേഷത്തിന്റെ പവര്‍ബാങ്കായി മാറിയ ചെറുപ്പക്കാരന്‍, സി പി ഷിഹാബുദീന്‍.അവയവങ്ങളുടെ ശേഷിയും വളര്‍ച്ചയും നോക്കിയാല്‍ ഷിഹാബില്‍ 25 ശതമാനംമാത്രമേ വരൂ മനുഷ്യരൂപം. അരയ്ക്കു താഴെ കാലുകള്‍ വളരാന്‍ വിസമ്മതിച്ചുനിന്നു. ചുമലുകളില്‍നിന്ന് കൈകളും. സ്വന്തമായി പൂര്‍ണവളര്‍ച്ചയെത്തിയ കൈയില്ലെങ്കിലും ഷിഹാബുദ്ദീന്‍ കൈവയ്ക്കാത്ത മേഖലയില്ല, പടംവരയ്ക്കാന്‍, പിയാനോ വായിക്കാന്‍, ക്രിക്കറ്റ് കളിക്കാന്‍, നൃത്തം ചെയ്യാന്‍, റിയാലിറ്റിഷോ താരമാകാന്‍ ഒന്നിനും ശരീരം പരിമിതിയായി മാറിയില്ല. രാജ്യമെങ്ങും യുവതലമുറ ചെവിയോര്‍ത്തിരിക്കുന്നു ഷിഹാബുദീന്റെ മോട്ടിവേഷന്‍ ക്ളാസുകള്‍ക്കായി. മാജിക്കും ഫയര്‍എസ്കേപ്പും പരിശീലിക്കുകയാണ് അടുത്ത ലക്ഷ്യം. സിനിമ സംവിധാനം ചെയ്യാനും മോഹമുണ്ട്. "ജനിക്കുന്ന സമയംമുതല്‍ ഒന്നും പ്രതീക്ഷിക്കാനില്ലായിരുന്നു. പരിമിതികള്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് ചിന്തിക്കുന്നത്''- പതിഞ്ഞ സ്വരത്തില്‍ ഷിഹാബ് പറയുമ്പോള്‍ നിറയുന്നത് ആത്മവിശ്വാസത്തിന്റെ തെളിച്ചം.

   ഷിഹാബുദീന്‍ ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം സായാഹ്നയാത്രയില്‍

കഠിനകാലം കടന്ന്...

മലപ്പുറം അറവങ്കര പള്ളിപ്പടി ചോലയില്‍മുക്കിലെ ചേറൂപറമ്പ് അബൂബക്കര്‍- മെഹ്ജാബി ദമ്പതികളുടെ അഞ്ചാമത്തെ മകന്‍ പെറ്റുവീണപ്പോള്‍ വെറുമൊരു മാംസപിണ്ഡമായിരുന്നു. ഷിഹാബിന്റെ ജനനദിവസം ഓര്‍മയുടെ ആഴത്തിലേക്കൊതുങ്ങാതെ അബൂബക്കറിലുണ്ട്."വീട്ടിലായിരുന്നു പ്രസവം. പുലര്‍ച്ചെ രണ്ടിന് മെഹ്ജാബിക്ക് പേറ്റുനോവ്. വയറ്റാട്ടിയെ വിളിച്ചുകൊണ്ടുവന്നു. സുബഹിബാങ്കിന് അരമണിക്കൂര്‍മുമ്പ് വയറ്റാട്ടി വാതില്‍തുറന്ന് പുറത്തേക്കുനോക്കി 'അബൂ... നമ്മുടെ കുട്ടി' എന്ന് മുഴുപ്പിക്കാതെ മിഴിതുടച്ചു. ഞാന്‍ ചെന്നുനോക്കുമ്പോള്‍ കരച്ചിലില്ലാതെ കുട്ടി കണ്ണുതുറിച്ച് കിടക്കുന്നു. കൈയും കാലുമില്ല. കുഞ്ഞിനും ഉമ്മയ്ക്കുമടുത്തിരുന്ന സ്ത്രീകളും കരയുന്നു. നിസ്കാരത്തിനുമുമ്പ് വാപ്പയെ വിവരമറിയിച്ചപ്പോള്‍ അന്ധാളിപ്പോടെ ആദ്യചോദ്യം- കൈയും കാലുമില്ലേ...? കണ്ണുനിറഞ്ഞ്, കുട്ടിയെ കുളിപ്പിച്ച് തരാന്‍ ആവശ്യപ്പെട്ടു. വാപ്പ പറഞ്ഞു- നീ ഇവനെ നല്ലോണം നോക്കണം. നിനക്കുള്ള പരീക്ഷണമാണിത്. മറ്റുമക്കളെപ്പോലെതന്നെ പരിചരിക്കണം.'' വാപ്പയുടെ വാക്കുകള്‍ അബൂബക്കര്‍ കുറവേതുമില്ലാതെ പാലിച്ചു.ലജ്ജാലുവായിരുന്നു ആ കുട്ടി. അല്‍പ്പം വളര്‍ന്നപ്പോള്‍ ആരെങ്കിലും വീട്ടില്‍വന്നാല്‍ വാതിലിന് പുറകിലേക്കുമാറും. അതിഥികള്‍ക്കിടയിലേക്ക് പിതാവ് അവനെ എടുത്തുകൊണ്ടുവന്നു. സഹതാപം ചൊരിഞ്ഞ ചുറ്റുപാടുകളെ വെല്ലുവിളിച്ച് ബന്ധുക്കള്‍ക്കിടയിലേക്കും ചടങ്ങുകള്‍ക്കും നിര്‍ബന്ധപൂര്‍വം കൊണ്ടുപോയി. പരിഹസിക്കാന്‍ അപ്പോള്‍ നാട്ടുവഴികളില്‍ ഏറെയാളുകളുണ്ടായിരുന്നു.സമപ്രായക്കാര്‍ മഴയും വെയിലും മഞ്ഞുമേറ്റ് കളിക്കുമ്പോള്‍ ഷിഹാബ് മുറിക്കുള്ളില്‍ തനിച്ചായിരുന്നു. പരസഹായമില്ലാതെ അനങ്ങാന്‍പോലുമാകില്ല. നിരങ്ങിനടക്കാന്‍ ശ്രമിച്ചപ്പോള്‍ പലതവണ ഉമ്മറപ്പടിയില്‍ തട്ടിവീണു. വേദനകൊണ്ട് കരഞ്ഞു. പതുക്കെ... പതുക്കെ മുറിക്കുള്ളില്‍നിന്ന് ഉമ്മറത്തേക്കും മുറ്റത്തേക്കും നടന്നു. ഒമ്പതാംവയസ്സില്‍ നാലാംക്ളാസില്‍ ചേര്‍ക്കാന്‍ അവനെ ഉപ്പ പൂക്കോട്ടൂര്‍ എയുപി സ്കൂളിലേക്ക് കൊണ്ടുപോയി. എങ്ങനെയാണ് മകനെ പഠിപ്പിക്കുക എന്നായിരുന്നു അധ്യാപകരുടെ ചോദ്യം. അതിനുമുമ്പേ വീടിനുള്ളില്‍വച്ച് തോളറ്റത്ത് തൂങ്ങിനില്‍ക്കുന്ന മുറിക്കൈകളില്‍ പെന്‍സില്‍ പിടിച്ച് ഷിഹാബ് എഴുതാന്‍ തുടങ്ങിയിരുന്നു. ഏട്ടനും ചേച്ചിമാരും പഠിക്കുന്നതുകണ്ട് വീട്ടിലിരുന്നുതന്നെ എഴുതാനും വായിക്കാനും പരിശീലിച്ചു. പാടുപെട്ടാണ് പുസ്തകം കൈയിലെടുത്തത്. അഞ്ചാംക്ളാസിലേക്കുള്ള പുസ്തകങ്ങള്‍ വാങ്ങിയാണ് പൂക്കോട്ടൂര്‍ എയുപി സ്കൂളില്‍നിന്ന് മടങ്ങിയത്. ഇരുണ്ട മുറിയിലിരുന്ന് പഠനം സജീവമാക്കി. ഒഴിവുനേരങ്ങളില്‍ മുറിക്കൈകളില്‍ തെങ്ങോലമടലുകൊണ്ടുണ്ടാക്കിയ ക്രിക്കറ്റ് ബാറ്റേന്തി അനിയന്മാര്‍ക്കൊപ്പം കളിച്ചു. ഫുട്ബോള്‍ തട്ടി.

പരിസ്ഥിതിദിനത്തില്‍ നട്ട മരം

പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രത്യേക ടെസ്റ്റെഴുതി പതിമൂന്നാം വയസ്സില്‍ എട്ടാംക്ളാസില്‍ പ്രവേശനം നേടി. മീന്‍കച്ചവടക്കാരനായിരുന്ന ഉപ്പയുടെ എംഐടി സ്കൂട്ടറിലായിരുന്നു ഹൈസ്കൂളിലേക്കുള്ള യാത്ര. സ്കൂട്ടറിനു പിന്നിലിരുന്ന് പച്ചപ്പും ആള്‍ത്തിരക്കും ശബ്ദങ്ങളുംനിറഞ്ഞ വഴികളിലൂടെ വിദ്യാലയമുറ്റത്തേക്ക്. അന്ധാളിപ്പിന്റേതായിരുന്നു ആ ജൂണ്‍ അഞ്ച് എന്ന് ഷിഹാബ് ഓര്‍ക്കുന്നു. 75 ശതമാനം വൈകല്യമുള്ളയൊരാള്‍ സാധാരണ സ്കൂളില്‍ പഠിക്കാന്‍ വരുന്നത് അവര്‍ക്കൊക്കെ അത്ഭുതമായിരുന്നു. ക്ളാസ് തുടങ്ങാനുള്ള ബെല്‍, ഓരോ പിരീഡില്‍ വന്നുപോകുന്ന അധ്യാപകര്‍, കുറെ മുഖങ്ങള്‍...ഭയത്തിന്റെ ലാഞ്ഛനയോടെ അവയെല്ലാം നോക്കിക്കണ്ടു. പരിസ്ഥിതിദിനത്തില്‍ സ്കൂള്‍മുറ്റത്ത് വിദ്യാര്‍ഥികള്‍ മരംനട്ടപ്പോള്‍ അവനറിയാതെ അവന്റെയുള്ളിലും പുതിയ സ്വപ്നങ്ങളുടെ തൈ നടുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ഉപ്പയോട് പറഞ്ഞു- എന്നും സ്കൂളില്‍ പോകണം. എസ്എസ്എല്‍സി പരീക്ഷയെഴുതണം. ഉപ്പയുടെ സ്കൂട്ടറില്‍ അങ്ങനെ നിത്യവും സ്കൂളില്‍പോയി. ഉച്ചയ്ക്ക് ഉമ്മയെത്തി ഭക്ഷണംതന്നു. "കഷ്ടപ്പെട്ട് പഠിച്ചുണ്ടാക്കിയതല്ലേ ഞാന്‍തന്നെ എഴുതിക്കോളാം''- പത്താംക്ളാസ് പരീക്ഷയെഴുതാന്‍ സഹായിയെ വയ്ക്കാമെന്ന അധ്യാപകരുടെ നിര്‍ദേശത്തോട് അതായിരുന്നു ഷിഹാബിന്റെ മറുപടി. മികച്ച മാര്‍ക്കോടെ എസ്എസ്എല്‍സിയും അതേ സ്കൂളില്‍നിന്നുതന്നെ ഉയര്‍ന്ന മാര്‍ക്കോടെ പ്ളസ്ടുവും പാസായി.

വരകളിലേക്ക്, ചുവടുകളിലേക്ക്

വെറുതെയിരിക്കുന്ന സമയം ഉപയോഗപ്പെടുത്താന്‍ വായില്‍ പെന്‍സിലും ബ്രഷും പിടിച്ച് ചിത്രംവരച്ചുതുടങ്ങി. സ്കൂളിലെ ഡ്രോയിങ് അധ്യാപകന്‍ രവീന്ദ്രന്‍ പിന്തുണയേകി. മത്സരങ്ങളില്‍ സമ്മാനം കിട്ടി. 2010ല്‍ മലപ്പുറംജില്ലയിലെ മികച്ച ആര്‍ട്ടിസ്റ്റിനുള്ള സംഘമിത്ര അവാര്‍ഡ് തേടിയെത്തി. പ്രകൃതിദൃശ്യങ്ങളായിരുന്നു കൂടുതലും വരച്ചത്.വള്ളുവമ്പ്രം എംഐസി കോളേജില്‍ ബിരുദവിദ്യാര്‍ഥിയായിരിക്കെയാണ് ഒരു ചാനലിന്റെ റിയാലിറ്റിഷോയില്‍ നൃത്തം അവതരിപ്പിക്കുന്നത്. സാധാരണ ആളുകള്‍ക്കൊപ്പമായിരുന്നു മത്സരം. കൊണ്ടോട്ടി സ്വദേശി അനീഷായിരുന്നു പരിശീലകന്‍. അതിനിടയ്ക്കാണ് കോട്ടക്കുന്നിലെ സംഗീതവിദ്യാലയത്തില്‍നിന്ന് വയലിന്‍ പഠനം.  തനിക്ക് ഉപയോഗിക്കാന്‍ പാകത്തിലുള്ള വയലിന്‍ സ്വയം ഡിസൈന്‍ചെയ്തു. ബോ പിടിക്കാനും പ്രത്യേക സംവിധാനമൊരുക്കി. യൂട്യൂബുവഴിയാണ് പിയാനോ പഠിച്ചത്. ഇപ്പോള്‍ യൂണിവേഴ്സിറ്റിയിലെ ക്ളാസിനിടയ്ക്കുള്ള ഇടവേളകളില്‍ ഡ്രംസ് കൊട്ടാന്‍ പരിശീലിക്കുകയാണ്. മനസ്സ് ചെയ്യാന്‍ പറയുന്നവ ചെയ്യുക- റിസള്‍ട്ടുണ്ടാകും. തന്റെ നേട്ടങ്ങളെ ഷിഹാബ് നിര്‍വചിക്കുന്നതിങ്ങനെ: "ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ ചെയ്യണം. ശീലങ്ങള്‍ അപ്ഡേറ്റ് ചെയ്യണം. നമ്മുടെ ഭാവി മാറ്റാന്‍ പുതിയ കാര്യങ്ങള്‍ വേണം.''

ജീവിതംതന്നെ സന്ദേശം

ഇന്ത്യയില്‍ത്തന്നെ ശ്രദ്ധേയമായ മോട്ടിവേഷന്‍ ക്ളാസുകളാണ് ഷിഹാബിന്റേത്. തന്റെ അനുഭവങ്ങള്‍ പറയുന്നതിലൂടെ മറ്റുള്ളവരിലേക്ക് പുതിയ ചിന്തകള്‍ പകരാനാണ് ശ്രമം. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ക്ളാസ് നല്‍കാറുണ്ട്. ചെന്നൈ ഐഐടി, ജാദവ്പുര്‍ യൂണിവേഴ്സിറ്റി, ഹൈദരാബാദ് എന്നിവിടങ്ങളിലെ പരിപാടികളില്‍ പങ്കെടുത്തു. 19-ാം വയസ്സിലാണ് ചെന്നൈ ഐഐടിയില്‍ മോട്ടിവേഷന്‍ ക്ളാസ് എടുക്കുന്നത്. "ആദ്യമായിട്ടാണ് കേരളത്തിനു പുറത്തുപോകുന്നത്. സദസ്സ് എന്നെ കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നു. ശാരീരികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കുവേണ്ടിയായിരുന്നു സംസാരം. ഒരിക്കലും കഴിയില്ലെന്നു കരുതിയവ നേടിയെടുത്തതിനെപ്പറ്റി വിവരിക്കുമ്പോള്‍ ദൌര്‍ബല്യങ്ങളെ ശക്തിയാക്കി കൊണ്ടുവരാന്‍ എല്ലാവര്‍ക്കും പ്രചോദനമാകും.''അന്തരിച്ച മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാമിന്റെ 'അഗ്നിച്ചിറകുകള്‍' ആണ് പ്രചോദിപ്പിച്ച പുസ്തകം. തന്നേക്കാള്‍ ശാരീരികപരിമിതിയുള്ള ലോകപ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കര്‍ നിക് യൂജിക്കിനെ (ഓസ്ട്രേലിയ) കാണണമെന്ന് ആഗ്രഹമുണ്ട്. കൈ തീരെയില്ല അദ്ദേഹത്തിന്. നിക്കുമായി ഇ മെയിലില്‍ ബന്ധപ്പെടാറുണ്ട്. ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും സ്വാധീനിച്ച വ്യക്തിയാണ്. സൈബര്‍ലോകത്തും സജീവസാനിധ്യമാണ് ഷിഹാബ്. സിനിമയും ഇഷ്ടമേഖല. ഒരു ഷോര്‍ട്ട്ഫിലിം ചെയ്തിട്ടുണ്ട്. വിനീത് ശ്രീനിവാസനോട് സിനിമാക്കഥ ചര്‍ച്ച ചെയ്യുകയുണ്ടായി. സംവിധായകനാകണമെന്നാണ് മോഹം. അഭിനയിക്കാനും താല്‍പ്പര്യമുണ്ട്.

  പ്രയത്നത്തിന്റെ പലകാല ചിത്രങ്ങള്‍
സര്‍വകലാശാലാ ജീവിതം

കലിക്കറ്റ് സര്‍വകലാശാലയില്‍ രണ്ടാംവര്‍ഷ എം എ ഇംഗ്ളീഷ് വിദ്യാര്‍ഥിയാണ് ഷിഹാബ് ഇപ്പോള്‍. ഹോസ്റ്റലില്‍ പ്രത്യേക മുറിയനുവദിച്ചിട്ടുണ്ട്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്‍പ്പെടെ സഹായിക്കാന്‍ അനിയന്‍ നിഷാദ് കൂടെയുണ്ട്. പുത്തൂര്‍ പള്ളിക്കല്‍ സ്കൂളില്‍ പ്ളസ്ടു പൂര്‍ത്തിയാക്കി നില്‍ക്കുകയാണ് നിഷാദ്.ഇരുപത്താറുപേരുള്ള ക്ളാസില്‍ രണ്ടുപേരൊഴിച്ച് എല്ലാം പെണ്‍കുട്ടികള്‍. അവന് ഉച്ചയ്ക്ക് ഭക്ഷണം വാരിനല്‍കുന്നത് പ്രിയപ്പെട്ട സഹപാഠികളാണ്. അനുകമ്പയുടെയോ സഹതാപത്തിന്റെയോ സമീപനം അവന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് കൂട്ടുകാര്‍ പറയുന്നു. കഷ്ടപ്പെട്ട് എഴുതുന്ന സഹപാഠിയുടെ കൈയക്ഷരം മനോഹരമെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.എല്ലാ അത്യാധുനിക സൌകര്യവുമുള്ള വീല്‍ചെയര്‍ ഇപ്പോള്‍ ഷിഹാബിനുണ്ട്. സര്‍വകലാശാലയില്‍ വീല്‍ചെയറില്‍ കറങ്ങിനടക്കുന്നതാണ് ഷിഹാബിന്റെ വിനോദം. തുറന്ന ആകാശവും വിശാലമായ ഇടങ്ങളും കണ്ടുള്ള ഏകാന്തയാത്ര. സൌദിയില്‍ ജോലിചെയ്യുന്ന ചേട്ടന്‍ ഫിറോസ് കൊടുത്തയച്ച ടാബിലാണ് നോട്ടെഴുത്ത്. അതിനിടെ, യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ ജോലി കിട്ടിയിട്ടും വേണ്ടെന്നുവച്ചു. ജോലി ആഗ്രഹങ്ങള്‍ക്ക് തടസ്സമാകുമെന്ന് ഷിഹാബ് പറയുന്നു. "ജീവിതത്തില്‍ ഒരിക്കലും സേഫ് സോണില്‍ എത്തരുത്. എത്തിയാല്‍ തീര്‍ന്നു.''പരീക്ഷ കഴിഞ്ഞാല്‍ ഗോപിനാഥ് മുതുകാടിന്റെയടുക്കല്‍ പോയി മാജിക്ക് പരിശീലിക്കണം. പിന്നെ, എംഫില്‍, പിഎച്ച്ഡി... താണ്ടുവാന്‍ ഇനിയുമേറെ ദൂരം.

ആഗ്രഹങ്ങളെ മുറുകെപ്പിടിക്കുക

ഷിഹാബ് ആഗ്രഹിച്ചതില്‍ നടക്കാത്തത് ഒന്നുമാത്രം. "പ്ളസ്ടു സയന്‍സായിരുന്നു. എംബിബിഎസ് ഇഷ്ടമായിരുന്നു. 75 ശതമാനം വൈകല്യമുള്ളതിനാല്‍ അഡ്മിഷന്‍ കിട്ടിയില്ല. അതുമാത്രമേയുള്ളൂ മോഹഭംഗം. 25 ശതമാനം മാത്രമേ ഞാന്‍ മനുഷ്യനായുള്ളൂ. എനിക്ക് ഇത്രയേറെ ചെയ്യാനാകുമെങ്കില്‍ നൂറ് ശതമാനം പൂര്‍ണതയുള്ള മനുഷ്യന് കൂടുതല്‍ ചെയ്യാനാകും. ആഗ്രഹങ്ങളെ മുറുകെപ്പിടിക്കുക. അവ യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കുക.''- ലളിതമാണ് ഷിഹാബിന്റെ ജീവിതതത്വം.ജീവിതവഴിയില്‍ ഷിഹാബിന് കൂട്ടായി ഉമ്മുസൈബ, ഫെബിത, ഷമ്ന, ആഷിഖ് എന്നീ സഹോദരങ്ങളുമുണ്ട്.

cv.rajeev@gmail.com

Related News