Loading ...

Home National

റഫാല്‍ ഇടപാടിലെ അഴിമതി ആരോപണങ്ങള്‍; ഫ്രാന്‍സില്‍ അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള റഫാല്‍ യുദ്ധവിമാന ഇടപാടിനെ കുറിച്ച്‌ ഉയര്‍ന്ന അഴിമതിയാരോപണങ്ങളില്‍ ഫ്രാന്‍സ് അന്വേഷണം തുടങ്ങി. 58,000 കോടി രൂപയുടെ (7.8 ബില്യണ്‍ യൂറോ) കരാറിലെ ക്രമക്കേടുകളെ കുറിച്ച്‌ ഫ്രഞ്ച് പ്രൊസിക്യൂഷന്‍ സര്‍വിസിന്റെ ഫിനാന്‍ഷ്യല്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം തുടങ്ങിയത്. ഫ്രഞ്ച് മാധ്യമമായ 'മീഡിയപാര്‍ട്ട്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക ജഡ്ജിയെ നിയമിച്ചതായി മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. കരാറില്‍ അഴിമതി നടന്നതായി കാണിച്ച്‌ വിവാദമായ നിരവധി റിപ്പോര്‍ട്ടുകള്‍ മീഡിയപാര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. കരാറില്‍ ഇടനിലക്കാരന്‍ പ്രവര്‍ത്തിച്ചതായും ഇവര്‍ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ്, അഴിമതി, സ്വാധീനം ചെലുത്തല്‍, കള്ളപ്പണം വെളുപ്പിക്കല്‍, സ്വജനപക്ഷപാതം എന്നിവയെ കുറിച്ച്‌ അന്വേഷണം നടത്തുന്നത്. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഓളന്ദുമായി ബന്ധപ്പെട്ട ആരോപണങ്ങളും അന്വേഷിക്കും.

58,000 കോടി രൂപയ്ക്ക് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങുന്ന പദ്ധതിയിലാണ് അഴിമതി നടന്നതായി ആരോപണമുയര്‍ന്നത്. ഉയര്‍ന്ന വിലയ്ക്ക് വിമാനം വാങ്ങിയെന്നും, സാങ്കേതിക വിദ്യ കൈമാറ്റത്തിന് കരാറുണ്ടായില്ലെന്നും ഇന്ത്യയില്‍ ആരോപണമുയര്‍ന്നിരുന്നു. കരാര്‍ സംബന്ധിച്ച്‌ ഇന്ത്യയില്‍ അന്വേഷണം നടന്നെങ്കിലും ക്രമക്കേട് നടന്നിട്ടില്ലെന്നായിരുന്നു സുപ്രീംകോടതി കണ്ടെത്തിയത്.

യു.പി.എ സര്‍ക്കാറിന്റെ കാലത്താണ് ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനമെടുത്തത്. അന്ന്, വിമാനത്തിന് വില 715 കോടി രൂപയായിരുന്നത് പിന്നീട്, 1,600 കോടി രൂപയായി വര്‍ധിപ്പിച്ചെന്നായിരുന്നു പ്രധാന ആരോപണം.

റഫാല്‍ ഇടപാടില്‍ സുപ്രീംകോടതി ക്ലീന്‍ ചിറ്റ് നല്‍കിയെങ്കിലും ഫ്രാന്‍സില്‍ നടക്കുന്ന അന്വേഷണം കേന്ദ്ര സര്‍ക്കാറിന് തലവേദനയാകും.

Related News