Loading ...

Home Kerala

കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അടച്ചുപൂട്ടുന്നു

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനിലെ കൊച്ചിയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അടച്ച്‌ പൂട്ടാനൊരുങ്ങുന്നു. ജീവനക്കാരോട് തിരിച്ചു വരാനും ഒരാഴ്ചക്കുള്ളില്‍ കവരത്തിയില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്‍കി. പുതിയ അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്ക്കാരത്തി​ല്‍ പ്രധാന അജണ്ഡകളില്‍ ഒന്നായ ലക്ഷദ്വീപിനെ കേരളത്തില്‍ നിന്നും അകറ്റാനുള്ള നീക്കങ്ങളുടെ തുടക്കമായിട്ടാണ് വിമര്‍ശകരുടെ വിലയിരുത്തല്‍.

അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിലെ ജീവനക്കാരുടെ എണ്ണം കുറക്കണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നതിന് പിന്നാലെയാണ് ഓഫീസ് അടച്ചുപൂട്ടുന്നത്. ഓഫീസിലെ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും ഫര്‍ണീച്ചറുകളും കവരത്തിയിലേക്ക് മാറ്റണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അപ്രതീക്ഷിത തീരുമാനത്തിനെതിരേ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ വിദ്യാഭ്യാസം ചെയ്യുന്ന ലക്ഷദ്വീപ് നിവാസികളായ അനേകം വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന പ്രശ്നം കുട്ടികളുടെ ഭാവി അവതാളത്തിലാക്കുമെന്നുമാണ് വിമര്‍​ശകര്‍ ഉന്നയിക്കുന്നത്.

ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പ് കൊച്ചിയില്‍ ഓഫീസ് തുടങ്ങിയത്. ഇതാണ് ഇപ്പോള്‍ തിരിച്ചു കൊണ്ടു പോകുന്നത്. നേരത്തേ കേരളവുമായി ബന്ധം വിഛേദിക്കാന്‍ ചരക്കുനീക്കം ഉള്‍പ്പെടെയുള്ളവ മംഗലാപുരത്തേക്ക് മാറ്റാനും നീക്കം ശക്തമാണ്. ലക്ഷദ്വീപ് നിവാസികള്‍ മറ്റു കാര്യത്തിനായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് കേരളത്തിനെയാണ്. ഇത് മംഗലാപുരത്തേക്ക് മാറ്റുന്നതിലൂടെ ബിജെപി ഭരിക്കുന്ന കര്‍ണാടകയി​ലേക്ക് കൊണ്ടുപോകാനാണ് ശ്രമം.

Related News