Loading ...

Home Kerala

ടിപിയുടെ ഫോണ്‍ നമ്പർ വീണ്ടും ശബ്ദിക്കുന്നു; എംഎല്‍എയുടെ ഔദ്യോഗിക നമ്ബറാക്കി കെ കെ രമ

വടകര: ടി പി ചന്ദ്രശേഖരന്‍ ഉപയോ​ഗിച്ചിരുന്ന ഫോണ്‍ നമ്ബര്‍ കെ കെ രമ എംഎല്‍എയുടെ ഔദ്യോ​ഗിക ഫോണ്‍ നമ്ബറായി. ടി പിയുടെ 9447933040 എന്ന നമ്ബര്‍ എംഎല്‍എയുടെ ഔദ്യോഗിക നമ്ബറാവുന്ന കാര്യം ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് രമ പങ്കുവെച്ചത്. ഇതോടെ 9 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ടിപിയുടെ ഫോണ്‍ നമ്ബര്‍ റിങ് ചെയ്തു തുടങ്ങി.

0496 2512020 എന്ന ഓഫിസ് നമ്ബറിന് പുറമെയാണ് ടിപിയുടെ ഈ നമ്ബരും കൂടി ഓഫിസ് ഉപയോഗത്തിന് സജ്ജമാക്കിയത്. 2012 മേയ് നാലിന് ടിപി കൊല്ലപ്പെട്ടതിന് ശേഷം പിന്നീട് കുറേക്കാലം ഈ നമ്ബര്‍ രമയുടെ കൈവശമുണ്ടായിരുന്നു. ഉപയോഗിച്ചില്ലെങ്കിലും റീച്ചാര്‍ജ് ചെയ്ത് നിലനിര്‍ത്തി. എന്നാല്‍ ഇടയ്ക്ക് റീച്ചാര്‍ജ് ചെയ്യാതെ വന്നതോടെ നമ്ബര്‍ മറ്റൊരാള്‍ക്ക് ബിഎസ്‌എന്‍എല്‍ അനുവദിച്ചു. 2020ല്‍ ഈ നമ്ബര്‍ ആരും ഉപയോഗിക്കുന്നില്ലെന്ന് മനസ്സിലായതോടെ ഈ നമ്ബറിനായി അപേക്ഷിച്ച്‌ രമ ബിഎസ്‌എന്‍എല്ലിനെ സമീപിച്ചു.

ഈ നമ്ബര്‍ എം.എല്‍.എ.യുടെ ഔദ്യോഗിക ഫോണാക്കാമെന്ന ആശയം പങ്കുവെച്ചത് മകന്‍ അഭിനന്ദാണെന്ന് രമ പറഞ്ഞു.'' ഈ നമ്ബറില്‍ ആരുവിളിച്ചാലും ഏതു പാതിരാത്രിയിലും ടിപിയെ കിട്ടുമായിരുന്നു. ഇതേ നമ്ബര്‍തന്നെ എംഎല്‍എയുടെ ഔദ്യോഗിക നമ്ബറാകുന്നതില്‍ അഭിമാനമുണ്ട്. ഈ നമ്ബറില്‍ വിളിച്ചാല്‍ ടിപി വിളി കേള്‍ക്കുമെന്ന് വിശ്വാസമുണ്ടെന്നും കെകെ രമ പറഞ്ഞു.

ഫെയ്സ്ബുക്ക് ലൈവിലൂടെ ടിപിയുടെ ഈ നമ്ബര്‍ പങ്കുവെച്ചതോടെ രമയ്ക്ക് കോളുകളുടെ പ്രവാഹമാണ്. ടിപിയെ അറിയുന്നവരും സുഹൃത്തുക്കളും പാര്‍ട്ടിപ്രവര്‍ത്തകരുമെല്ലാം ടിപിയുടെ പഴയ നമ്ബറിലേക്ക് വിളിക്കുന്നു.

Related News