Loading ...

Home National

കര്‍ഷക സമരം; ചണ്ഡീഗഡില്‍ രാജ് ഭവനിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം

ചണ്ഡീഗഢില്‍ കര്‍ഷക മാര്‍ച്ചില്‍ സംഘര്‍ഷം. മൊഹാലി-ചണ്ഡീഗഢ് അതിര്‍ത്തിയിലാണ് സംഭവം. കേന്ദ്ര ഭരണപ്രദേശം വഴി പഞ്ചാബ് രാജ്ഭവനിലേക്ക് നടന്ന മാര്‍ച്ചില്‍ കര്‍ഷകര്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്തു. ഇതേതുടര്‍ന്ന് മാര്‍ച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭം എട്ടാം മാസത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരപരിപാടികള്‍ നടന്നുവരികയാണ്.

പഞ്ചാബ് ഗവര്‍ണറായ വിപി സിങ് ബദ്‌നോറിന്റെ ഔദ്യോഗിക വസതിയില്‍നിന്ന് രണ്ട് കി.മീറ്റര്‍ അകലെ മധ്യമാര്‍ഗില്‍ കര്‍ഷക മാര്‍ച്ച്‌ പൊലീസ് തടയുകയായിരുന്നു. ഇതേതുടര്‍ന്ന് പൊലീസും സമരക്കാരും തമ്മില്‍ കൈയേറ്റമുണ്ടായി. ഇതിനിടെ കര്‍ഷകര്‍ ബാരിക്കേഡുകള്‍ തകര്‍ക്കുകയും ചെയ്തു.

ഇതേസമയത്ത് ഹരിയാനയില്‍നിന്ന് തലസ്ഥാനമായ ചണ്ഡീഗഢിലേക്കു പുറപ്പെട്ട കര്‍ഷകസംഘത്തെ പൊലീസ് തടഞ്ഞു. ചണ്ഡീഗഢ് അതിര്‍ത്തിയിലാണ് പൊലീസ് കര്‍ഷകരെ തടഞ്ഞത്. കര്‍ഷകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നേരത്തെ, ചണ്ഡീഗഢ് പൊലീസ് നഗരത്തിലേക്കുള്ള 13 പ്രവേശന മാര്‍ഗങ്ങള്‍ അടച്ചിരുന്നു. എന്നാല്‍, ട്രാക്ടറുകളുടെ സഹായത്തോടെ കര്‍ഷകര്‍ നഗരത്തിലേക്ക് പ്രവേശിച്ചിരുന്നു.

അതിനിടെ, കര്‍ഷകനേതവ് രാകേഷ് ടികായത്തിനെ അറസ്റ്റ് ചെയ്തതായുള്ള വാര്‍ത്ത തള്ളി ഡല്‍ഹി പൊലീസ്. ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവും കര്‍ഷക പ്രക്ഷോഭത്തിന്റെ മുന്‍നിര നായകനുമായ ടികായത്ത് അറസ്റ്റിലായതായി പ്രചരിക്കുന്ന വാര്‍ത്തയില്‍ വിശദീകരണവുമായാണ് ഡല്‍ഹി പൊലീസ് രംഗത്തെത്തിയത്.

ട്വിറ്ററിലൂടെയാണ് ഡല്‍ഹി(ഈസ്റ്റ്) ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ പ്രിയങ്ക കശ്യപ് അറസ്റ്റ് പ്രചരണങ്ങള്‍ തള്ളിക്കളഞ്ഞത്. രാകേഷ് ടികായത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്ത തെറ്റാണ്. ഇത്തരം വ്യാജവാര്‍ത്തകളില്‍നിന്നും ട്വീറ്റുകളില്‍നിന്നും വിട്ടുനില്‍ക്കണമെന്ന് പ്രിയങ്ക കശ്യപ് ട്വീറ്റ് ചെയ്തു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അവര്‍ അറിയിച്ചു.

കിസാന്‍ യൂനിയന്‍ മാധ്യമ വിഭാഗം തലവന്‍ ധര്‍മേന്ദ്ര മാലിക്കും അറസ്റ്റ് വാര്‍ത്ത നിഷേധിച്ചിരുന്നു. ടികായത്ത് അറസ്റ്റിലായിട്ടില്ലെന്നും അദ്ദേഹം ഇപ്പോഴും ഗാസിപൂരിലെ പ്രക്ഷോഭകേന്ദ്രത്തിലുണ്ടെന്നും മാലിക്ക് പറഞ്ഞു. ഇവിടെ സംഘര്‍ഷസ്ഥിതിയില്ലെന്നും ഇദ്ദേഹം അറിയിച്ചു.

Related News