Loading ...

Home National

സര്‍ക്കാര്‍ കേള്‍ക്കില്ല;കര്‍ഷകരോട് തുടർ സമരത്തിന് തയ്യാറായിരിക്കാൻ ഭാരതീയ കിസാന്‍ യൂണിയന്‍

സര്‍ക്കാര്‍ നമ്മുടെ പ്രശ്‌നം കേള്‍ക്കില്ല, ട്രാക്ടറുമായി തയ്യാറായിരിക്കുക- ഡല്‍ഹി അതിര്‍ത്തികളില്‍ കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകരോട് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് രാകേഷ് ടികായത്തിന്റെ വാക്കുകളാണിവ. നമ്മുടെ ഭൂമി രക്ഷിക്കണമെന്നും ടികായത്ത് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.

ജൂണ്‍ 30 ന് കര്‍ഷകര്‍ സമരം ചെയ്യുന്ന സംസ്ഥാന അതിര്‍ത്തികളില്‍ 'ഹൂള്‍ ക്രാന്തി ദിവസ്' ആചരിക്കാനും സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചിട്ടുണ്ട്.

പ്രക്ഷോഭത്തിന് തദ്ദേശീയരായ ഗ്രാമീണരുടെയും പിന്തുണയുണ്ടെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.

ജൂണ്‍ 30ന് ഗോത്ര വിഭാഗങ്ങളില്‍ പെട്ടവരെയും പ്രക്ഷോഭ സ്ഥലത്തേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ബിജെപി, ഹരിയാനയിലെ ജെജെപി (ജനനായക് ജനത പാര്‍ട്ടി) എന്നീ പാര്‍ട്ടികളിലെ നേതാക്കള്‍ക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാനും സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ നവംബര്‍ മുതല്‍ നിരവധി കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്നത്. വിവാദമായ മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. അതേസമയം പുതിയ കാര്‍ഷിക നിയമം കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്.

Related News