Loading ...

Home National

പ്രതിഷേധങ്ങള്‍ അവഗണിച്ച് ലക്ഷദ്വീപില്‍ കോവിഡ് കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ ഭരണകൂടം

കവരത്തി:ഭരണപരിഷ്ക്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപില്‍ കൊവിഡ് കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ അഡ്മിനിസിട്രേഷന്‍. ദ്വീപുകളില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഒരാഴ്ച കൂടി ലോക്ഡൗണ്‍ നീട്ടി. സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച ജനകീയ നിരാഹാര സമരം തുടരുകയാണ്. ഈ ഘട്ടത്തില്‍ കര്‍ഫ്യൂവുമായി മുന്നോട്ടു പോകാനുള്ള അഡ്മിനിസിട്രേഷന്‍ നീക്കം കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമാകും.

ചരിത്രത്തിലാദ്യമായാണ് ലക്ഷദ്വീപില്‍ സംഘടിത പ്രതിഷേധം നടക്കുന്നത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒറ്റകെട്ടായിട്ടാണ് ദ്വീപുവാസികള്‍ നിരാഹാരമിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്‍റെ നടപടികളില്‍ പ്രതിഷേധിച്ച്‌ ബിജെപി പ്രവര്‍ത്തകരും നിരാഹാരത്തില്‍ പങ്കെടുത്തു. വീടുകളിലടക്കം പ്ലകാര്‍ഡുകളും ബനറുകളും ഉയര്‍ത്തി പ്രതിഷേധിക്കുകയാണ് ദ്വീപുവാസികള്‍. പ്രതിഷേധത്തിന്‍്റെ ഭാഗമായി വീടുകളില്‍ പ്ലക്കാര്‍ഡുകള്‍ വിതരണം ചെയ്ത മൂന്ന് വിദ്യാര്‍ത്ഥികളെ ലക്ഷദ്വീപ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. കവരത്തി ദ്വീപിലെ മുജീബ്, സജീദ്, ജംഹാര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച ഇവര്‍ക്കെതിരെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു.

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കേരളത്തിലെ 9 യുഡിഎഫ് എംപിമാര്‍ കൊച്ചിയിലെ അഡ്മിനിസ്ട്രേഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കേരളത്തിലും വിവിധ സംഘടന പ്രവര്‍ത്തകര്‍ നിരാഹാരമിരുന്നു. സംഘടിത പ്രതിഷേധം നടക്കുന്നതിനാല്‍ ലക്ഷദ്വീപില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്. പുറത്ത് നിന്ന് ആളുകള്‍ വരുന്നതിന് തീരങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച്‌ ആളുകള്‍ കൂട്ടം കൂടിയാല്‍ കസ്റ്റഡിയിലെടുക്കുമെന്ന് മുന്നറിയിപ്പും നല്‍കി. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ഓഫീസും ഇന്ന് പ്രതിഷേധ ചൂടറിഞ്ഞു. കേരളത്തിലെ 9 യുഡിഎഫ് എംപിമാര്‍ കുത്തിയിരിന്ന് പ്രതിഷേധിച്ചു.

Related News