Loading ...

Home Education

ബിഹാറില്‍ എഞ്ചിനീയറിങ്, മെഡിക്കല്‍ കോളജ് സീറ്റുകളില്‍ പെണ്‍കുട്ടികള്‍ക്ക് 33 ശതമാനം സംവരണം

സംസ്ഥാനത്തെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി നിര്‍ണായക നീക്കവുമായി ബിഹാര്‍ സര്‍ക്കാര്‍. എഞ്ചിനീയറിങ് മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തിന് പെണ്‍കുട്ടികള്‍ക്ക് 33 ശതമാനം സീറ്റുകള്‍ (മൂന്നില്‍ ഒന്ന് അനുപാതത്തില്‍) സംവരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്.

ഇതിനു മുന്നോടിയായി നടന്ന ചര്‍ച്ചയില്‍ ഉപ മുഖ്യമന്ത്രി തര്‍കിഷോര്‍ പ്രസാദ്, വിദ്യാഭ്യാസ മന്ത്രി വിജയ് കുമാര്‍ ചൗധരി ആരോഗ്യ മന്ത്രി മംഗള്‍ പാണ്ഡെ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ദീപക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. മെഡിക്കല്‍ എഞ്ചിനീയറിങ് കോഴ്സുകളില്‍ പെണ്‍കുട്ടികള്‍ക്കായി പ്രത്യേക സംവരണ സീറ്റുകള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. -

ബുധനാഴ്ച നടന്ന അവലോകന ചര്‍ച്ചയില്‍, മെഡിക്കല്‍ എഞ്ചിനീയറിങ് പഠനത്തിനായി ബിഹാറിലെ പെണ്‍കുട്ടികള്‍ക്ക് മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ട സ്ഥിതി വിശേഷമുണ്ടെന്നും, ഇത് പരിഹരിക്കുന്നതിനാണ് തീരുമാനമെന്നും നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. മെഡിക്കല്‍ എഞ്ചിനീയറിങ് പഠനത്തിന് സംവരണം നല്‍കുന്നത് ഉന്നത വിദ്യാഭ്യാസം നേടാനും പെണ്‍കുട്ടികളുടെ മുഖ്യധാരയിലേക്ക് കടന്നു വരുന്നതിനും അവരുടെ ഉന്നമനത്തിനും സഹായകരമാകുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. സര്‍ക്കാരിന്റെ തീരുമാനം ചരിത്രപരം ആണെന്നാണ് വിദ്യാഭ്യാസ മന്ത്രി വിജയകുമാര്‍ ചൗധരി വിശേഷിപ്പിച്ചത്.


പുതിയ നിര്‍ദേശത്തിന് ഔദ്യോഗിക മാനം നല്‍കുന്നതിനായി അടുത്ത അസംബ്ലി സെഷനില്‍ രണ്ട് പുതിയ ബില്ലുകള്‍ സര്‍ക്കാര്‍ അവതരിപ്പിക്കും. ബിഹാര്‍ എഞ്ചിനീയറിങ് യൂണിവേഴ്സിറ്റി ബില്‍, ബിഹാര്‍ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ബില്‍ എന്നിങ്ങനെയുള്ള രണ്ട് ബില്ലുകളാണ് അവതരിപ്പിക്കുന്നത്. ഈ രണ്ടു ബില്ലുകളും അടുത്ത അസംബ്ലി സെഷനില്‍ അവതരിപ്പിച്ച്‌ പാസാക്കുമെന്നും ഗവര്‍ണറുടെ അനുവാദം ലഭിച്ചാല്‍ ഉടന്‍ തന്നെ പുതിയ സര്‍വകലാശാല നിയമങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

Related News