Loading ...

Home National

കോവിഡ് മരുന്ന് പൂഴ്ത്തിവച്ച സംഭവം: ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ കുറ്റക്കാര്‍


കോവിഡ് മരുന്ന് പൂഴ്ത്തിവച്ച സംഭവത്തില്‍ മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന്റെ പേരിലുള്ള ഫൗണ്ടേഷന്‍ കുറ്റക്കാരെന്ന് കണ്ടെത്തി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)യാണ് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗൗതം ഗംഭീര്‍ ഫൗണ്ടേഷനെതിരായ ആരോപണം ശരിവച്ചത്. ഡല്‍ഹി ഹൈക്കോടതിക്കു മുന്‍പാകെയാണ് ഡിസിജിഐ ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് രോഗികള്‍ക്കു നല്‍കുന്ന ഫാബിഫ്‌ളു മരുന്നാണ് ഫൗണ്ടേഷന്‍ വലിയ തോതില്‍ ശേഖരിച്ചു പൂഴ്ത്തിവച്ചത്. സംഭവത്തില്‍ നേരത്തെ ഡിസിജിഐ ഗംഭീര്‍ ഫൗണ്ടേഷന് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഇതില്‍ ഡിസിജിഐയെ കടുത്ത സ്വരത്തില്‍ ശാസിച്ച കോടതി സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ പുതിയ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

മരുന്നു പൂഴ്ത്തിവച്ചതിനെതിരെ ഫൗണ്ടേഷനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഡിസിജിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഒട്ടും അമാന്തമുണ്ടാകരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരുന്നു വിതരണക്കാര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും അവര്‍ക്കെതിരെയും നടപടി വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ആളുകള്‍ മരുന്നിന് ക്ഷാമം നേരിടുമ്ബോള്‍ ഇത്തരത്തില്‍ ശേഖരിച്ചുവയ്ക്കുന്നത് വലിയ തെറ്റാണെന്നാണ് കോടതി നിരീക്ഷിച്ചത്.

അതേസമയം, എഎപി എംഎല്‍എ പ്രവീണ്‍ കുമാറും സമാനമായ മറ്റൊരു കേസില്‍ കുറ്റക്കാരനാണെന്ന് ഡിസിജിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. ഗംഭീര്‍ ഫൗണ്ടേഷന്‍ ചെയ്ത പോലെ തന്നെ വലിയ തോതില്‍ മരുന്ന് വാങ്ങിക്കൂട്ടി ശേഖരിച്ചുവച്ചതാണ് എംഎല്‍എക്കെതിരായ കുറ്റം.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി ആറ് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസില്‍ വാദംകേള്‍ക്കല്‍ ജൂലൈ 29ലേക്ക് നീട്ടിവച്ചിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ കോവിഡ് മരുന്ന് വലിയ തോതില്‍ വാങ്ങിക്കൂട്ടി പൂഴ്ത്തിവയ്ക്കുന്നതിനെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടല്‍.

Related News