Loading ...

Home National

പ്രതിഷേധം ശക്തമാക്കുന്നു; ലക്ഷദ്വീപില്‍ ജനകീയ നിരാഹാര സമരം


കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ ദ്വീപ് നിവാസികളുടെ 12 മണിക്കൂര്‍ ജനകീയ നിരാഹാര സമരം. സമരത്തിന് പുറമെ ഹൈകോടതിയില്‍ നിയമ പോരാട്ടം തുടരാനും കൊച്ചിയില്‍ ചേര്‍ന്ന സേവ് ലക്ഷദ്വീപ് ഫോറം യോഗം തീരുമാനിച്ചു.

ലക്ഷദ്വീപുകളിലെ മുഴുവന്‍ ജനങ്ങളെയും പ്രതിഷേധ സമരങ്ങളിലേക്ക് ഇറക്കാനാണ് ലക്ഷദ്വീപ് ഫോറത്തിന്‍റെ തീരുമാനം. ഇതിനായി ഓരോ ദ്വീപുകള്‍ കേന്ദ്രീകരിച്ചും ഫോറത്തിന്‍റെ കമ്മിറ്റികള്‍ക്ക് രൂപം നല്‍കും. ജില്ല പഞ്ചായത്തുകളുടെ നേതൃത്വത്തിലാകും കമ്മിറ്റികള്‍ രൂപീകരിക്കുക.

അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടും ഭരണപരിഷ്കാരങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഏഴാം തീയതി മുഴുവന്‍ ദ്വീപുകളിലെയും ജനങ്ങളെ പങ്കെടുപ്പിച്ച്‌ നിരാഹാര സമരം നടത്തുക. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ കടുത്ത പ്രതിഷേധങ്ങളിലേക്ക് നീങ്ങുമെന്നും സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികള്‍ പറഞ്ഞു.

പ്രതിഷേധങ്ങള്‍ക്കൊപ്പം ഹൈക്കോടതിയില്‍ നിയമ പോരാട്ടം തുടരും. ഇതിനായി നിയമവിദഗ്ധരെ ഉള്‍പ്പെടുത്തി വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കും. ദേശീയതലത്തിലും സമരം ശ്രദ്ധിക്കപ്പെട്ടതിനാല്‍ ലക്ഷദ്വീപിന്‌ അനുകൂല തീരുമാനം കേന്ദ്രത്തില്‍ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സേവ് ലക്ഷദ്വീപ് ഭാരവാഹികള്‍ കരുതുന്നു .

അതേസമയം, ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ എല്‍.ഡി.എഫ് നടത്തുന്ന പ്രതിഷേധ സമരം ഇന്ന്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ജനാധിപത്യവിരുദ്ധ വര്‍ഗ്ഗീയ നിലപാടുകളില്‍ നിന്ന് പിന്‍തിരിയണമെന്നാണ് ഇടത് മുന്നണിയുടെ നിലപാട്. വിവിധ സമരകേന്ദ്രങ്ങളില്‍ എല്‍.ഡി.എഫ് നേതാക്കളും, എം.എല്‍.എമാരും ജനപ്രതിനിധികളും സമരത്തിന് നേതൃത്വം നല്‍കും.എല്‍.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ എ. വിജയരാഘവന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സമരത്തിന് നേതൃത്വം നല്‍കും.

Related News