Loading ...

Home National

സിബിഎസ്‌ഇ മാര്‍ക്ക് നിര്‍ണയ ബദല്‍ സംവിധാനങ്ങള്‍ രണ്ടു മാസത്തിനകം

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ മാര്‍ക്ക് നിര്‍ണ്ണയത്തിനുള്ള ബദല്‍ സംവിധാനം പൂര്‍ത്തിയാക്കാന്‍ രണ്ടു മാസത്തെ സമയം വേണ്ടിവരുമെന്ന് സര്‍ക്കാര്‍ വ്യത്തങ്ങള്‍. പത്താം ക്ലാസ് മാതൃകയില്‍ ഇന്‍്റേണല്‍ മാര്‍ക്ക് കണക്കിലെടുത്തുള്ള ഫലപ്രഖ്യാപനമാണ് ആലോചനയിലുള്ളത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസ് മാര്‍ക്കാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയാകെ വിശ്വാസത്തിലെടുക്കേണ്ടിവരും.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള കൂടിയാലോചനകള്‍ ഉടന്‍ നടക്കും. സ്കൂളുകളുടെ നിലവാരം അനുസരിച്ചുള്ള മോഡറേഷനും ആലോചനയിലുണ്ട്. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഇന്‍റേണല്‍ മാര്‍ക്ക് തന്നെ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് നല്‍കുന്നത് എന്ന കാര്യം ബോധ്യമുണ്ടെന്ന് സിബിഎസ്‌ഇ വ്യത്തങ്ങള്‍ പറഞ്ഞു. എന്‍ട്രന്‍സ് പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി ഏല്‍ക്കാതിരിക്കാന്‍ ബന്ധപ്പെട്ട ബോര്‍ഡുകളുമായി സംസാരിക്കാനും തീരുമാനമായി.

സിബിഎസ്‌ഇ പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ മാര്‍ക്ക് നിര്‍ണ്ണയത്തിന് സിബിഎസ്‌ഇ പരിഗണിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്

●പത്താം ക്ളാസ് മാതൃകയില്‍ ഒരു വര്‍ഷത്തെ ഇന്‍റേണല്‍ മാര്‍ക്കിന്‍റെ ശരാശരി എടുക്കുക
●ഇത് കഴിഞ്ഞ മൂന്നു വര്‍ഷത്തെ ശരാശരിയുമായി ഒത്തു നോക്കുക
പന്ത്രണ്ടാം ക്ലാസിലെ ഇന്‍റേണല്‍ മാര്‍ക്ക് മാത്രം പരിഗണിക്കുക
●പത്തിലെ ബോര്‍ഡ് പരീക്ഷ മാര്‍ക്കും 11, 12 ക്ലാസിലെ ഇന്‍റേണല്‍ മാര്‍ക്കും പരിഗണിച്ച്‌ ശരാശരി എടുക്കുക
●പത്തിലെ ബോര്‍ഡ് മാര്‍ക്കും പന്ത്രണ്ടിലെ ഇന്‍റേണല്‍ മാര്‍ക്കും മാത്രം കണക്കിലെടുക്കുക

സിബിഎസ്‌ഇ പരീക്ഷ റദ്ദാക്കിയ കാര്യം നാളെ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. സംസ്ഥാന ബോര്‍ഡുകളുടെ കാര്യത്തിലും കോടതി ഇടപെട്ടേക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തെ എങ്ങനെ തീരുമാനം ബാധിക്കും എന്ന് വ്യക്തമായിട്ടില്ല. പ്രവേശനത്തിന് സിബിഎസ്‌ഇ മാര്‍ക്ക് അംഗീകരിക്കാമെന്നും പ്രത്യേക എന്‍ട്രന്‍സ് ഉണ്ടാവില്ലെന്നും ഡല്‍ഹി സര്‍വ്വകലാശാല മാത്രമാണ് ഇതുവരെ പ്രഖ്യാപിച്ചത്. ഇതിനിടെ സംസ്ഥാന ബോര്‍ഡ് പരീക്ഷകളും റദ്ദാക്കണമെന്ന് നാളെ സുപ്രീംകോടതിയില്‍ ആവശ്യപ്പെടുമെന്ന് ഹര്‍ജി നല്കിയ മമത ശര്‍മ്മ അറിയിച്ചു.

Related News