Loading ...

Home youth

തേപ്പും.. നൈസായിട്ട്.. by കൃഷ്ണ പൂജപ്പുര

അഞ്ചാറ് മാസങ്ങള്‍ക്കുമുമ്പ് ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. 24-25 വയസ്സുള്ള രണ്ട് ചെറുപ്പക്കാരുടെ സംസാരം വെറുതെ ഒന്ന് ശ്രദ്ധിച്ചുപോയി. 'തേപ്പ്' എന്ന പദം ഒന്നുരണ്ട് പ്രാവശ്യം പ്രയോഗിക്കുന്നത് കേട്ടാണ് ശ്രദ്ധിച്ചത്. എന്റെ വീടുപണി നടക്കുന്നു. സിമെന്റ് തേപ്പിന്റെ ജോലികളാണ് അടുത്തഘട്ടം. ഇവരും വീടുപണിയെക്കുറിച്ചാകും ഡിസ്കസ് ചെയ്യുന്നത്. അടിപൊളി ചെറുപ്പമാണെങ്കിലും പിള്ളേര്‍ക്ക് വീട്ടുകാര്യങ്ങളില്‍ ഉത്തരവാദിത്തം വന്നുപോയല്ലോ എന്നൊരു മതിപ്പും അവരോടെനിക്കുതോന്നി.
"എത്ര രൂപയാണനിയാ നിങ്ങള്‍ കൂലികൊടുക്കുന്നത്?'' ഞാന്‍ ചോദിച്ചു. വീടുപണി നടക്കുമ്പോള്‍ ഒരാള്‍ക്ക് വീടുപണി വിഷയം സംസാരിക്കാന്‍ ആവേശം കൂടും. അവര്‍ എന്നെ സംശയിച്ചൊന്നു നോക്കി.
"എന്തു കൂലി?''
"സിമെന്റ് തേപ്പിന് മേസ്തിരിക്ക് കൂലി. ദിവസക്കൂലിയാണോ അടങ്കലോ?''
അവര്‍ പരസ്പരം ഒന്നുനോക്കി. 'ഇയാള്‍ക്ക് വട്ടാണോ' എന്നൊരു സംശയം അവരുടെ കണ്ണുകള്‍ കമ്യൂണിക്കേറ്റ് ചെയ്യുന്നത് ഞാന്‍ കൃത്യമായി കണ്ടു.
"വീടുപണിയെക്കുറിച്ചല്ലേ നിങ്ങള്‍ സംസാരിച്ചത്. തേപ്പ് എന്നൊക്കെ പറയുന്നതുകേട്ടു. അതോ ഇനി തുണി ഇസ്തിരിയിടുന്നതിനെക്കുറിച്ചോ? അതും തേയ്പ്പാണല്ലോ?''
അവര്‍ ഒരു ചിരിചിരിച്ചു. പണ്ട് കുരുക്ഷേത്രഭൂമിയില്‍ പാര്‍ഥന്റെ സംശയങ്ങള്‍കേട്ട് പാര്‍ഥസാരഥി ചിരിച്ച ചിരിപോലെയാണ് ആ ചിരി എനിക്ക് തോന്നിയത് (മണ്ടന്‍ ശിഷ്യന്റെ സംശയംകേട്ട് ഗുരു ചിരിക്കുന്ന സഹതാപച്ചിരി). ഹാസാനന്തരം അവര്‍ വിശദീകരിച്ചു. അവരുടെ കൂട്ടുകാരനെ കൂട്ടുകാരന്റെ ലവര്‍ ചതിച്ചു. അതിനെക്കുറിച്ചാണത്രെ അവര്‍ പറഞ്ഞത്. ചതിക്കുന്നതിന് ഇപ്പോള്‍ തേപ്പ് എന്നാണത്രെ പറയുന്നത്.
അന്നുമുതല്‍ ഞാന്‍ ശ്രദ്ധിച്ചുതുടങ്ങി. സംഗതി ശരിയാണ്. സിനിമയില്‍, നാട്ടുവര്‍ത്തമാനങ്ങളില്‍, ഫെയ്സ്ബുക്കില്‍, വാട്സാപ്പില്‍ ഒക്കെ 'തേപ്പ്' ഒരു വിഷയമാണ്. വാക്കുകളുടെ അര്‍ഥങ്ങള്‍ എത്ര പെട്ടെന്നാണ് മാറുന്നത്. പുതിയ വാക്കുകള്‍ നിത്യസംഭാഷണനിഘണ്ടുവില്‍ എത്ര വേഗത്തിലാണ് കടന്നുവരുന്നത്. കാലം അങ്ങനെയാണ്. ചെത്ത് എന്നത് തെങ്ങിലെ കള്ളുചെത്ത് എന്നത് മാത്രമായിരുന്ന സമയത്താണ് 'സ്റ്റൈലിഷ്' എന്നൊക്കെയുള്ള അര്‍ഥത്തില്‍ 'ചെത്ത്' ചെറുപ്പക്കാര്‍ ഏറ്റെടുത്തത്. 'ചെത്തുപയ്യന്‍', 'ചെത്തിപ്പോകുന്നത് കണ്ടില്ലേ' എന്നൊക്കെ. ഇപ്പോഴിതാ തേപ്പ്... അതാ എവിടെനിന്നോ സിനിമാപ്പാട്ടും കേള്‍ക്കുന്നു: 'തേച്ചില്ലേ പെണ്ണേ തേച്ചില്ലേ പെണ്ണേ...'

ചതി-വഞ്ചന

പ്രണയം മനോഹരവും ഗൌരവവും ആയി കണ്ടിരുന്ന പഴയകാലത്ത് പകുതിയില്‍ പ്രേമം ഇട്ടെറിഞ്ഞുപോകുന്നതിനെ 'ചതി-വഞ്ചന' എന്നൊക്കെ സെന്‍സിറ്റിവ്നെസും രോഷവും ഒക്കെ അടങ്ങിയിട്ടുള്ള വാക്കുകള്‍കൊണ്ടായിരുന്നു വിശേഷിപ്പിച്ചിരുന്നത്. 'അവള്‍ അവനെ വഞ്ചിച്ചു', 'അവന്‍ അവളെ ചതിച്ചു' എന്ന പ്രയോഗങ്ങളൊക്കെ പ്രണയത്തോട് ചേര്‍ന്നുവരുമായിരുന്നു. ആ ചതിയും വഞ്ചനയുമൊക്കെ പരാജിതരുടെ മനസ്സില്‍ നീറിനില്‍ക്കുകയുംചെയ്യും. വഞ്ചിച്ചിട്ടുപോയി എന്നറിയുമ്പോഴുള്ളതിന്റെ നൂറിലൊന്ന് ഷോക്കുപോലും 'തേയ്ച്ചിട്ടുപോവു'മ്പോള്‍ ഇരയ്ക്ക് ഉണ്ടാകാറില്ല. ചതിയില്‍നിന്നും വഞ്ചനയില്‍നിന്നുമൊക്കെ ഇടയ്ക്കെപ്പോഴോ കാലുമാറ്റവും പ്രണയത്തില്‍ കയറിവന്നു. അവന്‍ കാലുമാറിക്കളഞ്ഞു. അല്ലെങ്കില്‍ അവള്‍ കാലുമാറിക്കളഞ്ഞു. ചതിക്കപ്പെട്ടു എന്നറിഞ്ഞാല്‍ പകയും നീറ്റലും രോഷവും അമര്‍ഷവും പ്രതികാരവുമൊക്കെയാണ് മനസ്സിലുണ്ടാകുന്നതെങ്കില്‍ തേയ്ക്കപ്പെട്ടു എന്നറിഞ്ഞാല്‍ ഒരു ചളിപ്പില്‍ ആളൊതുങ്ങിപ്പോകും എന്നാണ് 'തേപ്പ്' എന്ന വാക്ക് ഇപ്പോഴും ഡൈജസ്റ്റ് ചെയ്യാതെ കിടക്കുന്ന എനിക്ക് തോന്നുന്നത്.

പ്രണയം-നൈരാശ്യം

അന്നായാലും ഇന്നായാലും പ്രണയത്തിലും അനുബന്ധ വഞ്ചന-തേപ്പ് ഘടകങ്ങളിലും ചില സമാനതകളും ചില വൈരുധ്യങ്ങളുമുണ്ട്. പ്രണയം മനസ്സില്‍ കയറാനും അതങ്ങുറയ്ക്കാനും കുറച്ചധികംസമയം വേണമെങ്കില്‍ ഒഴിവാക്കാന്‍ അതിന്റെ പത്തിലൊന്ന് ടൈം മതി. അമ്പലം, പള്ളി, ബസ് സ്റ്റാന്‍ഡ്, പാര്‍ക്ക്, ബീച്ച് എന്നിവിടങ്ങളിലൂടെ അനേകം ദിവസത്തെ കണ്ടുമുട്ടലുകളിലൂടെയാണ് പ്രണയം വളര്‍ന്ന് പടര്‍ന്ന് തളിര്‍ക്കുന്നതെങ്കില്‍ ഒറ്റ സിറ്റിങ്ങിലാണ് അവസാനിക്കുന്നത്. 'കഴിഞ്ഞതെല്ലാം മറക്കാം', 'ഒരു ആങ്ങളയുടെ സ്ഥാനത്താണ് ഞാന്‍ കണ്ടിരുന്നത്', 'വീട്ടുകാര്‍ പറയുന്നത് അനുസരിക്കാനേ പറ്റൂ', 'നിനക്ക് എന്നെക്കാള്‍ നല്ല ആളിനെ കിട്ടും' എന്ന് തുടങ്ങി 'കല്യാണത്തിന് വരണം', 'കുഞ്ഞിന് എന്റെ പേരിടണം' എന്ന് ഒരല്‍പ്പം അതിക്രമമാണെന്നുതോന്നുന്ന പൈങ്കിളി ലെവലില്‍വരെ എത്തുന്ന സ്ഥിരം ഡയലോഗുകളിലേതെങ്കിലുമൊക്കെ മംഗളഗാനത്തോടനുബന്ധിച്ചുണ്ടാകും. 'മഹേഷിന്റെ പ്രതികാരം' സിനിമയിലെ ക്ളാസിക് ഒഴിവാക്കല്‍ സീനിലൂടെ 'നൈസായിട്ടങ്ങ് ഒഴിവാക്കി അല്ലേ' എന്ന ഡയലോഗും വേര്‍പിരിയല്‍ ബ്രാന്റ് ഡയലോഗായി മാറിക്കഴിഞ്ഞു.

താടി

  വര: വാമനപുരം മണി
മുമ്പ് പ്രണയപരാജിതന്റെ പ്രധാന ജോലികളിലൊന്ന് താടിവളര്‍ത്തലായിരുന്നു. പ്രണയിച്ച് നടക്കുന്നകാലത്ത് ദിവസവും രണ്ടുവട്ടം മുഖം മിനുക്കിയിരുന്നതിന്റെ പ്രായശ്ചിത്തമായിട്ടാണെന്നുതോന്നും പരാജയത്തിനുശേഷമുള്ള താടിവളര്‍ത്തല്‍. ചിലര്‍ അത്യാവശ്യം കവിതാമേഖലകളിലും കൈവയ്ക്കും. പ്രണയകാലത്ത് കൈമാറിയിരുന്ന സന്ദേശങ്ങള്‍ തിരികെവാങ്ങി ഭാവി സേഫാക്കല്‍ അന്നും ഇന്നും തുടരുന്നുണ്ട്. ഇന്ന് പക്ഷേ താടിവളര്‍ത്തല്‍ കാണുന്നില്ല. മുമ്പൊക്കെ പ്രണയം ഒറ്റപ്രണയവും പ്രണയപരാജയം ടോട്ടല്‍ പ്രണയജീവിതത്തിന്റെ അവസാനവുമാണെങ്കില്‍ ഇന്ന് മറ്റൊരു പ്രണയം ആരംഭിക്കുന്നതിനുവേണ്ടിയാണ് തേപ്പുകള്‍ സംഭവിക്കുന്നത്. അന്ന് മനസ്സുകള്‍ തമ്മിലാണ് പ്രണയം സംഭവിക്കുന്നതെങ്കില്‍ ഇന്ന് മതം, ജാതി, ഉപജാതി, പ്രണയിക്കാന്‍പോകുന്ന പെണ്ണിന്റെ/ആണിന്റെ കുടുംബ ആസ്തി, ജാതകം, നാള്‍പൊരുത്തം തുടങ്ങിയ ഘടകങ്ങളൊക്കെ നിര്‍ണായകമാണ്. യുവത്വം പ്രണയത്തിലും ഇപ്പോള്‍ കുറെയൊക്കെ പ്രാക്ടിക്കല്‍ ആയതുകൊണ്ട് മകന്‍/മകള്‍ പ്രണയത്തിലാണെന്നറിഞ്ഞാലും വീട്ടുകാര്‍ക്ക് വലിയ ടെന്‍ഷന്‍ കാണില്ല. മുമ്പ് പ്രണയനൈരാശ്യങ്ങള്‍ ആത്മഹത്യകളില്‍വരെ എത്തിച്ചിരുന്നു. പ്രേമപരാജിതന്റെ ആത്മഹത്യയില്‍ കൂട്ടുകാരനുണ്ടായ ദുഃഖം മലയാളത്തിന് ലോകനിലവാരത്തിലുള്ള ഒരു വിലാപകാവ്യംതന്നെ ലഭിക്കാന്‍ കാരണമായിട്ടുണ്ട് - രമണന്‍. മറ്റൊരു വഞ്ചനയില്‍നിന്ന് കിടുകിടെ വിറപ്പിക്കുന്ന ഒരു ഐതിഹ്യകഥ ലഭിച്ചു- കള്ളിയങ്കാട്ടുനീലി.

തേപ്പ് എല്ലായിടവും

വഞ്ചന-കൈവിടല്‍ പ്രണയത്തില്‍ മാത്രമല്ല ജീവിതത്തില്‍ പല ഘട്ടങ്ങളിലും അനുഭവിക്കാം. കാമുകീ-കാമുകബന്ധത്തിലല്ല കുടുംബ ബന്ധത്തിലുമുണ്ട് ഇത്. ഒരു പ്രായംവരെ മക്കളുടെ ലോക ഹീറോകളാണ് അച്ഛനമ്മമാര്‍.  അച്ഛനെക്കുറിച്ച് പറയുമ്പോള്‍ മക്കള്‍ക്ക് നൂറുനാവ്. എന്റെ അച്ഛന്‍ എനിക്ക് ഫ്രണ്ടിനെപ്പോലെയാണ്, അച്ഛന്‍ പുലിയാണ് എന്നൊക്കെയാണ് വാചകമടി. മകന്‍ കുടുംബസ്ഥനാകുന്നു. മകന് മകനും മകളുമൊക്കെയാകുന്നു. അച്ഛന്‍പുലിയുടെ പല്ലുകൊഴിയുന്നു. അച്ഛനും അമ്മയുമൊക്കെ ചെറിയ ബാധ്യതകള്‍ ആണെന്ന ഉള്‍വിളി വന്നുതുടങ്ങുന്നു. 'പെങ്ങളുടെ സ്ഥാനത്തുകാണണം' എന്നാണ് പ്രണയത്തിലെ തേപ്പ് വാചകമെങ്കില്‍, 'അച്ഛന്‍ അവിടെ ഹാപ്പിയായിരിക്കും. സ്വന്തം പ്രായത്തിലുള്ള ധാരാളം ആള്‍ക്കാരുണ്ടായിരിക്കും' എന്നൊക്കെയുള്ള ഡയലോഗുകളിലൂടെ അച്ഛനെയും അമ്മയെയും നൈസായി വൃദ്ധസദനത്തിലേക്ക് പറഞ്ഞുവിടും. മനഃപ്രയാസത്തോടെയാണെങ്കിലും ഒരു തേപ്പ്.
വലിയ പദവികളില്‍ എത്തുമ്പോള്‍ മുമ്പ് കഷ്ടപ്പാടുകളില്‍ ഒന്നിച്ചുണ്ടായിരുന്ന സുഹൃത്ത് കാണാന്‍വന്നാല്‍ കതകിലെ കണ്ണാടി ദൂരദര്‍ശിനിയിലൂടെ നോക്കി 'ഞാനിവിടെ ഇല്ലെന്നുപറഞ്ഞേയ്ക്ക്' എന്ന് ഭാര്യയോടോ ജോലിക്കാരോടോ പറഞ്ഞുവിടുന്നതും തേയ്ക്കലാണ്. ഭിത്തിയോട് ചേര്‍ത്ത് സിമെന്റ് തേച്ച് പരത്തല്‍.
വാല്‍ക്കഷണം: 'ഇന്നലെ എന്റെ പഴയ കാമുകിയുടെ വീടുകണ്ടു. സ്വന്തം വീടുപോലും തേയ്ക്കാതെയാണല്ലോ എന്നെ തേച്ചിട്ടുപോയതെന്നാലോചിച്ചപ്പോള്‍ കണ്ണ് നിറഞ്ഞുപോയി'.

Related News