Loading ...

Home Kerala

കാലിക്കറ്റ് സര്‍വകലാശാലയെ സവര്‍ണ അഗ്രഹാരമാക്കാനുള്ള ഇടത് സിന്‍ഡിക്കേറ്റ് നീക്കം അംഗീകരിക്കില്ല -ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

തിരുവനന്തപുരം: രാജ്യത്തെ സര്‍വകലാശാലകള്‍ ജാതിവിവേചനം നടത്തുന്ന വരേണ്യ കേന്ദ്രങ്ങളാണെന്നും ദലിത്, ആദിവാസി വിഭാഗങ്ങളോടും മുസ്ലിം ന്യൂനപക്ഷങ്ങളോടും പുറംതള്ളല്‍ സമീപനമാണ് സ്വീകരിക്കുന്നതെന്നും 'മാധ്യമം' ദിനപത്രത്തില്‍ ലേഖനം എഴുതിയതിന് ചരിത്ര വിഭാഗം അധ്യാപകനും ചരിത്രകാരനും ദലിത്-കീഴാള പഠന വിദഗ്ധനുമായ ഡോ. കെ.എസ്. മാധവനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്. സംവരണ വിരുദ്ധതയെ ചോദ്യം ചെയ്യുന്നവരെ നിശബ്ദമാക്കി കാലിക്കറ്റ് സര്‍വകലാശാലയെ സവര്‍ണ അഗ്രഹാരമാക്കാനുള്ള ഇടത് സിന്‍ഡിക്കേറ്റ് തീരുമാനത്തെ ചെറുത്ത് തോല്‍പിക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്‍റ് വ്യക്തമാക്കി. സാമൂഹിക നീതിക്കും സംവരണ അട്ടിമറിക്കുമെതിരെ ശബ്ദിക്കുന്ന ഡോ. കെ.എസ്. മാധവന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ഐക്യദാര്‍ഢ്യം അറിയിച്ചു. സര്‍വകലാശാലയുടെ സല്‍പേരിന് കളങ്കം വരുത്തിയെന്ന കുറ്റം ചുമത്തിയാണ് ഡോ. കെ.എസ് മാധവനോട് ഒരാഴ്ചക്കകം വിശദീകരണം നല്‍കാന്‍ സര്‍വകലാശാല അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിവരാവകാശ രേഖയില്‍ പോലും സംവരണവുമായി ബന്ധപ്പെട്ട പലരേഖകളും കൈമാറാന്‍ യൂനിവേഴ്‌സിറ്റി തയാറായിരുന്നില്ല.കാലിക്കറ്റിലെ അധ്യാപക നിയമനത്തിലെ സംവരണ അട്ടിമറിക്കെതിരെ ഫ്രറ്റേണിറ്റി ഫയല്‍ ചെയ്ത കേസ് കോടതിയുടെ പരിഗണനയിലാണ്. ഇത്തരം നിയമ പോരാട്ടങ്ങളെ കൂടുതല്‍ ശക്തിയോടെ മുന്നോട്ട് കൊണ്ട് പോകുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.സംസ്ഥാന സെക്രട്ടേറിയറ്റില്‍ സംസ്ഥാന പ്രസിഡന്‍റ് നജ്ദ റൈഹാന്‍ അധ്യക്ഷത വഹിച്ചു. അര്‍ച്ചന പ്രജിത്ത്, എസ്. മുജീബുറഹ്മാന്‍, കെ.കെ. അഷ്റഫ്, മഹേഷ് തോന്നക്കല്‍, സാന്ദ്ര എം.ജെ., കെ.എം. ഷെഫ്രിന്‍, സനല്‍ കുമാര്‍, ലത്തീഫ് പി.എച്ച്‌., അമീന്‍ റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related News