Loading ...

Home Kerala

സര്‍ക്കാരിനെതിരെ പിഎസ്‌സി ഉദ്യോ​ഗാര്‍ഥികള്‍ സമരം കടുപ്പിക്കുന്നു; സെക്രട്ടേറിയറ്റിലേക്ക് ലോങ് മാര്‍ച്ച്‌

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടികകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം കടുപ്പിക്കുന്നു. തെര‍ഞ്ഞെടുപ്പിന് ഇനി ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേയാണ് ഉദ്യോ​ഗാര്‍ഥികള്‍ സമരം കടുപ്പിക്കുന്നത്. കാരക്കോണത്ത് നിന്ന് സെക്രട്ടേറിയറ്റിലേക്ക് നാളെയും മറ്റന്നാളുമായി ഉദ്യോ​ഗാര്‍ഥികള്‍ ലോങ് മാര്‍ച്ച്‌ സംഘടിപ്പിക്കും. പട്ടികയില്‍ ഇടം പിടിച്ചിട്ടും ജോലി കിട്ടാത്തതില്‍ നിരാശനായി ജീവനൊടുക്കിയ കാരക്കോണം സ്വദേശി അനുവിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച്‌ അനുവിന്റെ അമ്മ ഫ്ലാഗ് ഓഫ് ചെയ്യും. സെക്രട്ടേറിയറ്റിനു മുന്നില്‍ ശക്തമായ സമരം ചെയ്ത സിവില്‍ പൊലീസ് ഓഫീസര്‍, ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്, കെഎസ്‌ആര്‍ടിസി റിസര്‍വ് ഡ്രൈവര്‍, മെക്കാനിക് റാങ്ക് പട്ടികകളില്‍ ഉള്‍പ്പെട്ടവരാണു കാല്‍നട പ്രതിഷേധം സംഘടിപ്പിക്കുന്നത്. മറ്റന്നാള്‍ മാര്‍ച്ച്‌ തിരുവനന്തപുരത്ത് എത്തുന്നതിനൊപ്പം തമ്ബാനൂരില്‍ നിന്ന് തൊഴില്‍രഹിതരുടെ റാലിയും സംഘടിപ്പിക്കും. സെക്രട്ടേറിയറ്റിനു മുന്നിലെ സമാപന സമ്മേളനം സിനിമ നടന്‍ ജഗദീഷ് ഉദ്ഘാടനം ചെയ്യും. ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധത്തിനു നേരെയുള്ള സര്‍ക്കാര്‍ സമീപനവും പിന്‍വാതില്‍ നിയമനങ്ങളും വലിയ തെരഞ്ഞെടുപ്പ് വിഷയമായി കത്തി നില്‍ക്കെയാണ് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധം കടുപ്പിക്കുന്നത്. സെക്രട്ടേറിയറ്റിനു മുന്നില്‍ സിപിഒ പട്ടികയിലുള്ളവര്‍ രണ്ട് മാസം മുന്‍പ് ആരംഭിച്ച അനിശ്ചിതകാല സമരം തുടരുകയാണ്.

Related News