Loading ...

Home youth

അച്ഛന്റെ കൃതികളെ വേദിയിലവതരിപ്പിക്കാന്‍ ധൈര്യമായിട്ടില്ലെന്ന് എം ടിയുടെ മകള്‍

കണ്ണൂര്‍ > നര്‍ത്തകിയെന്ന നിലയില്‍ അച്ഛന്റെ എഴുത്തിനെ തൊടാന്‍ ഇന്നും ഭയമാണെന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം ടിയുടെ മകള്‍ അശ്വതി. "ധൈര്യമില്ലാത്തതുകൊണ്ടാണ്...കൃതിയോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ കഴിയുമെന്ന വിശ്വാസം ഇതുവരെ വന്നിട്ടില്ല. അങ്ങനെയാവുമ്പോള്‍ അച്ഛന്റെ രചന നൃത്തമാക്കുന്നത് ആലോചിക്കും.''- അശ്വതി പറഞ്ഞു. ശ്രീ ശങ്കരാചാര്യ സ്കൂള്‍ ഓഫ് മ്യൂസിക് സംഘടിപ്പിച്ച നൃത്തശില്‍പശാലയ്ക്ക് നേതൃത്വം നല്‍കാനാണ് അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കണ്ണൂരിലെത്തിയത്.നൃത്തം എന്ന അനുഭവത്തെ ആഴത്തില്‍ അറിയാനുള്ള യാത്രകളാണ് ഇരുവരുടെയും ജീവിതം. സീമകളെല്ലാം ലംഘിച്ച് നൃത്തവും ജീവിതവും ഒന്നായിത്തീര്‍ന്നതിന്റെ ശാന്തതയും ആനന്ദവുമുണ്ട് ഇവരുടെ നിമിഷങ്ങള്‍ക്ക്. "നര്‍ത്തകരില്‍ കേന്ദ്രീകരിക്കപ്പെടുന്ന ആസ്വാദകന്റെ കാഴ്ച പഴയ രീതിയായികഴിഞ്ഞു. നൃത്തം അനുഭവമാക്കുകയാണ് ഇന്ന്. അതിനായി ദീപസംവിധാനവും വേദിയുമെല്ലാം സാങ്കേതികമായി നവീകരിക്കപ്പെടുകയാണ്. നര്‍ത്തകി കാണികള്‍ക്ക് മുന്നില്‍ പറയാനുദ്ദേശിക്കുന്നത് പൂര്‍ണമായും വിനിമയം ചെയ്യാന്‍ ഈ സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ട് പുതിയ കാലത്ത്. നൃത്തം പഠിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും നൃത്തം ജീവനോപാധിയാക്കാന്‍ ഇന്നും സമൂഹത്തിന് മടിയാണ്. നൃത്തം പഠിക്കാന്‍ വേണ്ടി പഠിക്കുന്നു. പിന്നെ വേറെ തൊഴില്‍ തേടി പോവുന്നു. നൃത്തം പ്രൊഫഷനാക്കിയവര്‍ക്ക് അതില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയേ പറ്റൂ.കലയുടെ ആദ്യലക്ഷ്യം ആസ്വാദനമാണ്. എങ്കിലും ചിലതൊക്കെ സമൂഹത്തിലേക്ക് പകരാനും കലയ്ക്ക് ഉത്തരവാദിത്തമുണ്ട്. ആസ്വാദനം പൂര്‍ണതയിലെത്തുമ്പോഴേ ആശയവിനിമയം നടക്കൂ. നൃത്തഭാഷ സാധാരണ ആസ്വാദകന് സങ്കീര്‍ണമായി തോന്നാം. ലളിതമാക്കാന്‍ നാടകത്തിന്റെയോ മറ്റ് കലകളുടെയോ സങ്കേതങ്ങളെ ഉപയോഗപ്പെടുത്തുന്നതില്‍ ശരികേടൊന്നുമില്ല. പക്ഷെ കലാരൂപത്തിന് അതിന്റെ തന്മയത്വം നഷ്ടപ്പെടരുതെന്നുമാത്രം''- അശ്വതി പറഞ്ഞു.കലോത്സവങ്ങളില്‍ ഒരുപാട് പ്രതീക്ഷയര്‍പ്പിക്കുന്നവരല്ല ഞങ്ങള്‍. നൃത്തത്തെ അടുത്തറിയാനുള്ള പഠനമാണ് വേണ്ടതെന്ന് ഞങ്ങള്‍ കുട്ടികളോട് പറയും. നൃത്തത്തില്‍ അലിഞ്ഞുചേര്‍ന്നാല്‍ മറ്റൊരു ജീവിതം സാധ്യമല്ല. എന്തിനു നൃത്തം ചെയ്യുന്നുവെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. സന്തോഷത്തിനുവേണ്ടി.

Related News