Loading ...

Home National

വിമാനങ്ങളുടെ കാലപ്പഴക്കം; എയര്‍ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരുടെ ചങ്കിടിപ്പ് കൂട്ടുന്നു

തിരുവനന്തപുരം: സംസ്ഥാന സെക്ടറില്‍ പറക്കുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനങ്ങളില്‍ അധികവും കാലപഴക്കം ചെന്നവയെന്ന് ആരോപണം. ഇത്തരം വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടി വരുന്നത് പലപ്പോഴും യാത്രക്കാരുടെ ചങ്കിടിപ്പ് കൂട്ടുന്നു. സംസ്ഥാനത്തിന്റെ വിമാനത്താവളത്തില്‍ കൂടുതല്‍ തവണ അടിയന്തര തിരിച്ചിറക്കലുകള്‍ നടത്തിയതും യന്ത്ര തകരാറുകള്‍ ഉണ്ടായതും എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനങ്ങള്‍ക്കാണ്. കഴിഞ്ഞ ദിവസം യന്ത്ര തകരാര്‍ കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് ഇറക്കേണ്ട എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കിയിരുന്നു. മുന്‍വശത്തെ ടയറിന്റെ ഭാഗത്ത് നിന്നും ഹൈഡ്രോളിക്ക് ഓയില്‍ ലീക്ക് ചെയ്യുകയായിരുന്നു. ഇത് ലാന്‍ഡിംഗ് സമയത്ത് ടയര്‍ നിലം തെടുമ്ബോള്‍ സ്പാര്‍ക്ക് ഉണ്ടായി തീപിടിക്കാന്‍ കാരണമാകും. ടയര്‍ നിലം തൊട്ടപ്പോള്‍ തന്നെ പുക ഉയര്‍ന്നെങ്കിലും വിമാനത്താവളത്തിലെ ഫയര്‍ഫോഴ്‌സിലെ ജീവനക്കാരുടെ കരുത്തിലാണ് വന്‍ ദുരന്തം കഴിഞ്ഞ ദിവസം ഒഴിവായത്. കാലപ്പഴക്കം ചെന്ന വിമാനങ്ങളാണ് എക്‌സ്പ്രസ് സംസ്ഥാന സെക്ടറില്‍ പറപ്പിക്കുന്നത്. ഇത്തരം വിമാനങ്ങള്‍ക്ക് പലപ്പോഴും കൃത്യമായി സുരക്ഷാപരിശോധനകള്‍ പോലുമില്ലെന്നതും സ്ഥിതി രൂക്ഷമാക്കുന്നു. രാജ്യത്തിന്റെ മറ്റു വിമാനത്താവളങ്ങളില്‍ സര്‍വ്വീസ് നടത്തി പഴക്കം വരുന്ന വിമാനങ്ങളെയാണ് സംസ്ഥാന സെക്ടറില്‍ പറക്കലിനായി നല്‍കിയിരിക്കുന്നത്. എട്ട് വര്‍ഷം പിന്നിട്ട എയര്‍ക്രാഫ്റ്റുകള്‍ പൂണ്ണമായും എ.ജി.എസ് ചെക്കിംഗ് നടത്തിയ ശേഷം മാത്രമേ സര്‍വ്വീസ് നടത്താന്‍ പാടുള്ളു. എന്നാല്‍ പത്ത് വര്‍ഷം പിന്നിട്ട വിമാനങ്ങള്‍ക്ക് പോലും ചെക്കിംഗ് നടക്കുന്നില്ല. ഒരു വിമാനം പൂര്‍ണ്ണമായും ചെക്കിംഗ് നടത്താന്‍ രണ്ട് മാസത്തില്‍ കൂടുതല്‍ സമയം എടുക്കും. ഇത് ഷെഡ്യുകളെ ബാധിക്കുമെന്ന് കണക്കിലെടുത്താണ് എക്‌സ്പ്രസ് ഇതിന് തയ്യാറാകാത്തത്. കാലപഴക്കം ചെന്ന ഇത്തരം വിമാനങ്ങള്‍ പലപ്പോഴും യാത്രക്കാര്‍ക്ക് ഭീഷണിയാണ്. അന്താരാഷ്ട്ര ചട്ടപ്രകാരമുള്ള എന്‍ജിനീയറിംഗ് പരിശോധനകള്‍ക്ക് ഓരോ വിമാനങ്ങള്‍ക്കും അരമണിക്കൂറിലേറെ സമയം വേണം. എന്നാല്‍ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ഇത് പലപ്പോഴും കൃത്യമായി പാലിക്കാറില്ലെന്നും ആരോപണമുണ്ട്.

Related News