Loading ...

Home National

മോദി സ്‌റ്റേഡിയത്തില്‍ അദാനിയും റിലയന്‍സും ചെലവഴിച്ചത് 500 കോടി

അഹമ്മദാബാദ്:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്ത് ഉദ്ഘാടനം ചെയ്ത മൊട്ടേര സ്റ്റേഡിയത്തെ ചൊല്ലിയുള്ള വിവാദം ഒടുങ്ങുന്നില്ല. സ്റ്റേഡിയത്തിലെ പവലിയന്‍ എന്‍ഡുകള്‍ കോര്‍പറേറ്റ് ഭീമന്മാരായ റിലയന്‍സിന്റെയും അദാനിയുടെയും പേരില്‍ നല്‍കിയതില്‍ വിശദീകരണവുമായി ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്തെത്തി. 'സംഭാവനയ്ക്ക് പുറമേ, 250 കോടി രൂപയും ജിഎസ്ടി നികുതിയും നല്‍കിയാണ് കമ്ബനികള്‍ ഓരോ കോര്‍പറേറ്റ് ബോക്‌സും സ്വന്തമാക്കിയത്. 25 വര്‍ഷത്തേക്കാണിത്' - അസോസിയേഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ടൈംസ്‌നൗ റിപ്പോര്‍ട്ട് ചെയ്തു. സംഭാവന നല്‍കിയ കമ്ബനിയുടെ പേരില്‍ പവലിയന്‍ എന്‍ഡുകള്‍ നല്‍കണമെന്നായിരുന്നു കരാറെന്നും ടൈംസ് നൗ പറയുന്നു. 800 കോടിയാണ് സ്‌റ്റേഡിയത്തിന്റെ നിര്‍മാണച്ചെലവ്.

സ്‌റ്റേഡിയത്തില്‍ അദാനി എന്‍ഡ് നേരത്തെയുണ്ടായിരുന്നു. റിലയന്‍സ് എന്‍ഡ് നേരത്തെ സര്‍ക്കാര്‍ സ്ഥാപനമായ ജിഡിഎംസിയുടെ പേരിലായിരുന്നു. ഇത് റിലയന്‍സ് വാങ്ങി. സ്റ്റേഡിയത്തിന്റെ കിഴക്ക്, പടിഞ്ഞാറു ഭാഗത്തെ കോര്‍പറേറ്റ് ബോക്‌സുകള്‍ വില്‍പ്പനയ്ക്കു വച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിന് ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നല്‍കിയത്. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പേര് വെട്ടിമാറ്റിയാണ് സ്റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര് നല്‍കിയത്.

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്ബ് തീര്‍ത്തും അപ്രതീക്ഷിതമായാണ് സ്റ്റേഡിയത്തിന്റെ പേരുമാറ്റല്‍ ചടങ്ങ് നടന്നത്. പുതുക്കിപ്പണിത സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരണ്‍ റിജ്ജു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സ്റ്റേഡിയം സമുച്ചയത്തില്‍ സര്‍ദാല്‍ വല്ലഭ്ഭായ് പട്ടേല്‍ സ്പോര്‍ട് എന്‍ക്ലേവിന് രാഷ്ട്രപതി തറക്കല്ലിടുകയും ചെയ്തു.1,32,000 കാണികളെ ഉള്‍ക്കൊള്ളുന്ന കൂറ്റന്‍ നിര്‍മിതിയാണ് മോദി സ്റ്റേഡിയം. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ സാമൂഹിക അകലം പാലിച്ച്‌ 40000-50000 കാണികള്‍ക്കാണ് നിലവില്‍ പ്രവേശനമുള്ളത്. ഓസീസിലെ മെല്‍ബണ്‍ സ്റ്റേഡിയത്തെ മറികടന്നാണ് മോദി സ്റ്റേഡിയം ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനം എന്ന ഖ്യാതി സ്വന്തമാക്കുന്നത്. തൊണ്ണൂറായിരം പേര്‍ക്കാണ് എംസിജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മെല്‍ബണ്‍ ഗ്രൗണ്ടില്‍ ഇരിപ്പിടമുള്ളത്.സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. നാം രണ്ട്, നമുക്ക് രണ്ട് എന്നായിരുന്നു രാഹുലിന്റെ പരിഹാസം. അംബാനി എന്‍ഡിലാണോ അദാനി എന്‍ഡിലാണോ മോദി ബാറ്റ് ചെയ്യുക എന്നാണ് ഭൂഷണ്‍ ചോദിച്ചത്.


Related News