Loading ...

Home National

മഞ്ഞുമല ദുരന്തത്തിൽ മരണസംഖ്യ 54 ആയി ഉയർന്നു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 54 ആയി ഉയര്‍ന്നു. തപോവന്‍ ടണലില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി ചമോലി പൊലീസ് അറിയിച്ചു. മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ തപോവന്‍ ടണലില്‍ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തെരച്ചിലില്‍ ഇതുവരെ 54 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും 22 അവയവങ്ങള്‍ കണ്ടെടുത്തതായും ചമോലി പൊലീസ് അറിയിച്ചു. ഇതില്‍ 29 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മിന്നല്‍ പ്രളയത്തില്‍ 179 പേരെ കാണാനില്ലെന്ന് കാട്ടി നിരവധി പരാതികളാണ് ജോഷിമഠ് പൊലീസിന് ലഭിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തപോവന്‍ ടണലില്‍ നിന്ന് മാത്രം എട്ടു മൃതദേഹങ്ങളാണ് കണ്ടെത്തിയത്. റെയ്‌നി മേഖലയില്‍ നിന്ന് ഏഴു മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ദേശീയ ദുരന്തപ്രതികരണ സേന അറിയിച്ചു. രക്ഷാപ്രവര്‍ത്തനം 24 മണിക്കൂറും പുരോഗമിക്കുകയാണ്. അതിനിടെ അളകനന്ദ നദി സാധാരണ നിലയില്‍ ആയി. ശ്രീനഗറിലെ പൗരി ഗാര്‍വാള്‍ മേഖലയിലാണ് അളകനന്ദ നദി സാധാരണ നിലയില്‍ ഒഴുകുന്നത്. അതിനാല്‍ ജാഗ്രതാ നിര്‍ദേശം ഒന്നും നല്‍കിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞാഴ്ചയാണ് മഞ്ഞുമല ഇടിഞ്ഞുവീണ് അപകടം ഉണ്ടായത്.

Related News