Loading ...

Home Kerala

വാഹനങ്ങളിലെ കൂളിങ് ഫിലിം, കര്‍ട്ടന്‍ പരിശോധന പിന്‍വലിച്ചു; പിഴയിട്ടത് അയ്യായിരത്തോളം പേര്‍ക്ക്

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ സ്‌ക്രീന്‍ തത്കാലികമായി പിന്‍വലിച്ചു. വാഹനങ്ങളില്‍ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള കൂളിങ് ഫിലിമും കര്‍ട്ടനും നീക്കാനായി മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷന്‍ സ്ക്രീന്‍ എന്ന പേരില്‍ ആരംഭിച്ച പരിശോധനനയാണ് നിര്‍ത്തിയത്. ഗതാഗത കമ്മീഷണറുടേതാണ് ഉത്തരവ്. എന്നാല്‍, പതിവ് വാഹന പരിശോധന തുടരും. രണ്ട് ദിവസമേ പരിശോധന ഉദ്ദേശിച്ചിരുന്നുള്ളുവെന്നും പരമാവധി വാഹനങ്ങള്‍ക്ക് പിഴയിട്ടെന്നുമാണ് കമ്മീഷണറുടെ വിശദീകരണം. അഞ്ച് ദിവസം കൊണ്ട് അയ്യായിരത്തോളം വാഹനങ്ങള്‍ക്കാണ് പിഴയിട്ടത്. മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും വാഹനങ്ങളിലെ കര്‍ട്ടന്‍ നീക്കേണ്ടി വന്നു. വാഹന ഉടമകള്‍ നിയമം പാലിക്കണമെന്ന് ഗതാഗത കമ്മീഷണര്‍ ആവശ്യപ്പെട്ടു. വാഹനങ്ങളുടെ ഗ്ലാസുകളില്‍ നിയമാനുസൃതമല്ലാതെ കൂളിങ് പേപ്പറുകള്‍ പതിക്കുന്നതും കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നതും തടയാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഞായറാഴ്ച മുതലാണ് പരിശോധന ആരംഭിച്ചത്. സുപ്രീം കോടതി ഇവയുടെ ഉപയോഗം നിരോധിച്ചിരുന്നു. ഗ്ലാസുകളില്‍ സ്റ്റിക്കറുകളും പതിക്കാന്‍ പാടില്ല. കാറുകളില്‍ ഫാക്ടറി നിര്‍മിത ടിന്റഡ്‌ ഗ്ലാസ് മാത്രമായിരുന്നു അനുവദനീയം.

Related News