Loading ...

Home Kerala

കിഫ്ബിയും മസാലാബോണ്ടും ഭരണഘടനാ വിരുദ്ധമെന്ന സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍

തിരുവനന്തപുരം: കിഫ്ബി കടമെടുപ്പില്‍ സര്‍ക്കാര്‍ വാദം തള്ളി സിഎജി റിപ്പോര്‍ട്ട്. കിഫ്ബി കടമെടുപ്പ് തനത് വരുമാനത്തിന് ബാധ്യതയായെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. കിഫ്ബി വായ്പയെടുക്കല്‍ ഭരണഘടനാ വിരുദ്ധമാണെന്നും സര്‍ക്കാരിന് ബാധ്യതയുണ്ടാക്കുന്നതാണെന്നും സിഎജി കണ്ടെത്തിയെന്ന് പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്ക് തന്നെയാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പരസ്യപ്പെടുത്തിയത്. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. കടമെടുപ്പിലെ സാങ്കേതിക പ്രശ്‌നങ്ങളും ഭരണഘടനാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കിഫ്ബി കടമെടുപ്പ് കേന്ദ്രത്തിന്റെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 'കിഫ്ബിക്ക് ലഭിക്കുന്ന വായ്പകളുടെ മുതലിനും പലിശയ്ക്കും ഗ്യാരണ്ടി സര്‍ക്കാര്‍ നല്‍കുന്നതിനാല്‍ ഇത്തരം കടമെടുപ്പുകളെ ആകസ്മിക ബാധ്യതകളെന്ന് വിശേഷിപ്പിക്കാമെന്നായിരുന്നു കിഫ്ബിയുടെ മറുപടി. കിഫ്ബി തിരിച്ചടവില്‍ മുടക്കം വരുത്തിയാല്‍ മാത്രമേ സര്‍ക്കാരിന്റെ ബാധ്യതയാവുന്നുള്ളു. സര്‍ക്കാരില്‍നിന്നും എല്ലാ വര്‍ഷവും ലഭിക്കുന്ന പെട്രോളിയം സെസും നികുതി വിഹിതവുമുപയോഗിച്ച്‌ ബാധ്യതകള്‍ അനായാസം തിരിച്ചടയ്ക്കാമെന്നും കിഫ്ബി പ്രസ്താവിച്ചു. കിഫ്ബിയുടെ കടമെടുപ്പ് ആകസ്മിക ബാധ്യതകളാണെന്ന സര്‍ക്കാര്‍ നിലപാട് ആശ്ചര്യകരമാണ്. സ്വന്തമായി വരുമാന ശ്രോതസ്സ് ഇല്ലാത്ത ഏതെങ്കിലും പൊതുമേഖലാ സ്ഥാപനം സ്വയം ഭരണ സ്ഥാപനത്തിന്റെ പേരില്‍ ഏതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പണം കടമെടുക്കുകയും സര്‍ക്കാരിന്റെ തനത് വിഭവങ്ങളുടെ ഒരു പങ്ക് മാറ്റിവെച്ച്‌ കടത്തിന്റെ തിരിച്ചടവ് നടത്തുകയും ചെയ്താല്‍ ആ കാരണം കൊണ്ടുതന്നെ ഇത്തരം കടമെടുപ്പുകള്‍ ആകസ്മിക ബാധ്യത അല്ലാതാവുകയും പൂര്‍ണമായും തനത് വരുമാനത്തിലെ ബാധ്യതയാവുകയും ചെയ്യും', സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. കിഫ്ബിയുടെ പേരില്‍ ഫണ്ടുകള്‍ ലഭ്യമാക്കുവാന്‍ കേരള സര്‍ക്കാര്‍ തീരുമാനച്ചതിനാലും പെട്രോളിയം സെസ്, മോട്ടോര്‍ വാഹന നികുതി വിഹിതം മുതലായ സര്‍ക്കാരിന്റെ തനത് വരവുകളില്‍നിന്നും കടം തിരിച്ചടക്കേണ്ടതിനാലും സംസ്ഥാന സര്‍ക്കാര്‍ തനത് റവന്യൂ വിഭവങ്ങളുമേല്‍ ഒരു ബാധ്യത നിശ്ചയമായും സൃഷ്ടിച്ചിട്ടുണ്ട്. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 293 പ്രകാരം സര്‍ക്കാരിന്റെ കടമെടുപ്പിന് നിശ്ചയിച്ചിട്ടുള്ള പരിധികള്‍ ലംഘിക്കുന്നതും ഓഫ് ബജറ്റ് കടമെടുപ്പുകളുടെ ഉത്തമ ഉദാഹരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം കടമെടുപ്പുകള്‍ സംസ്ഥാനത്തിന്റെ ധനക്കമ്മിയെ പ്രതികൂലമായി ബാധിക്കും. ബജറ്റില്‍ വെളിപ്പെടുത്താതെ ഇത്തരം ബാധ്യതകള്‍ സൃഷ്ടിക്കുന്നത് സുതാര്യതയില്‍ സംശയം ജനിപ്പിക്കുന്നു. ബജറ്റില്‍ കടമെടുപ്പ് സൂചിപ്പിച്ചിട്ടില്ല എന്നതുകൊണ്ട് മാത്രം സംസ്ഥാന റെവന്യൂവില്‍ നിന്നും ബാധ്യതകള്‍ ഇല്ലാതാക്കുമെന്ന് അര്‍ത്ഥമാക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

Related News