Loading ...

Home National

തിങ്കളാഴ്ച വരെ കര്‍ഷകര്‍ പ്രത്യക്ഷ സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കും;ജനുവരി 4ന് വീണ്ടും ചര്‍ച്ച

പുതിയ കാര്‍ഷിക നിയമത്തിനെതിരെ സമരം തുടരുന്ന കര്‍ഷകരുമായി ജനുവരി 4ന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തും. കര്‍ഷകര്‍ മുന്നോട്ട് വെച്ച ചില കാര്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെ തിങ്കളാഴ്ച വരെ കര്‍ഷകര്‍ പ്രത്യക്ഷ സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കും.കേന്ദ്രസര്‍ക്കാരുമായി ഇന്നലെ നടന്ന ചര്‍ച്ച ഭാഗികമായി വിജയിച്ചെന്നാണ് കര്‍ഷക നേതാക്കള്‍ പറയുന്നത്. കര്‍ഷകര്‍ മുന്നോട്ടുവെച്ച നാല് ആവശ്യങ്ങളില്‍ രണ്ടെണ്ണം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. വൈദ്യുതി ഭേദഗതി ബില്‍ 2020ന്‍റെ കരട് പിന്‍ പിന്‍വലിക്കാനും, കാര്‍ഷിക അവശിഷ്ടം കത്തിക്കുന്നത് നിയന്ത്രിക്കുന്ന വായു മലിനീകരണ ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്താനുമാണ് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചത്. എന്നാല്‍ കാര്‍ഷിക പരിഷ്ക്കരണ നിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്ന് കേന്ദ്രം ആവര്‍ത്തിച്ചു. നിയമം പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാമെന്നാണ് കേന്ദ്ര നിലപാട്. താങ്ങുവില നിയമപരമാക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഇതിന്‍ മേല്‍ വീണ്ടും ചര്‍ച്ച നടത്താമെന്ന ധാരണയിലാണ് കഴിഞ്ഞ ദിവസം കര്‍ഷക സംഘടന നേതാക്കളും സര്‍ക്കാരും പിരിഞ്ഞത്. നാലാം തിയതി ചര്‍ച്ചയുള്ളതിനാല്‍ ഇന്ന് അതിര്‍ത്തികളില്‍ നടത്താനിരുന്ന ട്രാക്ടര്‍ റാലി കര്‍ഷകര്‍ വേണ്ടെന്ന് വെച്ചു. ഡല്‍ഹിയിലെ കടുത്ത ശൈത്യം കണക്കിലെടുത്ത് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും സമരവേദികളില്‍ നിന്ന് വീടുകളിലേക്ക് തിരികെ അയക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അടക്കം ഭാവി പരിപാടികള്‍ കര്‍ഷക നേതാക്കള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതേ സമയം ഹരിയാനയില്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി - ജെ.ജെ.പി സഖ്യത്തിന് തിരിച്ചടി ഉണ്ടായി. അംബാല, സോണിപത്ത് എന്നിവിടങ്ങളില്‍ മേയര്‍ സ്ഥാനം നഷ്ടമായി.

Related News