Loading ...

Home National

ഇന്ത്യ - ചൈന ചര്‍ച്ച പരാജയപ്പെട്ടു; ഇന്ത്യ സൈനികരെ പിന്‍വലിക്കില്ല

ന്യൂഡല്‍ഹി: അതിര്‍ത്തി പ്രശ്നത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടത്തിയ ചര്‍ച്ചകളില്‍ കാര്യമായ ഒരു പുരോഗതിയുമില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ലഡാക്കിലെ സ്ഥിതി നിലവിലെ അവസ്ഥയില്‍ തുടരുകയാണ്. സംഘര്‍ഷം കുറക്കാനുള്ള ചര്‍ച്ച അടക്കമുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യക്ക് കഴിയില്ലെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

അതിര്‍ത്തി പ്രശ്നവുമായി ബന്ധപ്പെട്ട് ചൈനയുമായി ഈ മാസം ആദ്യവും ഓണ്‍ലൈന്‍ ആയി ചര്‍ച്ചകള്‍ നടന്നതായി രാജ്നാഥ് സിങ് പറഞ്ഞു. "ഇന്ത്യ നിതാന്ത ജാഗ്രതയിലാണ്. എല്ലാ രാജ്യങ്ങളുമായും സമാധാനപരമായ ബന്ധം പുലര്‍ത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നു, 'ലഡാക്ക് അതിര്‍ത്തിയില്‍ ഈ വര്‍ഷം നടന്ന സംഭവം ചൈനയും പാകിസ്ഥാനും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഫലമാണോയെന്ന് ചോദിച്ചതിന് മരുപടിയായി സിംഗ് പറഞ്ഞു. "മുന്‍ സര്‍ക്കാരുകളെ കുറ്റപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ പ്രധാനമന്ത്രി മോദി അധികാരമേറ്റതുമുതല്‍ ദേശീയ സുരക്ഷയ്ക്ക് ഒന്നാം സ്ഥാനമാണെന്നും പ്രതിരോധ സേനയ്ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്"- അദ്ദേഹം പറഞ്ഞു.

"അടുത്ത ഘട്ട ചര്‍ച്ച വൈകാതെ നടക്കും. എന്നാല്‍ ഇതുവരെ അര്‍ഥപൂര്‍ണമായ ഒരു ഫലവും ഉണ്ടായിട്ടില്ല. ഇന്ത്യയുടെ ആത്മാഭിമാനത്തെ മുറിവേല്‍പിക്കുന്ന ഒരു കാര്യത്തെയും രാജ്യം വെച്ചുപൊറുപ്പിക്കില്ല"- രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യ മര്യാദയോടെ ഇടപെടുന്നതിന് അര്‍ഥം രാജ്യത്തിന്‍റെ അഭിമാനത്തിനു നേര്‍ക്ക് ആക്രമണം നടത്താമെന്നോ അത് നിശ്ശബ്ദമായി നോക്കിക്കൊണ്ടിരിക്കുമെന്നോ അല്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു.

Related News