Loading ...

Home Business

മുതിര്‍ന്നവര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താന്‍ വായ്പ

തിരുവനന്തപുരം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സ്വയംസംരംഭങ്ങള്‍ തുടങ്ങാനായി വായ്പാധനസഹായം അനുവദിക്കും. 50 വയസ് കഴിഞ്ഞിട്ടും കാര്യമായ വരുമാനമാര്‍ഗമില്ലാത്തവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള അവസരം നല്‍കുകയാണ് ലക്ഷ്യം.
ദേശസാത്കൃത/ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, ജില്ലാസംസ്ഥാന സഹകരണ ബാങ്കുകള്‍, കെ.എസ്.എഫ്.ഇ., മറ്റു ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ മുഖേനയാണ് വായ്പ ലഭ്യമാക്കുക. അപേക്ഷകര്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ ഉണ്ടാവണം. അപേക്ഷിക്കുന്ന വര്‍ഷത്തിലെ ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായപരിധി നിശ്ചയിക്കുക. വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. യഥാസമയം രജിസ്‌ട്രേഷന്‍ പുതുക്കുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്. ബാങ്ക് വായ്പയുടെ 25 ശതമാനം സബ്‌സിഡി അനുവദിക്കും. പരമാവധി 12,500 രൂപയാണ് സബ്‌സിഡി.
കാറ്ററിംഗ്, പലചരക്കുകട, റെഡിമെയ്ഡ് വസ്‌ത്രഷോപ്പ്, കുട നിര്‍മ്മാണം, ആട്ടോമൊബൈല്‍ സ്‌പെയര്‍പാര്‍ട്‌സ് ഷോപ്പ്, മെഴുകുതിരി നിര്‍മ്മാണം, സോപ്പ് നിര്‍മ്മാണം, ഡി.ടി.പി, തയ്യല്‍ കട, ഇന്റര്‍നെറ്റ് കഫേ തുടങ്ങിയവയും പ്രാദേശികമായി വിജയസാദ്ധ്യതയുളള സംരംഭങ്ങളും ആരംഭിക്കാം. വ്യക്തിഗത സംരംഭങ്ങള്‍ക്കാണ് മുന്‍ഗണന. സംയുക്തസംരംഭങ്ങളും ആരംഭിക്കാം. ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം.

Related News