Loading ...

Home Kerala

പാറമടകളുടെ ദൂരപരിധി; ഹരിത ട്രിബ്യൂണല്‍ ഉത്തരവ്‌ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പാറമടകളുടെ ദൂരപരിധി 200 മീറ്ററാക്കി ഉയര്‍ത്തിയ ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ്‌ ഹൈക്കോടതി റദ്ദാക്കി. കേസുമായി ബന്ധവരുടെ ഭാഗം കേള്‍ക്കാതെ പുറപ്പെടുവിച്ച ഉത്തരവ്‌ സാമാന്യനീതിയുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ്‌ നടപടി. പൊതുവായി പുറപ്പെടുവിച്ച നോട്ടീസ്‌ നിലനില്‍ക്കില്ലെന്നു വ്യക്‌തമാക്കിയ ഹൈക്കോടതി നടപടിക്രമം പൂര്‍ത്തിയാക്കി വീണ്ടും കേസ്‌ പരിഗണിക്കാന്‍ ഹരിത ട്രിബ്യൂണലിനോടു നിര്‍ദ്ദേശിച്ചു. ജനവാസകേന്ദ്രങ്ങളില്‍നിന്ന്‌ 50 മീറ്റര്‍ അകലത്തില്‍ ക്വാറികള്‍ക്കു പ്രവര്‍ത്തിക്കാനാണ്‌ സര്‍ക്കാര്‍ അനുമതിയുള്ളത്‌. ഈ ദൂരപരിധിയാണ്‌ ഹരിത ട്രിബ്യൂണല്‍ 200 മീറ്ററായി ഉയര്‍ത്തിയത്‌.സംസ്‌ഥാന സര്‍ക്കാരും ഒരു കൂട്ടം പാറമട ഉടമകളൂം സമര്‍പ്പിച്ച ഹര്‍ജികളാണ്‌ ജസ്‌റ്റിസ്‌ പി.ബി. സുരേഷ്‌ കുമാര്‍ പരിഗണിച്ചത്‌. പരിസ്‌ഥിതി വകുപ്പിന്റെമാത്രം ഭാഗംകേട്ടാണ്‌ തീരുമാനമെന്നും റവന്യൂ അടക്കം ബന്ധപ്പെട്ട മറ്റു കക്ഷികളെ കേട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജികള്‍.
ദൂരപരിധി ഉയര്‍ത്തിയതോടെ ക്വാറികളുടെ പ്രവര്‍ത്തനം സ്‌തംഭിച്ചെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. പാലക്കാട്‌ കോരഞ്ചിറ സ്വദേശി എം. ഹരിദാസന്‍ സമര്‍പ്പിച്ച പരാതിയിലായിരുന്നു ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്‌.

Related News