Loading ...

Home Kerala

ശക്തി കുറഞ്ഞ് 'ബുറേവി';റെഡ് അലര്‍ട്ട് പിന്‍വലിച്ചു,10 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാറി. ഇതേത്തുടര്‍ന്ന് കേരളത്തില്‍ പുറപ്പെടുവിച്ചിരുന്ന റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പിന്‍വലിച്ചു. ബുറേവിയുടെ തീവ്രത കുറഞ്ഞതോടെയാണ് ജാഗ്രത നിര്‍ദേശത്തില്‍ മാറ്റം വരുത്തിയത്. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആയിരിക്കും. സംസ്ഥാനത്ത് ഒറ്റപ്പെട്ടതോ അതിശക്തമായതോ ആയ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. മന്നാര്‍ ഉള്‍ക്കടലില്‍ നിന്നും ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊട്ടിട്ടില്ല. രാമനാഥപുരത്തിന് 20 കിലോമീറ്ററും പാമ്ബന് 30 കിലോമീറ്ററും അകലെയാണ് ചുഴലിക്കാറ്റ് ഇപ്പോഴുള്ളതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ഇന്ന് ഉച്ചയോടെ കാറ്റ് തമിഴ്‌നാട് തീരം തൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. തമിഴ്‌നാട്ടിലെ തൂത്തുക്കൂടി തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി മാറിയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തമിഴ്‌നാട്ടിലെ രാമനാഥപുരം, തൂത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി ജില്ലകലില്‍ കാറ്റ് 65 മുതല്‍ 75 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. തുടര്‍ന്ന് വീണ്ടും ശക്തി കുറഞ്ഞ് കേരള തീരത്തേക്ക് പ്രവേശിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകലിലൂടെയാകും ന്യൂനമര്‍ദം കടന്നുപോകുക. കേരളത്തില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ ആയിരിക്കുമെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കേരളത്തിലൂടെ കടന്നുപോകുന്ന കാറ്റ് അറബിക്കടലിലേക്ക് നീങ്ങും. അതേസമയം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related News