Loading ...

Home National

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഫാഫിസ് സെയ്ദിന് പാകിസ്താനില്‍ 10 വർഷം ജയിൽശിക്ഷ

ഇസ്ലാമാബാദ്: മുംബൈ ആക്രമണക്കേസില്‍ ഇന്ത്യ തേടുന്ന ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദിന് പാകിസ്താനില്‍ തടവ് ശിക്ഷ. രണ്ട് തീവ്രവാദ കേസുകളില്‍ വിചാരണ നേരിടുകയായിരുന്നു സഈദ്. ഇയാള്‍ക്ക് 10 വര്‍ഷം തടവാണ് വിധിച്ചിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈ ആക്രമണക്കേസില്‍ ഇന്ത്യ തേടുന്ന പാകിസ്താനിലെ തീവ്രവാദ നേതാവാണ് സഈദ്. ഇന്ത്യയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പാകിസ്താന്‍ അംഗീകരിച്ചിട്ടില്ല.

ജമാഅത്തുദ്ദഅ്‌വ എന്ന സന്നദ്ധ സംഘടനയുടെയും ലഷ്‌കറെ ത്വയ്യിബ എന്ന തീവ്രവാദ സംഘടനയുടെയും പിന്നിലെ ബുദ്ധി കേന്ദ്രം ഹാഫിസ് ആണ് എന്ന് ഇന്ത്യന്‍ അന്വേഷണ സംഘങ്ങള്‍ കണ്ടെത്തിയിരുന്നു. ഇയാളെ പാകിസ്താനില്‍ കോടതി ശിക്ഷിക്കുന്നത് ആദ്യമല്ല. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കി എന്ന കേസില്‍ സഈദിനെയും അദ്ദേഹത്തിന്റെ സഹായികളെയും കഴിഞ്ഞ ഫെബ്രുവരിയില്‍ 11 വര്‍ഷം തടവിന് ലാഹോര്‍ കോടതി ശിക്ഷിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പാകിസ്താന്‍ പോലീസ് സഈദിനെ അറസ്റ്റ് ചെയ്തിരുന്നു. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നായിരുന്നു ഇത്. ഇപ്പോള്‍ ലാഹോറിലെ കോട്ട് ലഖ്പത് ജയിലിലാണ് സഈദ്. 166 പേര്‍ കൊല്ലപ്പെട്ട 2008ലെ മുംബൈ ആക്രമണക്കേസില്‍ പ്രതിയാണ് ഇയാള്‍. ഐക്യരാഷ്ട്രസഭയും അമേരിക്കയും തീവ്രവാദികളുടെ പട്ടികയില്‍ പെടുത്തിയ സഈദിന്റെ തലയ്ക്ക് അമേരിക്ക ഒരു കോടി ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.



Related News