Loading ...

Home Kerala

ലോക്ഡൗണിനുശേഷം ബസ് സര്‍വിസില്ല; മലയോരഗ്രാമങ്ങളില്‍ യാത്രാദുരിതം

പത്തനാപുരം: ലോക്ഡൗണിനെ തുടര്‍ന്ന്​ കെ.എസ്.ആര്‍.ടി.സി മലയോരഗ്രാമങ്ങളിലേക്ക് നിര്‍ത്തിവെച്ച സര്‍വിസുകള്‍ പുനരാരംഭിച്ചില്ല. മിക്ക ഗ്രാമങ്ങളും ഗതാഗതസംവിധാനങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. മാര്‍ച്ചിന് മുമ്ബ് 47 സര്‍വിസുകളാണ് പത്തനാപുരം ഡിപ്പോയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ 15 സര്‍വിസുകള്‍ മാത്രമാണ് ദിനംപ്രതി ഓടുന്നത്. ഇതില്‍ കാര്യറ, പൂങ്കുളഞ്ഞി, കറവൂര്‍, പോത്തുപാറ എന്നീ സര്‍വിസുകള്‍ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. പാടം-വെള്ളംതെറ്റി സര്‍വിസ് ദിനംപ്രതി രണ്ടെണ്ണം മാത്രമാണ് നടന്നത്. കൊട്ടാരക്കര-പുന്നല ഷെഡ്യൂള്‍ വിരലിലെണ്ണാവുന്നത് മാത്രമായി. ഉദ്യോഗസ്ഥരുടെ കുറവും യാത്രക്കാരുടെ കുറവുമാണ് പഴയ ഷെഡ്യൂളുകള്‍ പുനരാരംഭിക്കാന്‍ അധികൃതര്‍ മടിക്കുന്നതിന് പ്രധാന കാരണം. ദീര്‍ഘദൂര സര്‍വിസുകള്‍ പത്തിലധികം ഉണ്ടായിരുന്നത് ഇപ്പോള്‍ അഞ്ചില്‍ താഴെ മാത്രമാണ്. എന്നാല്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസുകളെ മാത്രം ആശ്രയിക്കുന്ന മലയോര ഗ്രാമങ്ങളിലെ ജനങ്ങള്‍ എറെ ബുദ്ധിമുട്ടിലാണ്. കറവൂര്‍, പോത്തുപാറ, ചിറ്റാശ്ശേരി, കമുകുംചേരി എന്നീ പ്രദേശങ്ങളില്‍ സമാന്തര സര്‍വിസുകള്‍ പോലുമില്ല. മലയോരഗ്രാമങ്ങളിലേക്ക് ബസ് സര്‍വിസുകള്‍ നടത്തണമെന്ന ആവശ്യം ശക്തമാണ്.

Related News