Loading ...

Home National

കോടതി നടപടികള്‍ യൂട്യൂബില്‍ തല്‍സമയം; ചരിത്രം കുറിച്ച്‌ ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: കോടതി നടപടികളും വാദപ്രതിവാദങ്ങളും സിനിമകളില്‍ മാത്രം കണ്ടിട്ടുള്ളവര്‍ക്ക് ഇനി യഥാര്‍ത്ഥ കോടതി നടപടികള്‍ എന്തെന്ന് തല്‍സമയം കാണാന്‍ അവസരം. രാജ്യത്ത് ആദ്യമായി കോടതി നടപടികളുടെ തല്‍സമയ യൂട്യൂബ് സംപ്രേഷണവുമായി ഗുജറാത്ത് ഹൈക്കോടതി. ചീഫ് ജസ്റ്റിസിന്‍റെ കോടതിയിലെ നടപടിക്രമങ്ങളാണ് ആദ്യദിനം ഹൈക്കോടതിയുടെ യൂട്യൂബ് അക്കൗണ്ടിലൂടെ സംപ്രേഷണം ചെയ്തത്. ആദ്യമണിക്കൂറില്‍ തന്നെ നിരവധി പേര്‍ ലൈവ് സ്ട്രീമിങ് കണ്ടു.

കോവി‍ഡ് പശ്ചാത്തലത്തില്‍ കോടതി ചേരുന്നത് പൂര്‍ണമായും വീഡിയോ കോണ്‍ഫ്രന്‍സിങ് വഴിയായിയിരുന്നു. പിന്നാലെയാണ്, നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന്‍റെ ഭാഗമായി പൊതുജനങ്ങള്‍ക്കായും സംപ്രേഷണം ആരംഭിച്ചത്. à´…ഭിഭാഷകരില്‍നിന്നും കക്ഷികളില്‍നിന്നുമുള്ള പ്രതികരണം അനുസരിച്ച്‌ പരീക്ഷണാര്‍ഥം ആരംഭിച്ച സംപ്രേഷണം മുന്നോട്ട് കൊണ്ടുപോകുമെന്ന് റജിസ്ട്രാര്‍ അറിയിച്ചു. കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതി നടപടികള്‍ ലൈവായി സംപ്രേക്ഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ദിര ജെയ്‌സിങ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ സുപ്രധാന നിലപട്. 2018 ല്‍ ചീഫ് ജെസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു നടപടി. കോടതി നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് സുപ്രീം കോടതിയും നടപ്പിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

തത്സമയ സംപ്രേക്ഷണം പൊതുതാല്പര്യം മുന്‍നിര്‍ത്തി സുതാര്യതയ്ക്ക് വഴിയൊരുക്കുമെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. തത്സമയ സംപ്രേഷണം കാലത്തിന്റെ ആവശ്യകതയാണെന്നും കോടതിമുറികളിലെ ഞെരുക്കം ഒഴിവാക്കുക മാത്രമല്ല തുറന്ന കോടതി എന്ന ആശയം പ്രാവര്‍ത്തികമാവുക കൂടി ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വിലയിരുത്തിയിരുന്നു. ജസ്റ്റിസുമാരായ എ.എം ഖന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരും സുപ്രധാന വിധി പ്രസ്താവിച്ച ബഞ്ചില്‍ അംഗങ്ങളായിരുന്നു.

Related News