Loading ...

Home Kerala

വിനോദസഞ്ചാര സാധ്യത തേടി മൊഗ്രാല്‍ പുഴയോരവും കടലോരവും

കുമ്ബള (കാസര്‍കോട്​): വിനോദസഞ്ചാര മേഖലയില്‍ സാധ്യതകള്‍ തേടുകയാണ്​ മൊഗ്രാല്‍ പുഴയോരവും കടലോരവും. കിലോമീറ്ററുകള്‍ വ്യാപിച്ചു കിടക്കുന്നതാണ് മൊഗ്രാല്‍ പുഴയോരം. മൂന്ന് കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്നതാണ് നാങ്കി മുതല്‍ കൊപ്പളം വരെയുള്ള കടലോര പ്രദേശം. മനോഹരമായി വിന്യസിക്കപ്പെട്ടു​കിടക്കുന്ന ഇവ രണ്ടും വിനോദ സഞ്ചാരത്തിന്​ സാധ്യതയേറെയാണ്​. വികസിച്ചുവരുന്ന കിദൂര്‍ പക്ഷിസ​ങ്കേതം ഇതിന്​ കൂട്ടാകും. പുഴയില്‍നിന്ന് തോണിയിലൂടെ സഞ്ചരിച്ചാല്‍ അറബിക്കടലില്‍ ചെന്നുചേരാനും സാധിക്കും. ഒരുകാലത്ത് രാത്രിയും പകലും തോണി തുഴച്ചില്‍ക്കാര​െന്‍റ കെസ്സുപാട്ടുകള്‍ കേട്ട് കോരിത്തരിച്ചിരുന്ന തീരങ്ങളായിരുന്നു പുഴയോരവും കടല്‍തീരവും. മൊഗ്രാല്‍ കടല്‍തീരം പഴയ കാലത്ത് നിറയെ മീനുകളാലും ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ സാന്നിധ്യംകൊണ്ടും തുറമുഖ സമാനമായിരുന്നു.
അതുപോലെ പുഴ കടവുകളും. ജലഗതാഗത രംഗത്ത് മുമ്ബേ അറിയപ്പെട്ടിരുന്ന പ്രദേശമാണ് മൊഗ്രാല്‍ പുഴയോരവും കടവും. മൊഗ്രാല്‍ പാലം ഇല്ലാതിരുന്ന കാലത്ത് തോണികളായിരുന്നു ഇവിടെ ജലഗതാഗതത്തിന് ഉപയോഗിച്ചിരുന്നത്. റോഡ് ഗതാഗതം അഭിവൃദ്ധി പ്രാപിച്ചതോടെയായിരുന്നു മൊഗ്രാല്‍ പുഴയിലെ ജലഗതാഗതം അന്യമായത്. ഈ അടുത്ത കാലത്തായി നിരവധി പോരാട്ടങ്ങളുടെ കഥയും മൊഗ്രാല്‍ പുഴക്ക് പറയാനുണ്ട്. മാലിന്യനിക്ഷേപ കേന്ദ്രമായിരുന്നു പുഴയും പുഴയോരവും. മൊഗ്രാല്‍ ദേശീയവേദിയുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകളും പ്രദേശ വാസികളും നിരന്തരമായി നടത്തിയ സമരങ്ങള്‍കൊണ്ട്​ ഒരുപരിധിവരെ മാലിന്യ നിക്ഷേപത്തിന് തടയിടാന്‍ കഴിഞ്ഞിരുന്നു. വരും കാലത്തെ മുന്നില്‍ കണ്ടുകൊണ്ട് ഭാവനാപൂര്‍ണമായ നടപടികളിലൂടെ മൊഗ്രാല്‍ പുഴയോരവും കടലോരവും ടൂറിസം വികസനത്തിലൂടെ മാറ്റിയെടുക്കാനാകുമെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. നാടി​െന്‍റ ചരിത്രവും പാരമ്ബര്യവും പരിചയപ്പെടാനും ആരോഗ്യ പരിപാലനത്തിനുള്ള തനതു രീതികള്‍ പരീക്ഷിച്ചുനോക്കാനുമൊക്കെ ഇവിടെ സൗകര്യമൊരുക്കണം. ഇതിനുപറ്റിയ ഇടം കൂടിയാണ് മൊഗ്രാല്‍ കടലോരവും പുഴയോരവും. ഈ ജലവാഹിനിയുടെ പ്രദേശങ്ങളെ കൂട്ടിയിണക്കി കാസര്‍കോട്​ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക്‌ വഴിതുറക്കണമെന്ന്​ മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു. ബോട്ടുജെട്ടികള്‍, വിശ്രമകേന്ദ്രങ്ങള്‍, ചരിത്രസാക്ഷികളായ വിദ്യാഭ്യാസ- സാംസ്കാരിക കേന്ദ്രങ്ങള്‍, ആത്മീയാചാര്യന്മാരുടെയും നാടുവാഴികളുടെയും ആസ്ഥാനങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കാനായാല്‍ ഇവ ചരിത്ര വിദ്യാര്‍ഥികള്‍ക്കും വിജ്ഞാന കുതുകികള്‍ക്കും പുതിയ അനുഭവമായിരിക്കുമെന്ന് ദേശീയവേദി ചൂണ്ടിക്കാട്ടുന്നു. മൊഗ്രാലിലെ ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട് ജില്ല വികസന പാക്കേജ് ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടര്‍ക്കും കുമ്ബള ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്, സെക്രട്ടറി, വികസനകാര്യ കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്കും ദേശീയവേദി ഭാരവാഹികള്‍ നിവേദനം നല്‍കി. ഭാരവാഹികളായ മുഹമ്മദ് അബ്‌കോ, എം.എം. റഹ്​മാന്‍, ടി.കെ. ജാഫര്‍, എം.എ. മൂസ, പി.എം. മുഹമ്മദ് കുഞ്ഞി ടൈല്‍സ്, ഇബ്രാഹിം ഖലീല്‍, വിജയകുമാര്‍, എക്സിക്യൂട്ടിവ് അംഗം ടി.കെ. അന്‍വര്‍ എന്നിവരാണ് നിവേദക സംഘത്തില്‍ ഉണ്ടായിരുന്നത്.

Related News