Loading ...

Home Kerala

സംവരണത്തിലെ പുനഃപരിശോധന റിപ്പോര്‍ട്ട് വൈകുന്നു

സംസ്ഥാനത്ത് സംവരണം നടപ്പാക്കുന്ന രീതി പുനപ്പരിശോധിച്ച്‌ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ നടപടി വൈകുന്നു. ഒന്നരമാസം മുമ്ബ് നല്‍കിയ ഉത്തരവുമായി ബന്ധപ്പെട്ട് സര്‍‌വേ നടപടികള്‍ പോലും സര്‍ക്കാര്‍ ആരംഭിച്ചിട്ടില്ല. ഓരോ പത്ത് വര്‍ഷം കൂടുമ്ബോഴും സംവരണം പുനപ്പരിശോധിക്കണമെന്ന് സുപ്രീംകോടതിയും നേരത്തേ ഉത്തരവിട്ടിരുന്നു. ഇക്കഴിഞ്ഞ സെപ്തംബര്‍ എട്ടാം തിയ്യതിയാണ് സംസ്ഥാനത്ത് സംവരണം നടപ്പാക്കുന്ന രീതിയില്‍ പുനഃപരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ആറു മാസത്തിനുള്ളില്‍ പഠന റിപോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ പിന്നോക്ക വിഭാഗ കമ്മീഷനും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. 62 വര്‍ഷം മുമ്ബ് നിശ്ചയിച്ച സംവരണ രീതിയാണ് സംസ്ഥാനത്ത് ഇപ്പോഴും തുടരുന്നത്. സംവരണത്തില്‍ പുനരവലോകനം നടക്കാത്തത് മൂലം മുസ്ലിംകള്‍ ഉള്‍പ്പെടെയുളള ഇന്ത്യയിലെ 73 പിന്നാക്ക സമുദായങ്ങള്‍ക്ക് ഇപ്പോഴും അര്‍ഹമായ പ്രാതിനിധ്യം ലഭ്യമാകുന്നില്ലെന്ന് വിവിധ ന്യൂനപക്ഷ കമ്മീഷനുകള്‍ വ്യക്തമാക്കിയിരുന്നു. ഓരോ 10 വര്‍ഷം കൂടുമ്ബോഴും സംവരണപട്ടിക പുനപ്പരിശോധിക്കണമെന്ന് 1992ല്‍ സുപ്രീംകോടതിയും ഉത്തരവിട്ടിരുന്നു. എന്നാല്‍ ഒന്നും നടപ്പായില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രമുഖ അഭിഭാഷകനും മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റ് ചെയര്‍മാനുമായ അഡ്വ. വി.കെ ബീരാന്‍ ഉള്‍പ്പെടെയുളളവര്‍ നല്‍കിയ ഹരജിയിലായിരുന്നു എത്രയും വേഗം സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

Related News