Loading ...

Home Kerala

ശബരിമല തീര്‍ത്ഥാടനത്തിനുള്ള മുന്നൊരുക്കങ്ങള്‍ വൈകുന്നു

ശബരിമലയിലെ തുലാമാസ പൂജക്കും മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനുമുള്ള ഒരുക്കങ്ങള്‍ വൈകുന്നത് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും പ്രതിസന്ധിയാവുന്നു. നടതുറക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ പമ്ബയിലും ഇടത്താവളങ്ങളിലും നിരവധി പ്രവര്‍ത്തനങ്ങളാണ് ഇനിയും പൂര്‍ത്തിയാവാനുള്ളത്. ഒരുക്കങ്ങള്‍ തുടങ്ങാത്തതില്‍ പ്രതിഷേധവുമായി പന്തളം കൊട്ടാരവും അയ്യപ്പ സംഘടനകളും രംഗത്ത് വന്നു.തുലാമാസ പൂജകള്‍ക്കും മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനും ദിവസങ്ങള്‍ ശേഷിക്കെ പ്രധാന ഇടത്താവളമായ പമ്ബയിലടക്കം മുന്നൊരുക്കങ്ങള്‍ ഇനിയും ആരംഭിക്കാനായിട്ടില്ല. താത്കാലിക നിര്‍മ്മാണ ജോലികളടക്കം ബാക്കി നില്‍ക്കെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാവാത്തതാണ് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും പ്രതിസന്ധിയായിരിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ വിശ്രമിക്കാനും വിരിവെക്കാനും ഭക്തരെ അനുവദിക്കുന്നില്ലെങ്കിലും തീര്‍ത്ഥാടനത്തിന് മുന്നോടിയായി ഇനിയും ഏറെ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. എന്നാല്‍ സൌകര്യങ്ങളൊരുക്കാതെ തീര്‍ത്ഥാടനം ആരംഭിക്കാനുള്ള തീരുമാനത്തിനെതിരെ പന്തളം കൊട്ടാരവും അയ്യപ്പ സംഘടനകളും വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.മുന്നൊരുങ്ങള്‍ പൂര്‍ത്തിയാക്കാതെ ഏകപക്ഷീയമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണന്നും വിശ്വാസികളുമായി ആലോചിച്ച്‌ വേണം തീരുമാനങ്ങളെടുക്കേണ്ടതെന്നും പന്തളം കൊട്ടാരം അറിയിച്ചു. അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്തുന്ന തീര്‍ത്ഥാടനത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും വ്യക്തമാക്കിയിരിക്കുന്നത്.സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്ബോളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പോലും തീര്‍ത്ഥാടനത്തിന് അനുമതിയുണ്ട്. എന്നാല്‍ ഭക്തര്‍ക്ക് ആവശ്യമായ സൌകര്യങ്ങളൊരുക്കുന്നതില്‍ താമസം നേരിടുന്നതാണ് നിലവിലെ പ്രധാന വെല്ലുവിളി.

Related News