Loading ...

Home youth

കലോത്സവം: അരങ്ങേറുന്ന അസംബന്ധങ്ങള്‍... by ശ്രീചിത്രന്‍ എം ജെ

കലാസങ്കല്‍പ്പങ്ങളില്‍ അടിപടലേ പരിണാമങ്ങള്‍ നടന്ന കഴിഞ്ഞ അമ്പതുവര്‍ഷങ്ങളുടെ ഒരു പ്രകാശവും ഏറ്റുവാങ്ങാതെ,  സംസ്കാരത്തിന്റെ പുതിയ കലാഭാവുകത്വത്തെ ഏറ്റെടുക്കാതെ നില്‍ക്കുന്ന നമ്മുടെ കലോത്സവങ്ങള്‍ ഇന്ന് മലയാളിമേനികളുടെ എടുപ്പുകുതിരയാണ്. à´ˆ കുതിര ഓടുകയില്ല. കാഴ്ച്ചപ്പണ്ടമായി എല്ലാ വര്‍ഷവും നിലനില്‍ക്കുകയേ ഉള്ളൂ  -സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അരങ്ങേറുന്ന അസംബന്ധളെക്കുറിച്ച്... 

പടിയിറങ്ങിയ കലോത്സവത്തില്‍ നിന്ന് ഒരു സ്നാപ്പ്: ഒപ്പനയില്‍ പങ്കെടുത്ത മാവേലിക്കര സ്വദേശിനിയായ സുകന്യ സുരേഷിന്റെ അച്ഛന്‍ മരിച്ചത് കലോത്സവത്തിനു മുമ്പൊരു ദിവസമാണ്. മകളെ കണ്ണൂരിലേക്ക് അയക്കാനുള്ള പണമുണ്ടാക്കുന്നതിനുവേണ്ടി കടുത്ത ശ്വാസകോശരോഗിയായ à´† മനുഷ്യന്‍ പണിക്കിറങ്ങുകയായിരുന്നു. പണിയെടുത്തുകൊണ്ടിരുന്നതിനിടയില്‍ രക്തം ഛര്‍ദിച്ച് കുഴഞ്ഞുവീണ് മരിച്ചു. അച്ഛന്റെ അവസാന ആഗ്രഹം നിറവേറ്റാനായി ചിതയെരിഞ്ഞുതീരും മുമ്പ് സുകന്യ കണ്ണൂരിലേക്ക്    തിരിച്ചു. കലോത്സവത്തില്‍     പങ്കെടുത്തു.
നിരവധി വര്‍ഷങ്ങളായി കേട്ടുപഴകിയ അതിശയോക്തികള്‍, അലങ്കാരങ്ങള്‍, കൌതുകവാര്‍ത്തകള്‍, ഭീഷണികള്‍, അഴിമതിവാര്‍ത്തകള്‍, ആശതന്‍ നോവും നിരാശതന്‍ കണ്ണീരും ചേര്‍ന്ന മത്സരനിമിഷങ്ങള്‍ എല്ലാം തീര്‍ന്ന സ്ഥിതിക്ക്, ഇനിയെങ്കിലും നാം ഈ ഉത്സവത്തിന്റെ ഹൃദയത്തിലേക്ക് നോക്കാന്‍ തയ്യാറാവേണ്ടതുണ്ട്. അപ്പോള്‍ സുകന്യയുടെയും അച്ഛന്റെയും അനുഭവലോകം നമ്മോട് സംസാരിച്ചുതുടങ്ങും. ഈ സംഭവം രണ്ടു ചോദ്യങ്ങള്‍ നമുക്കു മുന്നില്‍ വയ്ക്കുന്നു ദരിദ്രയായ ഒരു പെണ്‍കുട്ടിക്ക് കലോത്സവത്തില്‍ പങ്കെടുക്കണമെങ്കില്‍ രോഗിയായ അച്ഛന്‍ പണിക്കിറങ്ങിത്തന്നെ പണമുണ്ടാക്കണം എന്ന ഭയപ്പെടുത്തുന്ന സാമൂഹികസാഹചര്യം ഒന്നാമത്തേതാണ്. രണ്ടാമത്തേത്, കലോത്സവത്തിനായി നല്‍കപ്പെടുന്ന ഈ ആത്മാര്‍ഥവും നിഷ്കളങ്കവുമായ പ്രാധാന്യത്തിന് നിലവിലുള്ള കലോത്സവം നീതി നല്‍കുന്നുണ്ടോ എന്നതാണ്. രണ്ടുചോദ്യവും ഏറെക്കാലമായി നാം ഏഷ്യയിലെ ഏറ്റവും വലിയ കൌമാരകലോത്സവമെന്ന വാഴ്ത്തുമൊഴിയില്‍ ഉയര്‍ത്തിനിര്‍ത്തിയ സംസ്ഥാനസ്കൂള്‍ കലോത്സവത്തിനെ അതിന്റെ മര്‍മത്തില്‍ നിര്‍ത്തി വിചാരണ ചെയ്യുന്നു.



à´ˆ വിചാരണ ഇനിയെങ്കിലും നാം ഏറ്റെടുക്കാതിരുന്നുകൂടാ. കലോത്സവപരിഷ്കരണമെന്ന പേരില്‍ ആണ്ടുതോറും നടത്തിവരുന്ന തൊലിപ്പുറശുശ്രൂഷകളില്‍ à´ˆ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭിക്കുകയില്ല. കേരളത്തിലെ ഏറ്റവും ബൃഹത്തും ധനാത്മകവുമായ കലാവ്യവസായമായി പരിണമിച്ച സ്കൂള്‍ കലോത്സവത്തിലെ à´•à´² പ്രശ്നവല്‍ക്കരിക്കപ്പെടുക എന്നൊന്ന് ഇതുവരെ നടന്നിട്ടില്ല. നിരന്തരമായ ആധുനീകരണത്തിനു വിധേയമായ ഇരുപതാം നൂറ്റാണ്ടിലെ കലാസാംസ്കാരികസമീക്ഷകളെ നാം കലോത്സവത്തിന്റെ പടികയറ്റിയിട്ടില്ല. കലോത്സവത്തിന്റെ പിറവി തൊട്ടിന്നോളം നാം പരിഷ്കരിച്ചും നവീകരിച്ചും അനുശീലിച്ചത് കലോത്സവത്തെയല്ല, കലോത്സവഘടനയെയാണ്. അതിന്റെ ദൌര്‍ഭാഗ്യകരമായ പരിണിതഫലം കലോത്സവത്തിലെ രണ്ട് ഘടകവും -കലയും ഉത്സവവും- ഉപഭോഗാത്മകവും കേവലമത്സരാധിഷ്ഠിതവും ജനാധിപത്യവിരുദ്ധവും അതിലുപരി മനുഷ്യവിരുദ്ധവുമായ ഒരു അധോമണ്ഡലമായി അശ്ളീലവല്‍ക്കരിക്കപ്പെട്ടു എന്നതാണ്. നമ്മുടെ നാട്ടില്‍ നിന്നു വളര്‍ന്നുവരുന്ന തലമുറകളുടെ കലാസങ്കല്‍പ്പത്തിനെത്തന്നെ വികലവും ദരിദ്രവുമാക്കിത്തീര്‍ക്കുന്ന വ്യവസായമായി രൂപാന്തരപ്പെട്ട കലോത്സവത്തെ ഇനിയെങ്കിലും സൂക്ഷ്മത്തില്‍ പുനഃപരിശോധിക്കാന്‍ തയ്യാറാവേണ്ടതുണ്ട്. അല്ലാത്തപക്ഷം ചരിത്രം മാപ്പുതരാത്ത ഒരു പാതകമാണ് നാം എല്ലാവര്‍ഷവും ചാനല്‍ക്കാഴ്ച്ചകളില്‍ അഭിരമിച്ചും കുട്ടികളില്‍ മേനിനടിച്ചും തുടര്‍ന്നുപോവുക. കലാസാംസ്കാരികപ്രവര്‍ത്തകര്‍ സജീവമായി പങ്കെടുക്കുന്ന സംവാദങ്ങളുടെ വിപുലമണ്ഡലം ഇക്കാര്യത്തില്‍ രൂപപ്പെടേണ്ടത് അനിവാര്യമാണ്. 

കലോത്സവചരിത്രം – പ്രമേയവും പ്രകാരവും

 à´¸àµà´•àµ‚ള്‍ വിദ്യാര്‍ഥീവിദ്യാര്‍ഥിനികളുടെ കലാവിഷ്കാരങ്ങള്‍ക്ക് ഇടം നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന സദുദ്ദേശത്തോടെ ആരംഭിച്ച കലോത്സവത്തിന്റെ ചരിത്രത്തിന് അടിസ്ഥാനപരമായി രണ്ട് ഭാഗങ്ങളുണ്ട്. കലോത്സവത്തിന്റെ ഇനങ്ങളും അവയുടെ അവതരണരീതിയുമടങ്ങുന്ന കലോത്സവപ്രമേയമാണ് ഒരു ഭാഗം. മറ്റൊന്ന് കലോത്സവത്തിന്റെ പ്രായോഗികനിര്‍വഹണത്തില്‍ പ്രധാനമായ കലോത്സവഘടനയുടെ ഭാഗമായ കലോത്സവപ്രകാരമാണ്. ഇവയുടെ സമതുലിതവും ജനാധിപത്യപരവും സര്‍ഗാത്മകവുമായ നിര്‍വഹണമാണ് കലോത്സവത്തെ സൃഷ്ടിപരമാക്കി നിലനിര്‍ത്തേണ്ടിയിരുന്നത്. എന്നാല്‍ കലോത്സവത്തിന്റെ നാള്‍വഴിക്കണക്കുകളിലൂടെയും ചരിത്രസന്ധികളിലൂടെയും കടന്നുപോയാല്‍ നമുക്കു ബോധ്യമാവുക, à´ˆ സമതുലനം കാത്തുസൂക്ഷിക്കാന്‍ കഴിയാതെ വരികയും കലോത്സവത്തിന്റെ കേന്ദ്രപ്രമേയത്തില്‍ നിന്നുതന്നെ പ്രമേയപരമായി കലോത്സവം അകന്നുപോവുകയും പ്രകാരത്തില്‍ അനേകം പരിഷ്കരണങ്ങള്‍ നിര്‍വഹിക്കപ്പെടുകയും ചെയ്തു എന്ന യാഥാര്‍ഥ്യമാണ്. à´ˆ സമതുലനരാഹിത്യമാണ് കലോത്സവത്തിന്റെ കാലികപാഠത്തിനെ നിര്‍മിച്ചെടുത്തത്. 
കേരളസംസ്ഥാനം നിലവില്‍ വന്ന വര്‍ഷം തന്നെ ബീജാവാപം ചെയ്യപ്പെട്ടതാണ് സ്കൂള്‍ കലോത്സവം. 1956 നവംബര്‍ ഒന്നിന് കേരളം നിലവില്‍ വരികയും രാജവാഴ്ച അവസാനിച്ച് നവംബര്‍ 22 ന് ഡോ. ബി രാമകൃഷ്ണറാവു ഗവര്‍ണറായി ചുമതലയേല്‍ക്കുകയും ചെയ്ത കാലം.

കേരളത്തില്‍ രാഷ്ട്രപതിഭരണം നിലനിന്ന അക്കാലത്താണ് അന്നത്തെ വിദ്യാഭ്യാസ ഡയറക്ടരായ ഡോ. സി എസ് വെങ്കിടേശ്വരന്‍ മൌലാനാ ആസാദ് സര്‍വകലാശാല ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ ഒരു യുവജനോത്സവത്തില്‍ പങ്കെടുക്കുന്നത്. പ്രമുഖ ശാസ്ത്രജ്ഞനും കലാസ്വാദകനുമായ സി എസ് വെങ്കിടേശ്വരന്‍ കേരളത്തിലും à´† മാതൃകയില്‍ ഒരു യുവജനോത്സവം സംഘടിപ്പിക്കുക എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത് à´ˆ ഡല്‍ഹി കലോത്സവത്തില്‍ പങ്കെടുത്തതിന്റെ പ്രചോദനത്തിലാണ്. 1956 നവംബര്‍ അവസാനം തന്നെ ഏതാനും à´¡à´¿ à´‡ à´’ മാരെയും ഹെഡ്മാസ്റ്റര്‍മാരെയും വിളിച്ചുകൂട്ടി ഒരു യോഗം ചേരുകയും കുട്ടികളുടെ കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി കലാമേളകള്‍ സംഘടിപ്പിക്കുക എന്ന ആശയം വെങ്കിടേശ്വരന്‍ പങ്കുവയ്ക്കുകയും ചെയ്തു. അങ്ങനെ പ്രത്യേകിച്ച് രൂപരേഖകളൊന്നുമില്ലാതെ നടന്ന ഒരുക്കങ്ങള്‍ക്കൊടുവില്‍ 1956 ഡിസംബറില്‍ തന്നെ ജില്ലാ അടിസ്ഥാനത്തില്‍ കലാമേളകള്‍ നടന്നു. 1957 ജനുവരി 26ന് എറണാകുളം ഗേള്‍സ് ഹൈസ്കൂളില്‍ ആദ്യകലോത്സവത്തിന് അങ്ങനെ പ്രാരംഭമായി. 


60 പെണ്‍കുട്ടികളുള്‍പ്പെടെ നാനൂറോളം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്ത കലോത്സവത്തില്‍ പ്രസംഗം, പദ്യപാരായണം, ഉപകരണസംഗീതം, വായ്പാട്ട്, ഏകാംഗനൃത്തം, ചിത്രകല, കരകൌശലപ്രദര്‍ശനം, കലാപ്രദര്‍ശനം, സംഘഗാനം, സംഘനൃത്തം, നാടകം, ടാബ്ളോ, ഷാഡോപ്ളൈ എന്നിങ്ങനെ 13 ഇനങ്ങളിലായി 18 മത്സരങ്ങള്‍ ആണ് ഉണ്ടായിരുന്നത്. സംഗീതത്തിനും നൃത്തത്തിനും ഉപവിഭാഗങ്ങള്‍ ഉണ്ടായിരുന്നില്ല... ശാസ്ത്രീയസംഗീതവും ലളിതഗാനവുമൊക്കെ പാടിയിരുന്നവരില്‍ നിന്ന് ഒരു വിജയിയെ നിശ്ചയിച്ചു. നൃത്തവിഭാഗത്തില്‍ ഭരതനാട്യം, നാടോടിനൃത്തം, കഥകളി, ക്ളാസിക്കല്‍ കേരളസ്റ്റെല്‍ (?) എന്നിവ അവതരിപ്പിച്ച കുട്ടികളില്‍ നിന്നും ഒരാള്‍ വിജയിയായി. 

1958ല്‍ സംസ്ഥാനവിദ്യാഭ്യാസമന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മോഡല്‍ ഹൈസ്കൂളില്‍ നടന്ന കലോത്സവത്തോടെ പുതിയൊരു കലാമേളയുടെ സംസ്കാരത്തിന് തുടക്കമായി. മൂന്നുദിവസം നീണ്ടുനിന്ന à´† കലോത്സവത്തിലാണ് പള്ളുരുത്തിയിലെ യേശുദാസന്‍ വായ്പ്പാട്ടിനും മൃദംഗത്തിന് ജയചന്ദ്രന്‍ കുട്ടനുമെല്ലാം ഒന്നാം സമ്മാനം നേടിയത്. അവര്‍ പിന്നീട് മലയാളത്തിന്റെ പ്രിയഗായകരായ കെ ജെ യേശുദാസും പി ജയചന്ദ്രനുമായി. തുടര്‍ന്ന് യുവജനോത്സവത്തില്‍ ക്രമികമായ വളര്‍ച്ചയുടെ ചരിത്രമാണ്. ചിറ്റൂര്‍, കോഴിക്കോട്, തിരുവനന്തപുരം, ചങ്ങനാശ്ശേരി, തൃശൂര്‍ എന്നിങ്ങനെ സംസ്ഥാനത്തിന്റെ പല ജില്ലകളിലായി കലോത്സവം തുടര്‍വര്‍ഷങ്ങളില്‍ നടന്നു. ക്രമേണ വ്യാപകമായ ജനപങ്കാളിത്തം കലോത്സവവേദികള്‍ക്ക് കൈവന്നു. ആദ്യകാലത്ത് ഏറ്റവും ജനകീയമായ ഇനം നാടകമായിരുന്നു. നാടകത്തിന് പൊതുസമൂഹത്തിലുണ്ടായിരുന്ന സ്ഥാനം സ്വാഭാവികമായും കലോത്സവത്തിലെ നാടകങ്ങള്‍ക്കും കൈവന്നു. നൃത്തപരിപാടികള്‍ക്ക് ജനക്കൂട്ടമെത്താനാരംഭിച്ചതും à´…à´µ കലോത്സവത്തിന്റെ ‘പ്രസ്റ്റീജ് ഇനങ്ങള്‍ ആയി മാറിയതും പിന്നീടാണ്. 

1966, 67, 72, 73 വര്‍ഷങ്ങളില്‍ കലോത്സവം മുടങ്ങി. പിന്നീടിന്നോളം ഇടമുറിയാതെ കലോത്സവങ്ങള്‍ നടന്നു. 1960കളോടെ തന്നെ സര്‍ക്കാര്‍ സജീവമായി കലോത്സവത്തില്‍ ഇടപെട്ടുതുടങ്ങി. വിദ്യാഭ്യാസമന്ത്രിമാരും മുഖ്യമന്ത്രിമാരും സംസ്ഥാനകലോത്സവത്തിന്റെ സ്ഥിരം അതിഥികളായി. 1976ല്‍ കോഴിക്കോട് കലോത്സവമെത്തിയപ്പോഴേക്കും ഇന്നു കാണുന്ന കലോത്സവത്തിന്റെ അന്തരീക്ഷത്തിലേക്ക് കലോത്സവഘടന എത്തിച്ചേരാന്‍ തുടങ്ങി. ആര്‍ രാമചന്ദ്രന്‍ നായരുടെ കാലഘട്ടം കലോത്സവചരിത്രത്തില്‍ മാറ്റങ്ങളുടെ ഘട്ടമാണ്. കേരളത്തിന് തനതുകലാരൂപങ്ങള്‍’എന്ന നിലയില്‍ പരിഗണിക്കാവുന്ന സകലകലാരൂപങ്ങളും കലോത്സവത്തിലേക്ക് എത്തിച്ചേര്‍ന്നു. വിധികര്‍ത്താക്കളുടെയും സംഘാടകരുടെയും പേരുവിവരങ്ങളടങ്ങിയ സ്മരണിക 1968ലെ തൃശ്ശൂര്‍ കലോത്സവം മുതല്‍ ആരംഭിച്ചു. ക്രമേണ കലോത്സവം സ്മരണിക ഒരു മികച്ച ഉത്സവഗ്രന്ഥമായി മാറി. വൈലോപ്പിള്ളി, പാറപ്പുറത്ത്, സുകുമാര്‍ അഴീക്കോട്, പവനന്‍, വത്സല ടീച്ചര്‍, കുഞ്ഞുണ്ണിമാഷ് എന്നിങ്ങനെ മികച്ച സാഹിത്യപ്രതിഭകള്‍ സ്മരണികകളുടെ പത്രാധിപന്മാരായി. ജി ശങ്കരക്കുറുപ്പും തകഴിയും ബാലാമണിയമ്മയും ബഷീറും ലളിതാംബിക അന്തര്‍ജനവും മാലിയും കാരൂരും ഉറൂബും à´Žà´‚ വി ദേവനും à´’ എന്‍ വിയും വി കെ എന്നും à´Žà´‚ പി അപ്പനുമെല്ലാം കലോത്സവസ്മരണികകളില്‍ എഴുതി. 

1976ല്‍ ആണ് കലോത്സവത്തിന് മുന്നോടിയായി ഘോഷയാത്രയാരംഭിച്ചത്. കോഴിക്കോട് മാനാഞ്ചിറയില്‍ നിന്ന് സാമൂതിരി ഹൈസ്കൂളിലെ കലോത്സവനഗരി വരെ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരന്റെ നേതൃത്വത്തിലായിരുന്നു ആദ്യ ഘോഷയാത്ര. 1982 ല്‍ à´Ÿà´¿ à´Žà´‚ ജേക്കബ് വിദ്യാഭ്യാസമന്ത്രിയായ ഘട്ടത്തിലാണ് കലോത്സവത്തിന്റെ മുഖം മാറുന്നത്. മത്സരയിനങ്ങള്‍ ഏതാണ്ട് ഇരട്ടിയായി വര്‍ധിച്ചു. പരമാവധി കുട്ടികളെ പങ്കെടുപ്പിക്കാനും നിരവധി പുതിയ ഇനങ്ങള്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. 
 à´ˆ ഘട്ടത്തില്‍ നടന്ന രണ്ട് കാര്യങ്ങള്‍ ശ്രദ്ധാര്‍ഹമാണ്. ഒന്ന് കൂടുതല്‍ പോയന്റ ് നേടുന്ന ജില്ലക്ക് സ്വര്‍ണക്കപ്പ് നല്‍കാനുള്ള തീരുമാനമാണ്. വൈലോപ്പിള്ളിയാണ് à´ˆ ആശ്യം മുന്നോട്ടുവച്ചത്. 1985ലെ കലോത്സവത്തില്‍ പദ്യപാരയാണത്തിനും കവിതാരചനയ്ക്കും വിധികര്‍ത്താവായി വന്ന വൈലോപ്പിള്ളിമാഷ് തൊട്ടടുത്ത ഗ്രൌണ്ടില്‍ നെഹ്രുകപ്പ് ഫുട്ബോള്‍ നടക്കുന്നതുകണ്ടു. അങ്ങനെയാണ് സ്വര്‍ണക്കപ്പ് എന്ന നിര്‍ദേശം à´Ÿà´¿ à´Žà´‚ ജേക്കബിനു മുന്നില്‍ വൈലോപ്പിള്ളി വയ്ക്കുന്നത്. അതു നടപ്പാക്കപ്പെടുകയും ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ രൂപകല്‍പ്പനചെയ്ത സ്വര്‍ണക്കപ്പ് ഇപ്പോഴും കൂടുതല്‍ പോയന്റ ് നേടുന്ന ജില്ല ഏറ്റുവാങ്ങുകയും ചെയ്യുന്നു. 

 à´°à´£àµà´Ÿà´¾à´®à´¤àµà´¤àµ‡à´¤àµ, കലാതിലകം, കലാപ്രതിഭ എന്നീ പുരസ്കാരങ്ങളാണ്. 1896ല്‍ ചെമ്മനം ചാക്കോ നിര്‍ദേശിച്ച പേരുകളാണ് കലാപ്രതിഭയും കലാതിലകവും. à´† വര്‍ഷം കണ്ണൂരിന്റെ ആര്‍ വിനീതും കൊല്ലത്തിന്റെ പൊന്നമ്പിളിയും യഥാക്രമം പ്രതിഭയും തിലകവുമായി. അവരിരുവരും പിന്നിട് ചലച്ചിത്രരംഗത്ത് എത്തുകയും ചെയ്തു. പിന്നീട് നിരവധി കലാതിലകങ്ങളും പ്രതിഭകളും നൃത്തരംഗത്തും സിനിമാരംഗത്തും ശ്രദ്ധേയരായിട്ടുണ്ട്. 1999ല്‍ നൃത്തനൃത്തേതര ഇനങ്ങളില്‍ സമ്മാനിതരാവുന്നവര്‍ക്കു മാത്രമേ കലാതിലക പ്രതിഭാപട്ടങ്ങള്‍ നല്‍കാവൂ എന്നു നിയമമായി. പിന്നീട് 2006 ഓടുകൂടി തിലക പ്രതിഭാ പുരസ്കാരങ്ങള്‍ എടുത്തുകളഞ്ഞു. അനാരോഗ്യകരമായ മത്സരം ഒഴിവാക്കാന്‍ എന്നായിരുന്നു ന്യായം. 2006ല്‍ തന്നെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ എടുത്തുകളഞ്ഞ് ഗ്രേഡിങ് കൊണ്ടുവന്നു. മത്സരപ്രവണതകള്‍ക്ക് കടിഞ്ഞാണിടാനായി കൊണ്ടുവന്ന à´ˆ പരിഷ്കരണങ്ങള്‍ ഒന്നുകൊണ്ടും മത്സരത്തിന്റെ അനാരോഗ്യപ്രവണതകള്‍ക്ക് തടയിടാനായില്ല എന്നതാണ് ഇത്തവണത്തെ കലോത്സവചിത്രവും നമുക്ക് കാണിച്ചുതരുന്നത്.

അമ്പത്തിയേഴാം കലോത്സവത്തിന്റെ നേര്‍ചിത്രം

 à´‡à´¤àµà´°à´®àµ‡à´²àµâ€ വിദഗ്ധരുടെ നിര്‍ദേശങ്ങളും അനാരോഗ്യമത്സരമൊഴിവാക്കാനുള്ള പരിഷ്കാരങ്ങളും കഴിഞ്ഞ് നടത്തപ്പെട്ട അമ്പത്തേഴാം കലോത്സവവും കണ്ണൂരില്‍ കൊടിയിറങ്ങിയിരിക്കുന്നു. എന്താണ് എല്ലാ പരിഷ്കരണങ്ങളുടെയും പരിണിതി എന്നു നോക്കാം.

എല്ലാ ജില്ലകള്‍ക്കും കരുത്തായത് വിരലിലെണ്ണാവുന്ന ചില സ്കൂളുകള്‍ ആണ്. അവയെല്ലാം സ്വകാര്യസ്കൂളുകള്‍. മാനന്തവാടി ജി ജി എച്ച് എസ് എസ്സിനൊഴിച്ചാല്‍ ഒരു സര്‍ക്കാര്‍ സ്കൂളിനും 100 പോയന്റിന് മീതെ നേടാനായിട്ടില്ല. എയ്ഡഡ് സ്കൂളുകളിലും സര്‍ക്കാര്‍ അംഗികൃത അണ്‍ എയ്ഡഡ് സ്കൂളുകളിലും ആണ് ഭൂരിപക്ഷം കലാകാരന്മാരും കലാകാരികളും. ഉദാഹരണത്തിന് രണ്ടാം സ്ഥാനം നേടിയ ജില്ലയായ പാലക്കാടിന്റെ പ്രധാന പോയന്റ ് ബാങ്ക് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം സ്കൂള്‍ ആയിരുന്നു-271 പോയന്റ ്. ഇടുക്കിയുടെ പോയന്റുകളിലെ മുഖ്യപങ്ക് എംകെഎന്‍എം എച്ച്എസ് കുമാരമംഗലത്തിന്റേതാണ്- 203 പോയന്റ ്. കോഴിക്കോടിനുവേണ്ടി പതിവുപോലെ സില്‍വര്‍ ഹില്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ മുന്നില്‍ നിന്നു -156 പോയന്റ ്. പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് കലാവാസന വളരെ കുറവാണെന്നാണ് കലോത്സവം തെളിയിക്കുന്നത്. എന്തുചെയ്യാം!

വിധികര്‍ത്താക്കളുടെ വിധി അന്തിമമായിരിക്കും എന്നൊക്കെ പേപ്പറില്‍ കാണാം. അതിന്റെ അര്‍ഥം വിധികര്‍ത്താവായി പോകുന്നവരുടെ വിധി രക്ഷിതാക്കളുടെ കയ്യില്‍നിന്ന് അന്തിമമായി ലഭിക്കുന്നതായിരിക്കും എന്നോ മറ്റോ ആണ്. അപ്പീല്‍പ്രളയത്തിന് ഇത്തവണയും ഒരു കുറവുമില്ല. ഒരു കോടിയില്‍ താഴെ അപ്പീല്‍ വകയില്‍ വരവുണ്ട്. അപ്പീലിന് 5000 രൂപവച്ച് സംഘാടകരുടെ അക്കൌണ്ടില്‍എത്തിയത് 65.45 ലക്ഷം രൂപ. ഇതിനൊക്കെ പുറമെ സംസ്ഥാനകലോത്സവത്തിലെ മത്സരഫലം ചോദ്യം ചെയ്തുകൊണ്ട് 408 ഹയര്‍ അപ്പീലുകള്‍. അപ്പീലുകള്‍ വഴി കലോത്സവത്തില്‍ എത്തിയത് 5647 കുട്ടികള്‍. à´¡à´¿ à´¡à´¿ à´‡, ലോകായുക്ത, ഹൈക്കോടതി ഉള്‍പ്പെടെ അപ്പീലുകള്‍ കിട്ടാന്‍ പലപല മാര്‍ഗങ്ങള്‍.  

തീര്‍ന്നില്ല, ജില്ലാതലത്തില്‍ വിധികര്‍ത്താക്കളായിരുന്നവര്‍ സംസ്ഥാനതലത്തില്‍ വിധികര്‍ത്താക്കളായിക്കൂടാ എന്നു നിയമമുണ്ട്. പക്ഷേ, പല മത്സരയിനങ്ങളിലും അവരെയും വിധി നിര്‍ണയിക്കാന്‍ വിളിക്കുകയും ചെയ്തു. അവരുടെ വിധി ഇനി വിജിലന്‍സ് തീരുമാനിക്കാനിരിക്കുന്നു. വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ ഏജന്റുമാര്‍, നൃത്താധ്യാപകര്‍, കലോത്സവസംഘാടകര്‍ തുടങ്ങിയവര്‍ മുന്നിട്ടിറങ്ങുന്നു എന്നിങ്ങനെ പരക്കെ ആരോപണങ്ങളാണ്. എന്റെ കുട്ടിക്ക് ഒന്നാം സ്ഥാനം കിട്ടുമ്പോള്‍ മാത്രമാണ് വിധിനിര്‍ണയം ന്യായയുക്തമാവുന്നത് എന്ന് എല്ലാ രക്ഷിതാക്കള്‍ക്കും കലാധ്യാപകര്‍ക്കും തീര്‍ച്ചയുണ്ട്. ഒരു മത്സരത്തില്‍ എങ്ങനെ വന്നാലും കുറച്ചുപേര്‍ക്കേ സമ്മാനം ലഭിക്കൂ. കൂടുതല്‍ പേര്‍ ലഭിക്കാത്തവരായിരിക്കുന്നിടത്തോളം പൊതുഅഭിപ്രായസര്‍വേയില്‍ എല്ലാ വിധിനിര്‍ണയവും മോശമാകുന്നു. എന്നാല്‍ മറുപുറമോ? സംസ്ഥാനതലത്തില്‍ പോലും മിക്കവാറും ഒരിനത്തിനും അതിന്റെ ആധികാരികശബ്ദങ്ങള്‍ വിധികര്‍ത്താക്കളല്ല. ഏജന്റുമാരും രക്ഷിതാക്കളും വിധികര്‍ത്താക്കളുമെല്ലാമടങ്ങുന്ന ഒരു മാഫിയയുടെ കയ്യിലാണ് എല്ലാ പ്രസ്റ്റീജ് ഇനങ്ങളും.

ഇത്തവണ പങ്കെടുത്ത പതിനഞ്ചായിരത്തോളം കുട്ടികളില്‍ അഞ്ചു ശതമാനം പോലും പാവപ്പെട്ട കുട്ടികള്‍ ഇല്ല. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍നിന്ന് എത്രശതമാനം പങ്കാളിത്തമുണ്ടെന്ന് കണക്കുകള്‍ ലഭ്യമല്ല. പരിതാപകരമായിരിക്കും എന്നു തീര്‍ച്ചയാണ്. ഉപജില്ലാതലം തൊട്ട് ഉപജാപകവൃന്ദങ്ങള്‍ നയിക്കുന്ന കലോത്സവത്തിന്റെ അണിയറക്കളികള്‍ക്ക് ശേഷിയില്ലാത്തവര്‍ പുറന്തള്ളപ്പെട്ടുപോവുകയല്ലാതെ മറ്റു മാര്‍ഗമില്ല. 

 à´¤à´™àµà´™à´³àµà´Ÿàµ† മക്കളുടെ സമ്മാനലബ്ധിക്കായി ആവശ്യമെങ്കില്‍ ഒരു കലോത്സവം തന്നെ വിലയ്ക്കുവാങ്ങാന്‍ തയ്യാറുള്ള രക്ഷിതാക്കളാണ് പിന്നണിയില്‍. വിധികര്‍ത്താക്കളായി വരുന്നവരാരെന്ന് അറിയാനും അറിയിക്കാനുമായി തയ്യാറുള്ള ഏജന്റുമാര്‍, സഹകരിക്കാന്‍ തയ്യാറുള്ള സംഘാടകര്‍ എന്നിങ്ങനെ പലതലങ്ങളിലുള്ള അഴിമതിയുടെ കൂമ്പാരമാണ് നിലവില്‍ നാം കാണുന്ന കലോത്സവം. പരസ്പരം കടിച്ചുകീറാനുള്ള ആന്തരികചോദനങ്ങളോടെ ഒരു കൂട്ടം മനുഷ്യര്‍ കലോത്സവനഗരിയിലേക്ക് വരുന്നു. അവരുടെ കയ്യിലെ കരുക്കളാണ് കുട്ടികള്‍. അവരെ ഇറക്കി വെട്ടിയും പയറ്റിയും അവരില്‍ ചിലര്‍ സന്തോഷിക്കുന്നു, ചിലര്‍ ദുഃഖിക്കുന്നു, ചിലര്‍ കലഹിക്കുന്നു. ഇതില്‍  ഇവര്‍ തന്നെ നിരന്തരം വ്യവഹരിക്കുന്ന മഹത്തായ കലതന്നെ എവിടെയുമില്ല.

അപരഹിംസയ്ക്കായുള്ള പ്രേരണയാണ് മിക്ക കുട്ടികളിലും ഉറച്ചുപോവുന്ന ജീവിതപാഠം. രക്ഷിതാക്കള്‍ വന്‍തോതില്‍ പണം ഇന്‍വെസ്റ്റ് ചെയ്തും കുട്ടികളെ ഞെക്കിപ്പഴുപ്പിച്ചും നടത്തുന്ന സെന്റിമെന്റല്‍ ബിസിനസ്സിന്റെ ലഹരിയില്‍ സമ്മാനം വാങ്ങിക്കൊടുക്കുന്ന ഏജന്റുമാര്‍, à´ˆ അത്യാര്‍ത്തിഭൂതങ്ങളില്‍ നിന്ന് പണം പിടുങ്ങുന്ന മറ്റനേകം ഇടനിലക്കാര്‍- ഇങ്ങനെ അപരഹിസംയുടെ ഒരു പെരുമ്പടപ്പാണ് കലോത്സവം. à´ˆ മത്സരത്തിന്റെ ഓട്ടപ്പാച്ചിലല്ലാതെ ഒരു സര്‍ഗാത്മകവ്യാപാരവും അവിടെ കാര്യമായി നടക്കുന്നില്ല, നടക്കുകയുമില്ല. അപ്പോള്‍ പാവം ചാനലുകള്‍ വഴിവക്കിലിരുന്നു ചിത്രം വരച്ച ഒരു അന്ധനെയോ ട്രാഫിക്ക് നിയന്ത്രിക്കുന്ന പൊലീസുകാരന്റെ കലയോ തേടിപ്പോവുന്നു എന്നേയുള്ളൂ, à´† കലയൊന്നും കലോത്സവത്തിന്റെ ആവിഷ്കരണത്തില്‍ ഇടമുള്ള കാര്യമല്ല. പണം പോയാലും പവര്‍ വരട്ടെ എന്നാഗ്രഹിക്കുന്ന രക്ഷിതാക്കളുടെ ദുരയും മാനം പോയാലും പണം വരട്ടെ എന്നാഗ്രഹിക്കുന്ന വിധിനിര്‍ണയ സംഘത്തിന്റെ അത്യാര്‍ത്തിയും തമ്മിലാണ് യഥാര്‍ഥമത്സരം. കുട്ടികള്‍ മുന്നില്‍ à´šà´¿à´² വേഷമൊക്കെ കെട്ടി തുള്ളിച്ചാടുന്നു എന്നേയുള്ളൂ. ഇതിനെയാണ് നാം ഏഷ്യയിലെ ഏറ്റവും വലിയ കൌമാരകലയെന്നു പറയുന്നത്.  

കലോത്സവത്തിന്റെ വര്‍ത്തമാനം ഇതാണ്. à´ˆ പരിതസ്ഥിതിയിലാണ് നാം കലോത്സവഘടനയുടെ മര്‍മചികിത്സയില്‍ അഭിരമിച്ചുകൊണ്ടിരിക്കുന്നത്. അപ്പീല്‍ അനുവദിക്കേണ്ടത് എങ്ങനെ എന്നതാണ് ഇപ്പോള്‍ ഏറ്റവും വലിയ പരിഷ്കരണചര്‍ച്ച. പ്രശ്നമായി നാം കാണുന്നത് രോഗലക്ഷണങ്ങളെയാണ്, രോഗത്തെയല്ല എന്നര്‍ഥം. കലോത്സവത്തിന്റെ ഹൃദയം അതിലെ കലയും ഉത്സവവുമാണ്. അവയെ സൂക്ഷ്മതലത്തില്‍  ആധുനീകരിക്കാതെ പ്രശ്നപരിഹാരമാവുകയില്ല. à´ˆ സാഹചര്യത്തില്‍ നാം കലോത്സവത്തിലെ à´•à´² എങ്ങനെ പുനര്‍നിര്‍വചിക്കണം എന്ന കാതലായ ചോദ്യത്തിലേക്ക് എത്തിച്ചേര്‍ന്നേ മതിയാവൂ.

ആധുനികകലാദര്‍ശനം- –    പരിണാമങ്ങള്‍


à´•à´² (art)  എന്ന വാക്കിനെക്കുറിച്ച് റെയ്മണ്ട് വില്യംസ് സൂചിപ്പിക്കുന്ന ഒരു സുപ്രധാനകാര്യമുണ്ട്. ഏതൊരു മേഖലയിലുമുള്ള വൈദഗ്ധ്യത്തെക്കുറിക്കുന്ന വാക്കായി വളരെ മുമ്പുതന്നെ അൃ എന്ന പദം ഇംഗ്ളീഷിലുണ്ടായിരുന്നു. എന്നാല്‍ ഭാവനാത്മകവും ബൌദ്ധികവുമായ വിശേഷരൂപം എന്ന നിലയില്‍ à´ˆ പദം ഉപയോഗിക്കപ്പെട്ടുതുടങ്ങിയത് പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ്. ഒരു കേവലനിര്‍മിതി എന്ന തലത്തില്‍നിന്ന് യാഥാര്‍ഥ്യത്തിന്റെ പുനര്‍വിഭാവനമായി കലയെ കണ്ടുതുടങ്ങുന്നതും ഇക്കാലത്താണ്. യാഥാര്‍ഥ്യത്തെ അഗാധയാഥാര്‍ഥ്യമാക്കി മാറ്റുന്ന സര്‍ഗാത്മകവ്യവഹാരമാണ് à´•à´² എന്ന à´ˆ ബോധമാണ് പത്തൊമ്പതാം നൂറ്റാണ്ടില്‍ കാന്റിയന്‍ യാഥാര്‍ഥ്യമായി ഉറയ്ക്കുകയും അനേകകാലം മാറ്റങ്ങള്‍ അധികമൊന്നുമേല്‍ക്കാതെ നിലനില്‍ക്കുകയും ചെയ്തത്. കലയുടെ കലാമൂല്യം, കലാമൂല്യം കൊണ്ട് കലയ്ക്ക് കൈവരുന്ന സ്വയംപര്യാപ്തത എന്നിവ ഒരു സവിശേഷചരിത്രസന്ദര്‍ഭത്തിന്റെ സൃഷ്ടിയാണ്. ആധുനികതയോടൊപ്പം വന്ന à´ˆ ആശയം, മനുഷ്യനെ ഒരു സ്വയം പര്യാപ്തകര്‍തൃത്വമായി തിരിച്ചറിയാന്‍ പ്രേരിപ്പിക്കുകയായിരുന്നു. പലതരം നിലനില്‍പ്പുകളില്‍ നിന്ന്, സ്വയം പര്യാപ്തമായ ഭാവനാസ്ഥാനമായി കലയെ കാണുന്ന വൈയക്തികദര്‍ശനം ആധുനികതയുടെ   സംഭാവനയാണ്.

സംഘനിര്‍മിതിയായി കലാസൃഷ്ടിയെ കാണുന്ന ആധുനികപൂര്‍വഘട്ടത്തില്‍നിന്ന് ആധുനികതയിലേക്കുള്ള à´ˆ പരിണാമത്തിന്റെ ഉല്‍പ്പന്നമാണ് വ്യക്തിയുടെ കലാവൈഭവത്തെ സവിശേഷവല്‍ക്കരിച്ചു കാണുകയും à´…à´µ പ്രോത്സാഹനമര്‍ഹിക്കുന്നു എന്ന തിരിച്ചറിവും. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയില്‍ സി എസ് വെങ്കിടേശ്വരന്റെ ഭാവനയില്‍ നിന്ന് കലോത്സവമാരംഭിക്കുമ്പോള്‍ അതിന്റെ പ്രാഥമികവും ആത്യന്തികവുമായ ധര്‍മം ഈയര്‍ഥത്തില്‍ സുവ്യക്തമാക്കപ്പെട്ടിരുന്നു- കലാപ്രകടനങ്ങളിലെ വ്യക്തിവൈഭവം ചെറുപ്പത്തിലേ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കപ്പെടുക. അന്നത്തെ കലാഭാവനയനുസരിച്ച് പ്രത്യക്ഷമാക്കപ്പെട്ട കലോത്സവഘടനയും പ്രസ്തുതാര്‍ഥത്തില്‍ നിബന്ധിക്കപ്പെട്ടിരുന്നു. സംസ്കാരവ്യവസായം ഇന്നത്തെ രൂപത്തില്‍ രൂപപ്പെടാത്ത പ്രസ്തുതഘട്ടത്തില്‍ വിദ്യാര്‍ഥികളുടെ പത്തുമിനിറ്റ് അവതരണം അതിനു മുമ്പും പിമ്പുമുള്ള കലാപരിശീലനത്തിന്റെയും സംസ്കരണത്തിന്റെയും ഇടയിലുള്ള പത്തുമിനിറ്റ് മാത്രമായിരുന്നു. യേശുദാസ് കലോത്സവത്തില്‍ സമ്മാനം വാങ്ങിയെന്നതു ശരി, കലോത്സവത്തിനായി പക്ഷേ, യേശുദാസ് പ്രത്യേകിച്ചൊന്നും പഠിച്ചില്ല. എന്നാല്‍ പിന്നീട് കലോത്സവകല’മറ്റൊന്നായി പരിണമിച്ചു. കലോത്സവത്തിനു മാത്രമായി പ്രത്യേകകലാസങ്കല്‍പ്പവും അതിന്റെ വ്യവസായവും ആരംഭിച്ചു. 

പാരമ്പര്യവും കലോത്സവകലയും

സ്വയംപര്യാപ്തവും അന്യോന്യവര്‍ജകവുമായ അനുഭവലോകങ്ങളായി കലയെയും പാരമ്പര്യജ്ഞാനത്തെയും നാം പലപ്പോഴും ധരിക്കാറുണ്ട്. ലത്തീന്‍ മൂലപദമായ ട്രെഡിറ്റിയോനം           (Traditionem) എന്ന പദത്തില്‍നിന്ന് പരിണമിച്ചുവന്ന ട്രെഡീഷന്‍ എന്ന പരികല്‍പ്പന അറിവിന്റെയും പ്രമാണങ്ങളുടെയും കൈമാറ്റം എന്ന നിലയിലാണ് ആദ്യഘട്ടത്തില്‍ ഉപയോഗിക്കപ്പെട്ടത്. ആദരണീയതയെ സൂചിപ്പിക്കുന്ന ധ്വനിമൂല്യം പാരമ്പര്യസംജ്ഞക്ക് വന്നുചേരുന്നതിനെപ്പറ്റിയും റെയ്മണ്ട് വില്യംസ് സൂചിപ്പിക്കുന്നു. ആധുനീകരണം പാരമ്പര്യത്തെ മറ്റൊന്നാക്കി മാറ്റി. കേവലമായ പഴമയുടെ ആദരണീയതക്കപ്പുറം പാരമ്പര്യം ഒരു സംഗ്രഹരൂപമായി. ഇതിനു മറുപുറത്ത് പാരമ്പര്യങ്ങളിലെ ചരിത്രബദ്ധതയെയും ഭൌതികതയെയും നിരസിച്ച് നമ്മുടെ വൈവിധ്യങ്ങളുടെ വെട്ടിയൊതുക്കല്‍ നടക്കുകയും ചിലതെല്ലാം നമ്മുടെ സവിശേഷപാരമ്പര്യമാണെന്ന് സ്ഥാനപ്പെടുകയും ചെയ്തു. 


ഇത്തരത്തില്‍ സവിശേഷവല്‍ക്കരിക്കപ്പെട്ട പാരമ്പര്യസ്ഥാനങ്ങളാണ് നാം കലോത്സവകലയില്‍ പ്രാരംഭം മുതലേ അഭിസംബോധന ചെയ്തുപോന്നത്. കല എന്നതുതന്നെ ഒരു സവിശേഷചരിത്രകല്‍പ്പന ആണെന്ന തിരിച്ചറിവോടെ കലയുടെ മൂല്യസങ്കല്‍പ്പങ്ങളെ കാണുന്നതിനുപകരം കലയെയും കലാവ്യവഹാരങ്ങളെയും അധികാരരൂപങ്ങളുമായി ചേര്‍ത്തുകാണാനാണ് നാം ശ്രമിച്ചത്. ഈ രീതിശാസ്ത്രം കലോത്സവത്തിലെ കലാരൂപങ്ങളുടെ തിരഞ്ഞെടുപ്പിലും അവതരണത്തിലും പൂര്‍ണമായ അധിനിവേശം നടത്തിയെന്നു കാണാം.
 à´•à´²àµ‹à´¤àµà´¸à´µà´•à´²à´•à´³àµâ€ എന്നത് à´šà´¿à´² സവിശേഷനിര്‍മിതികള്‍ ആയി മാറിയത് ഇങ്ങനെയാണ്. ശ്രദ്ധാര്‍ഹമായ വസ്തുത, കേരളപ്പിറവിയുടെ വര്‍ഷത്തില്‍ ഉരുവപ്പെട്ട കലോത്സവത്തിന്റെ അടിസ്ഥാനപ്രമേയവും സ്വരൂപവും ഇന്നും ഒരു മാറ്റവുമില്ലാതെ പിന്തുടരപ്പെടുന്നു എന്നതാണ്. ഇനങ്ങള്‍ മാറിയിരിക്കാം, നിയമങ്ങളും. എന്നാല്‍ വിധികര്‍ത്താക്കള്‍ക്കുമുന്നിലെ ഏതാനും നിമിഷങ്ങളുടെ പ്രകടനത്തിന് മാര്‍ക്കിട്ട് കലയെ ഒന്നും രണ്ടും സ്ഥാനക്കാരാക്കുന്ന മൌലികദര്‍ശനത്തില്‍ ഒരു വ്യത്യാസവും വന്നിട്ടില്ല. കലോത്സവ ഇനങ്ങളാകട്ടെ, ഭാവുകത്വപരമായി ഒരുതരം പുനര്‍നവീകരണത്തിനും വിധേയമായതുമില്ല.

കലോത്സവത്തിലെ കലാമത്സരങ്ങളുടെ മത്സരഘടന പൊതുവെ എടുത്തുപരിശോധിച്ചാല്‍, ഇത്രമേല്‍ കലാവിരുദ്ധമായി എത്ര ശ്രമിച്ചാലും മറ്റാര്‍ക്കും കലാമത്സരം സാധ്യമാവില്ല എന്നു മനസ്സിലാവും. പരിഷ്കരിച്ചുപരിഷ്കരിച്ച് കലോത്സവമെത്തിനില്‍ക്കുന്ന മത്സരഘടനയുടെ സ്ഥിതിയാണിത്. 
കലോത്സവത്തില്‍ രണ്ടുതരം കലകള്‍ ആണുള്ളത്.
 1) നൈസര്‍ഗികകലകള്‍
 2) കൃത്രിമകലകള്‍
 à´ˆ രണ്ടാമത് പറഞ്ഞ ഇനം എന്താന്നുവച്ചാല്‍, കലോത്സവത്തിനായി നിര്‍മിക്കപ്പെട്ടതോ പ്രത്യേകിച്ചൊരു സ്വാഭാവികതയുമില്ലാതെ നിര്‍മിക്കപ്പെട്ടതോ ആയ കലകള്‍ ആണ്. ഇപ്പറയുന്നതില്‍ ഒരു ശുദ്ധകലാവാദം കാണുന്നവരുണ്ടാവാം, അവരോട് നല്ല നമസ്കാരം.

ഉദാഹരണത്തിന് ഫോക്ക് ഡാന്‍സ് എന്നൊരിനമുണ്ട്. കൂടുതല്‍ നല്ല പേര് ഫെയ്ക്ക് ഡാന്‍സ് എന്നാണ്. ഫോക്ക് എന്ന പദവുമായോ ഫോക്ലോര്‍ പ്രതിനിധീകരിക്കുന്ന കലാസംസ്കാരവുമായോ ഇതിനു കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല. മലങ്കുറവനും കുറത്തിയും ഒക്കെയായിരുന്നു മുന്‍പെങ്കില്‍ ഇപ്പൊഴങ്ങനെ ഇന്നതെന്നൊന്നുമില്ല പ്രമേയം. എന്തുമാവാം. നോട്ടുനിരോധനം വേണമെങ്കില്‍ ആവാം. നോട്ടു നിരോധിക്കും മുമ്പ് ആടിപ്പാടി നടന്ന ഒരു കൈനോട്ടക്കാരി, കുറത്തി, പക്ഷിശാസ്ത്രം. നോട്ടുനിരോധനം വന്നതോടെ കൂട്ടിവെച്ച പൈസപോയി. അല്ലേല്‍ വേണ്ട, ഭര്‍ത്താവ് ക്യൂനിന്ന് മരിച്ചു. നെഞ്ചത്തടി, നിലവിളി, തളര്‍ന്നുവീഴ്ച. ഇത്രേയുള്ളൂ. 1930- 40കളില്‍ നിലനിന്ന മെലോഡ്രമാറ്റിക് നൃത്തനാടകങ്ങളിലെ അതിനാടകീയതാഗോഷ്ടികള്‍ ആണ് നാടോടിനൃത്തത്തിലെ കുട്ടികള്‍ ശീലിക്കുന്നത്. ഇതൊരു കലാരൂപമാണെന്നാണ് കലോത്സവമാനുവല്‍ പറയുന്നത്. കലോത്സവത്തിലല്ലാതെ à´ˆ കലാരൂപം അവതരിപ്പിക്കുന്ന മറ്റൊരിടം ആകെ ടീച്ചര്‍മാര്‍ റിട്ടയറായിപ്പോവുന്ന സ്കൂളിലെ ആനന്ദോത്സവത്തിലോ മറ്റോ ആവും. സിനിമാറ്റിക്ക് ഡാന്‍സ്’എന്ന പുതുകലാരൂപത്തിന്റെ ചുവടുകള്‍ à´ˆ നൃത്തത്തിലുള്ളവയെന്ന് അംഗീകരിച്ചാല്‍ തന്നെയും, എന്തിനിത്രമേല്‍ മെലോഡ്രമാറ്റിക് ആയൊരു ഹാസ്യനൃത്തം കുട്ടികള്‍ അഭ്യസിക്കുന്നു എന്നറിയില്ല. കൃത്യമായി ബ്രേക്ക് നൃത്തച്ചുവടുകള്‍ പോലും അഭ്യസിച്ച കുട്ടിക്ക് കലോത്സവത്തില്‍ മത്സര ഇടമില്ലതാനും. 

 à´‡à´¨à´¿ മറ്റൊരുകൂട്ടം കലകള്‍ ഇപ്പോഴും ജീവനുള്ള കലകളാണ്. കഥകളി മുതല്‍ ചവിട്ടുനാടകം വരെയും ഭരതനാട്യം മുതല്‍ തായമ്പക വരെയും à´ˆ ശ്രേണിയില്‍ വരും. ഇവയില്‍ നടപ്പുള്ള കാര്യം ഇവയെ പരമാവധി വള്‍ഗറാക്കുക എന്നതാണ്. അതു കഴിയുന്നത്ര ഭംഗിയായി നിര്‍വഹിക്കപ്പെടാന്‍ എപ്പോഴും കലോത്സവം ശ്രദ്ധിക്കുന്നുണ്ട്. അതെങ്ങനെയൊക്കെ എന്നു നോക്കാം:
1)  താന്‍ ആവിഷ്കരിക്കുന്ന കലയില്‍ താന്‍ ചെയ്യുന്നതടക്കമുള്ള ഒന്നിനെപ്പറ്റിയും ഒരുവിവരവും കുട്ടിക്കില്ലാതിരിക്കുക എന്നതാണ് പരമപ്രധാനമായ കാര്യം. ഇത്തവണ കഥകളിപ്പദമത്സരത്തെപ്പറ്റിത്തന്നെ ഒരു റിപ്പോര്‍ട്ട് കണ്ടിരുന്നു. മിക്കവാറും പാടുന്നത് നളചരിതപദങ്ങളാണ്.

കുട്ടികള്‍ക്കത് നളചരിതത്തിലേയാണെന്ന് കഷ്ടിച്ചറിയാം. നളചരിതം എഴുതിയതാരാണെന്ന് അറിയില്ല. നളചരിതത്തിന്റെ കഥയറിയില്ല. à´ˆ പദം നടക്കുന്ന സന്ദര്‍ഭം അത്രയുമറിയില്ല. ഇത്രയും അറിവില്ലായ്മ കുട്ടികള്‍ക്കുണ്ടാവാന്‍ പഠിപ്പിച്ചവര്‍ തന്നെ നന്നേ മനസ്സുവച്ചിരിക്കണം. അല്ലെങ്കില്‍ കുട്ടികളെങ്ങനെയെങ്കിലും അതറിഞ്ഞുപോയേനേ. ഭാവാത്മകസംഗീതമാണ് കഥകളിയുടേത് എന്നാണ് വയ്പ്പ്. കഥയും കഥാസന്ദര്‍ഭവുമറിയാതെ എന്തു ഭാവം! അല്ലെങ്കില്‍ത്തന്നെ à´ˆ പരീക്ഷണത്തില്‍ ദയനീയമെന്നല്ലാതെ എന്തു ഭാവം! ഇത് മിക്കവാറും എല്ലാ കലാരൂപങ്ങളിലും ഒരേപോലെ ദീക്ഷിക്കപ്പെടുന്ന അലിഖിതനിയമമാകുന്നു. ഭരതനാട്യക്കാരികള്‍ക്ക് വര്‍ണമെന്താ ശബ്ദമെന്താ തില്ലാനയെന്താ എന്നറിയില്ല. കുച്ചിപ്പുഡിക്കാരികള്‍ തരംഗം എന്താന്നു ചോദിച്ചാല്‍ ചിലപ്പോള്‍ സയന്‍സ് പുസ്തകത്തിലെ ഉത്തരം തന്നേക്കും. 

2) കുട്ടികള്‍ അവതരിപ്പിക്കുന്നത് അതാതുകലയിലെ ഏറ്റവുമവസാനമോ മറ്റോ പഠിക്കുന്ന കാര്യം ആയിരിക്കണം. കര്‍ണാടകസംഗീതം മത്സരത്തില്‍ തോടിയും സിംഹേന്ദ്രമധ്യമവും ഒക്കെ വേണം. തോടി ശീലിച്ചെടുക്കാന്‍ വേണ്ട കാലമോ സാവകാശമോ കിട്ടാത്ത തൊണ്ടയില്‍ à´…à´µ കഷ്ടപ്പെടുന്നത് ആണ് കലാപ്രകടനം. കഥകളിവേദിയില്‍ കാണുക കഥകളിനടന്മാര്‍ മുപ്പതോ നാല്‍പ്പതോ വര്‍ഷം കഴിഞ്ഞു കെട്ടുന്ന കത്തിവേഷങ്ങളും പച്ചവേഷങ്ങളുമാണ്. കുട്ടികള്‍ à´šà´¿à´² മാസങ്ങളുടെമാത്രം പഠനത്തിന് ശേഷം അവതരിപ്പിക്കുന്നത്. കാലകേയവധം അര്‍ജുനന്റെ കുടിലതയകതാരില്‍ എന്ന ഭാഗമോ രാവണോത്ഭവം രാവണന്റെ ഗംഭീരവിക്രമ എന്ന പദമോ ഒക്കെയാണ് കുട്ടികള്‍ ചെയ്യുക. ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലും ഒക്കെ വര്‍ണം എന്നവര്‍ പേരിട്ടുവിളിക്കുന്ന ഒരോട്ടപ്പാച്ചിലോ മറ്റെന്തോ തരം സ്വതന്ത്ര ഇനങ്ങളോ ഒക്കെയാണ്. സ്റ്റേജില്‍ കയറിയാല്‍ ഇറങ്ങുന്ന വരെ ഒറ്റശ്വാസത്തില്‍ കളിക്കാമോ എന്നാണ് ഗവേഷണം. അപസ്മാരബാധയാണെന്നേ മിക്ക ഇനങ്ങളിലും തോന്നൂ. കേരളനടനം എന്നൊരു സവിശേഷനിര്‍മിതിയുണ്ട്. കുറച്ച് കഥകളിയും പിന്നെ തരം തോന്നുന്ന പലതും കുത്തിക്കെട്ടിയ ഒരു സകലകുലാബി. എന്തായാലും കുട്ടികള്‍ അതിസങ്കീര്‍ണവും അവര്‍ക്കെടുത്താല്‍ പൊങ്ങാത്തതുമായ ആവിഷ്കരണങ്ങള്‍ വേണം പൊക്കാന്‍ എന്നു നിര്‍ബന്ധമാണ്. കവിതാലാപനം എന്ന സുകുമാരകല പോലും നോക്കിയാലിതു കാണാം. 

3) പൊതുവെ അല്‍പ്പം സമാധാനമുള്ള ഓഫ് സ്റ്റേജ് ഇനങ്ങളില്‍ വിഷയം അപ്പപ്പോള്‍ തരുന്നതാണ്. കവിതയെഴുതേണ്ട വിഷയം കുട്ടികള്‍ക്കു കൊടുത്താല്‍ ജഡ്ജസ് പ്ളീസ് നോട്ട് അലര്‍ച്ചകള്‍ക്കിടയില്‍ ഇരുന്ന് അവര്‍ നിര്‍മിക്കുന്ന പടപ്പാണ് കവിത. 
 à´•à´²àµ‹à´¤àµà´¸à´µà´˜à´Ÿà´¨à´¯à´¿à´²à´²àµà´²à´¾à´¤àµ† ആന്തരികശരീരത്തില്‍ കാര്യമായൊരു പരിഷ്കരണവും നടപ്പിലാക്കപ്പെടാത്തതിനാല്‍ തന്നെ, ഇവയെല്ലാം കേവലപ്രകടനങ്ങളായി അവശേഷിക്കുന്നു. എന്നാല്‍ à´ˆ മത്സരങ്ങളുടെ ഘടനയില്‍ അതാതു കലാരൂപങ്ങളുടെ ആധികാരികശബ്ദങ്ങള്‍ ഒന്നിച്ചിരുന്ന് ഒരു നയം നിര്‍മിച്ചെടുക്കാനാവില്ലേ? ഏതുകലയിലും കുട്ടി രംഗത്തില്‍ അവതരിപ്പിക്കുന്ന ഏതാനും മിനിറ്റിലെ രംഗപ്രകരണം മാത്രമാണോ വിധിമാനദണ്ഡമാകേണ്ടത്? അതോ മത്സരാര്‍ഥി പ്രസ്തുതകലയില്‍ ആര്‍ജിച്ച ജ്ഞാനത്തെ സമര്‍ഹമായി തിരിച്ചറിഞ്ഞാണോ വിധി നിര്‍ണയിക്കേണ്ടത്? à´ˆ മൌലികചോദ്യങ്ങളിലേക്ക് നിലവില്‍ കലോത്സവപരിഷ്കരണ സംവാദങ്ങള്‍ തുറക്കുന്നതേയില്ല. 

മത്സരത്തിന്റെ മനുഷ്യപാഠം

 à´•à´²àµ‹à´¤àµà´¸à´µà´µà´¿à´°àµ‹à´§à´¿à´•à´³à´¾à´¯ കലാസ്നേഹികള്‍ -സഹൃദയര്‍ എന്നൊക്കെ ഒരു മേനിക്കു പറയാം- പറയാറുള്ള ഒരു വിമര്‍ശനം കലയെ മത്സരയിനമാക്കുന്നു എന്നതാണ്. à´•à´² മത്സരിക്കാനുള്ളതല്ല എന്നതാണ് വാദം. കായിക ഇനങ്ങളെപ്പോലെ കൃത്യമായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നിര്‍വചിക്കാവുന്ന ഒന്നല്ല കലാരൂപങ്ങള്‍. അതുകൊണ്ട് മത്സരം കടുത്ത തെറ്റാണ് എന്നാണ് വാദം. ഇതിനുള്ള ഉത്തരം മുമ്പൊരിക്കല്‍ സുകുമാര്‍ അഴീക്കോട് പറഞ്ഞു:  'വേറെന്തിനുവേണ്ടിയുള്ള പടപ്പാണ് എന്നു ചോദിച്ചാലും വലിയ തീര്‍ച്ചയൊന്നും ആര്‍ക്കുമില്ലാത്ത സ്ഥിതിക്ക് à´•à´² കൊണ്ട് വേണമെങ്കില്‍ മത്സരവുമാവാം. à´•à´² കൊണ്ട് മത്സരിച്ചുകൂടാ എന്ന ചിന്തയില്‍ കലക്ക് നാം മറ്റു സാമൂഹികപ്രവൃത്തികള്‍ക്കു മേല്‍ നല്‍കുന്ന ഒരു അധികമാനമുണ്ട്. അതു മുമ്പേ നാം സാഹിത്യത്തിനു കൊടുത്തുപോന്ന മഹത്വപരിവേഷത്തിന്റെ തുടര്‍ച്ചയാണ്. 

കവനത്തിനു കാശുവാങ്ങിയോ, ശിവനേ സാഹിതി തേവിടിശ്ശിയോ എന്ന പഴയ വിശുദ്ധവാദം. അങ്ങനൊരു വിശുദ്ധിയും അധികമാനവും കലയ്ക്കില്ല. അഥവാ മനുഷ്യവിരുദ്ധപ്രവൃത്തിയായ കൊലയടക്കം സകലതും കലാത്മകമായും അല്ലാതെയും ചെയ്യാവുന്ന പ്രവൃത്തികളാണെന്നിരിക്കെ അത്തരമൊരു പാവനത്വത്തില്‍ യാതൊരര്‍ഥവുമില്ല.' കലാകാരന്‍ പീഡിപ്പിക്കപ്പെട്ടാല്‍ എന്തോ അധികപ്രശ്നവും കലാകാരനെന്നു പേരുദോഷം കേള്‍പ്പിക്കാത്ത സാധാരണ മനുഷ്യന്‍ പീഡിപ്പിക്കപ്പെട്ടാല്‍ സാധാരണസംഭവവും എന്ന ബോധം തന്നെ അടിമുടി മനുഷ്യവിരുദ്ധമാണ് എന്നുകൂടി ചേര്‍ത്തുവായിക്കാം. അതായത്, മനുഷ്യപ്രവൃത്തികളിലൊന്നായ കലയെ അതിന്റെ എല്ലാ ചന്തം ചാര്‍ത്തലുകളില്‍ നിന്നും മാറ്റിനിര്‍ത്തിയാല്‍, അത് മത്സരത്തിനും പാകമാണ്. മത്സരിക്കുക, ജയിക്കാനായി പ്രയത്നിക്കുക തുടങ്ങിയവ മനുഷ്യരാശിയുടെ സംസ്കാരശീലങ്ങളാണ്. ജീവിതമുടനീളം മത്സരങ്ങളിലൂടെ കടന്നുപോകേണ്ട ഒരു ജീവിതമാണ് മനുഷ്യന്റേത്. അതിനിടയില്‍ സ്കൂളിലൊന്നു മത്സരിക്കാതിരുന്നിട്ട് ഒരു കാര്യവുമില്ല. 

എന്നാല്‍, മനുഷ്യസംസ്കാരം ഏതു മത്സരങ്ങളെയും മനുഷ്യോന്മുഖമാക്കിത്തീര്‍ത്തിട്ടുണ്ട്. അതിനാണ് ജനാധിപത്യത്തിന്റെ വെളിച്ചം എന്നു ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞത്. എന്താണ് ജാനാധിപത്യം എന്ന ചോദ്യത്തിന് ഓട്ടമത്സരത്തില്‍ ഒന്നാമതെത്തുന്നവന്‍ തനിക്കു പിന്നിലോടിയവര്‍ ആണ് തന്നെ ജയിപ്പിച്ചത് എന്ന ബോധമുള്‍ക്കൊള്ളുകയും അവരോടു സമഭാവനയുണ്ടാവുകയും ചെയ്യുന്നതിന്റെ പേരാണ് എന്ന് ഗാന്ധി പ്രതിവചിച്ചു. ആധുനികമായ ഏതു മത്സരത്തിനും അതിന്റെ ആന്തരികശരീരത്തില്‍ à´ˆ ജനാധിപത്യത്തിന്റെ മനുഷ്യോന്മുഖമായ വെളിച്ചത്തെ ജ്വലിപ്പിച്ചുനിര്‍ത്തുക പ്രധാനകാര്യമാണ്. à´† വെളിച്ചമുള്ളിടത്തോളം മത്സരങ്ങള്‍ കേവലം മത്സരങ്ങള്‍ മാത്രമാവുകയില്ല. അപ്പോഴാണ് മത്സരങ്ങളുടെ ഒരു സംഘാതത്തെ നമുക്ക് യഥാര്‍ഥ അര്‍ഥത്തില്‍ ഉത്സവം എന്നു വിളിക്കാനാവുക. ഒളിമ്പിക്സ് നോക്കുക, അനേകം രാജ്യങ്ങളിലെ മത്സരാര്‍ഥികള്‍ തമ്മില്‍ വീറോടെ മത്സരിക്കുന്നു. ഗോള്‍ഡ്, സില്‍വര്‍ എന്നിങ്ങനെ മെഡലുകള്‍ വാങ്ങുന്നു. അതാണാ ഉത്സവത്തിന്റെ കേന്ദ്രസ്ഥാനം. എന്നാല്‍ അതുമാത്രമല്ല ഒളിമ്പിക്സ്. 

അതുമാത്രമായിത്തീരരുത് എന്ന ബോധ്യം ഒരു ആധുനികബോധമാണ്. രാഷ്ട്രങ്ങള്‍ അവയുടെ അതിര്‍ത്തിരേഖകളും കാലുഷ്യങ്ങളും മറന്ന് ഒരു കളിക്കളത്തിലെത്തുകയും പരസ്പരം പങ്കുവയ്പ്പുകളുടെ ഒരു വലിയ   ഒത്തുചേരല്‍ സാധ്യമാക്കുകയും ചെയ്യുക എന്ന സങ്കല്‍പ്പം അതിനുണ്ട് ഇതു പറഞ്ഞപ്പൊള്‍ ഒരു കലോത്സവസ്നേഹി പറഞ്ഞത് അത് ഓടിയും ചാടിയും ശാരീരികകഴിവുകള്‍ തെളിയിക്കുന്നവരുടെ കാര്യം, ഇത് പ്രതിഭകളുടെ കലയാണെന്നാണ്!). ശരി, നമുക്കു നമ്മുടെ നാട്ടില്‍ ഒരു മാസം മുമ്പ് നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ തന്നെയെടുക്കുക. അതിലും മത്സരമുണ്ട്. മത്സരസിനിമകള്‍ തമ്മില്‍ കടുത്ത മത്സരമുണ്ട്. പക്ഷേ, അതുമാത്രമല്ല ഇതുവരെയും ഫിലിം ഫെസ്റ്റിവല്‍. ലോകത്തിന്റെ പല കോണുകളില്‍നിന്ന് ചലച്ചിത്രത്തെ സ്നേഹിക്കുന്നവര്‍ ഒത്തുകൂടുകയും പരസ്പരം സ്നേഹം പങ്കുവയ്ക്കുകയും സര്‍ഗാത്മകവിചാരങ്ങളിലേര്‍പ്പെടുകയും മുതല്‍, സാമൂഹികപ്രശ്നങ്ങളുടെ പ്രതിരോധവേദിവരെയായി ഉയരുന്ന ഒരു ബഹുസ്വരധര്‍മങ്ങളുടെ വിപുലസ്ഥാനമായി അന്താരാഷ്ട്ര ചലച്ചിത്രോത്സവം പരിണമിക്കുന്നത് നാം കണ്ടിട്ട് ദിവസങ്ങളേ ആയുള്ളൂ. 
        സ്കൂള്‍ കലോത്സവ വേദിയില്‍ യേശുദാസ് പാടുന്നു. മൃദംഗം വായിക്കുന്നത് പി ജയചന്ദ്രന്‍


മത്സരത്തെ ആധുനികത അതിന്റെ സംസ്കാരശീലം കൊണ്ട് മനുഷ്യോന്മുഖമാക്കിത്തീര്‍ക്കുകയും മത്സരത്തെ ആനന്ദകരമാക്കുകയും മത്സരേതരമായ അനേകം പ്രവര്‍ത്തനങ്ങളിലേക്ക് കണ്ണിചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. അല്ലാതെ നായാടിക്കൊണ്ടുവന്ന ഒരു ഇറച്ചിക്കഷ്ണത്തിനുവേണ്ടി പ്രാചീനഗുഹാമനുഷ്യര്‍ പരസ്പരം അടികൂടിയതിന്റെ അതേ ഭാഷയില്‍ നിലനിര്‍ത്തുന്ന ഒരു പ്രാകൃതബോധമല്ല ആധുനികമായ മത്സരബോധം. കലോത്സവം à´ˆ ആധുനികമായ മത്സരവല്‍ക്കരണത്തെ അഭിമുഖീകരിക്കുന്നതേയില്ല. അവിടെ വന്നുകൂടിയ കുട്ടികള്‍ ഒന്നിച്ച് എന്തെങ്കിലുമൊരു നിര്‍മാണാത്മകപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയോ കുട്ടികള്‍ക്ക് പറയാനുള്ളവ പറയാനുള്ള വേദികള്‍ കലോത്സവത്തില്‍ ഒരുക്കപ്പെടുകയോ ചെയ്യുന്നില്ല. വന്നുചേരുന്ന ഓരോ കുട്ടിയിലും രക്ഷിതാവിലും ഉള്ളത് മത്സരബോധം മാത്രമാണ്. 

കലോത്സവത്തെ  ആധുനീകരിക്കണമെങ്കില്‍ അതിലെ സുപ്രധാനഘട്ടം കലോത്സവത്തിന്റെ ഉത്സവവല്‍ക്കരണമാണ്. കുട്ടികളുടെ ആനന്ദോത്സവമായി, അവരുടെ ഒത്തുചേരലായി കലോത്സവത്തെ മാറ്റി നിര്‍വചിക്കാന്‍ കഴിയണം. മത്സരത്തിന്റെ ഏകകേന്ദ്രത്തില്‍നിന്ന് ബഹുകേന്ദ്രിതമായ ഉത്സവാന്തരീക്ഷത്തിലേക്ക് കുട്ടികള്‍ പരിണമിക്കപ്പെടേണ്ടിയിരിക്കുന്നു.  

കലാപഠനവും വികേന്ദ്രീകരണവും

 à´•à´²àµ‹à´¤àµà´¸à´µà´ªàµà´°à´¶àµà´¨à´™àµà´™à´³àµâ€ നമ്മുടെ കലാസമീപനത്തിന്റെ തുടര്‍ച്ചയാണ്. ആധുനികതയുടെ തുടര്‍ച്ചയായി നാം നേരിട്ട സംസ്കാരവ്യവസായത്തിന്റെ à´ˆ കാര്‍ണിവല്‍ ഘട്ടത്തില്‍ à´•à´² ഏറ്റവും വിലയേറിയ ഒരു ചരക്കാണ്. മറ്റ് ഭൌതികനേട്ടങ്ങള്‍ക്കുള്ള മികച്ച ഉല്‍പ്പന്നങ്ങളിലൊന്നായി മാത്രം കലയെ കാണുന്ന സമീപനത്തില്‍  നിന്നാണ് ഗ്രേസ് മാര്‍ക്കിനായോ താല്‍ക്കാലികമായ വ്യക്തിപ്രശസ്തിക്കായോ കലാഭ്യസനം നടത്തുന്നവരുടെ വേലിയേറ്റം സൃഷ്ടിക്കപ്പെട്ടത്. ഇതിനുള്ള പ്രതിരോധം അടിസ്ഥാനപരമായി ആരംഭിക്കേണ്ടത് കലോത്സവത്തിലല്ല, നമ്മുടെ ഭാവുകത്വനിര്‍മിതിയിലാണ്. അതിലേറ്റവും സുപ്രധാനമായ പടിയാണ് കലാപഠനം. അനേകം, വിദേശരാജ്യങ്ങളില്‍ നടപ്പിലാക്കപ്പെടുന്ന കലാവിദ്യാഭ്യാസത്തിന്റെ അനുഭവപാഠങ്ങളില്‍നിന്ന് നമുക്ക് അനുയോജ്യമായ മാര്‍ഗം കണ്ടെത്താനുള്ള ശ്രമം ഇന്ന് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. കലാപഠനമെന്നത് കലാവിഷ്കരണത്തിന്റെ അഭ്യസനമല്ല. à´•à´² എന്ന ജ്ഞാനവ്യൂഹത്തെ ചരിത്രപരമായും ജനാധിപത്യപരമായും തിരിച്ചറിയാന്‍ വിദ്യാര്‍ഥിയെ പ്രാപ്തമാക്കുന്ന പ്രക്രിയയാണത്. 

അധികാരശ്രേണിയില്‍ മുന്നില്‍ നില്‍ക്കുന്ന ഏതാനും കലകളില്‍ പ്രാവീണ്യമുള്ള കുറച്ചു ടീച്ചര്‍മാരെ വിദ്യാലയങ്ങളില്‍ നിയമിച്ചാല്‍ തീരുന്ന പ്രശ്നമല്ല എന്നര്‍ഥം. കലയുടെ ചരിത്രബന്ധവും ജനാധിപത്യബോധവും വിദ്യാര്‍ഥികളിലെത്തിക്കും വിധം കലാപഠനത്തിനുള്ള ഘടന നിശ്ചയിക്കപ്പെടേണ്ടതാണ്. കലോത്സവത്തില്‍നിന്ന് അന്യമാക്കപ്പെടുന്നതെന്ത് എന്ന തിരിച്ചറിവിലേക്ക് നാമെത്തിച്ചേരാന്‍ അനിവാര്യമായ അടിസ്ഥാനമാര്‍ഗം കലാപഠനത്തിന്റെ ഈ ആധുനികസമീക്ഷയുടെ പ്രായോഗികവല്‍ക്കരണമാണ്.
കലോത്സവത്തിനകത്ത് പ്രയോഗവല്‍ക്കരിക്കപ്പെടേണ്ട മറ്റൊരു സാധ്യത, കലോത്സവത്തിന്റെ വികേന്ദ്രീകരണമാണ്. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കം എന്ന ഗിന്നസ്ബുക്കിലെ പേര് നിലനിര്‍ത്താനായാണ് നാം കലോത്സവം നടത്തുന്നത് എന്ന തെറ്റിദ്ധാരണയില്‍നിന്ന് വിമോചിപ്പിക്കപ്പെടേണ്ടിയിരിക്കുന്നു. എല്ലാ മത്സരങ്ങളും പത്തും അഞ്ചും പതിനഞ്ചും മിനിറ്റായി നടത്തി മാര്‍ക്കിട്ടു സമ്മാനം കൊടുത്തു പിരിഞ്ഞുപോകുന്ന à´ˆ മഹാമാമാങ്കത്തെക്കാള്‍ എത്രയോ നിര്‍മാണാത്മകമായി കലകളെ സമീപിക്കാന്‍ വികേന്ദ്രീകൃത കലോത്സവങ്ങള്‍ക്ക് സാധിക്കും. ഓരോ കലയും അതാതു കലകള്‍ അര്‍ഹിക്കുന്ന നിലയില്‍ സൂക്ഷ്മമായും ഘട്ടംഘട്ടമായും പരിശോധിക്കാനുള്ള സാധ്യത തെളിയും. മത്സരാര്‍ഥികളുടെ നിലവാരം കലാത്മകമായി പുനര്‍നിര്‍ണയിക്കപ്പെടുന്നതോടെ അഴിമതിസാധ്യതകളും ദുര്‍ബലപ്പെടും. 


 à´•à´²à´¾à´¸à´™àµà´•à´²àµâ€à´ªàµà´ªà´™àµà´™à´³à´¿à´²àµâ€ അടിപടലേ പരിണാമങ്ങള്‍ നടന്ന കഴിഞ്ഞ അമ്പതുവര്‍ഷങ്ങളുടെ ഒരു പ്രകാശവും ഏറ്റുവാങ്ങാതെ,  സംസ്കാരത്തിന്റെ പുതിയ കലാഭാവുകത്വത്തെ ഏറ്റെടുക്കാതെ നില്‍ക്കുന്ന നമ്മുടെ കലോത്സവങ്ങള്‍ ഇന്ന് മലയാളിമേനികളുടെ എടുപ്പുകുതിരയാണ്. à´ˆ കുതിര ഓടുകയില്ല. കാഴ്ച്ചപ്പണ്ടമായി എല്ലാ വര്‍ഷവും നിലനില്‍ക്കുകയേ ഉള്ളൂ. അതിനപ്പുറത്തേക്കുള്ള കലയുടെ വിധ്വംസനാത്മകസാധ്യതകളിലേക്ക് തുറക്കാനുള്ള ആര്‍ജവം കലോത്സവത്തിന് ലഭിക്കണമെങ്കില്‍, അപരഹിംസയുടെ ഉത്സവത്തില്‍ നിന്ന് മാനവികതയുടെ ഉത്സവമായി കലോത്സവം പരിണമിക്കണമെങ്കില്‍  ഇന്നത്തെ കലോത്സവത്തിന്റെ പ്രമേയവും പ്രകാരവും അടിമുടി പൊളിച്ചെഴുതേണ്ടിയിരിക്കുന്നു. സുകന്യയുടെ അച്ഛനോട്, മകളുടെ കലാവിഷ്കാരത്തിനായി രക്തസാക്ഷിയായ പാവം മനുഷ്യനോട്, നമുക്ക് അങ്ങനെയേ നീതി ചെയ്യാനാവൂ .

(ദേശാഭിമാനി വാരികയില്‍ നിന്ന്)

Related News