Loading ...

Home Kerala

ലാവലിന്‍ കേസ് നാളെ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : എസ്‌എന്‍സി ലാവ്‌ലിന്‍ കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് വിനീത് ശരണ്‍, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരാണ് ബഞ്ചില്‍ ഉള്‍പ്പെട്ട മറ്റു ജഡ്ജിമാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐ നല്‍കിയ അപ്പീലാണ് കോടതി പരിഗണിക്കുന്നത്. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ അപ്പീല്‍ നല്‍കിയത്. ഇതോടൊപ്പം വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കസ്തൂരിരംഗ അയ്യര്‍ ഉള്‍പ്പടെയുള്ള മൂന്നു പ്രതികള്‍ നല്‍കിയ ഹര്‍ജികളും കോടതി പരിഗണിക്കും. അതേസമയം ഇപ്പോള്‍ സുപ്രീംകോടതി പൂര്‍ണമായി പ്രവര്‍ത്തനസജ്ജമല്ലെന്നും, വിര്‍ച്വല്‍ ആയാണ് കോടതി കേസ് കേള്‍ക്കുന്നതെന്നും അതിനാല്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായശേഷം മാത്രം കേസ് പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ഒരു പ്രതിയും കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ആവശ്യവും കോടതി പരിഗണിക്കും. കഴിഞ്ഞ തവണ ഹര്‍ജികള്‍ പരിഗണനയ്ക്ക് എടുത്തപ്പോള്‍ 2017 മുതല്‍ ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിച്ച ഹര്‍ജികളാണ് ഇതെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടുകയും ഹര്‍ജികള്‍ വീണ്ടും ജസ്റ്റിസ് രമണയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് തന്നെ കേള്‍ക്കുമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ ജസ്റ്റിസ് ലളിതിന്റെ ബഞ്ച് തന്നെ കേള്‍ക്കണമെന്ന് പിന്നീട് ജസ്റ്റിസ് രമണ അഭിപ്രായപ്പെട്ടു. ഇതോടെയാണ് വീണ്ടും ജസ്റ്റിസ് ലളിതിന്റെ ബഞ്ചിലേക്ക് തന്നെ കേസ് ലിസ്റ്റ് ചെയ്യപ്പെട്ടത്.

Related News